അഹമ്മദാബാദ്: ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമം 2021 ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചു. ഗുജറാത്ത് നിയമസഭയുടെ അടുത്തിടെ സമാപിച്ച ബജറ്റ് സമ്മേളനത്തിലാണ് ഈ നിയമം പാസാക്കിയത്. ഗവര്‍ണര്‍ ആചാര്യ ദേവ്രത് നിയമത്തില്‍ ഒപ്പിട്ടിരുന്നു. ലവ് ജിഹാദും മതപരിവര്‍ത്തനമെന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ള വിവാഹങ്ങളും വിവാഹങ്ങള്‍ക്കായുള്ള മതംമാറ്റവും തടയാനാണ് നിയമം കൊണ്ടുവരുന്നതെന്ന് വിജയ് രൂപാണി പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭയില്‍ മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ പാസ്സാക്കിയത്. മെയ് മാസത്തില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് ബില്‍ അംഗീകരിച്ചു. ഈ നിയമമാണ് ജൂണ്‍ 15ന് പ്രാബല്യത്തിലാകുന്നത്. ലൗ ജിഹാദ് മൂലം പെണ്‍കുട്ടികള്‍ മാത്രമല്ല, അവരുടെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന് ഭീഷണിയും ഉപദ്രവവും നേരിടേണ്ടിവരുന്നു. പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ഉപദ്രവത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന സാമൂഹിക സംഘടനകളും ക്രിമിനലുകളില്‍ ജീവന് ഭീഷണി നേരിടുന്നുണ്ട്. ഇവയെല്ലാം തടയുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
2003-ലെ നിയമമാണ് ഭേദഗതി ചെയ്തത്. മതപരിവര്‍ത്തനത്തിനായി മാത്രം വിവാഹം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് പുതിയ നിയമ ഭേദഗതിയില്‍ പറയുന്നത്. ഇതുപ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. നിര്‍ബന്ധിത പരിവര്‍ത്തനം സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കില്‍ കുറയാത്ത ഓഫീസറാകും കേസ് അന്വേഷിക്കുക. അത്തരത്തിലുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: