ദോഹ: പത്തംഗ ഇന്ത്യന്‍ ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് പൊരുതിത്തോറ്റു. പതിനേഴാം മിനിറ്റുമുതല്‍ പത്ത്പേരുമായി പോരടിച്ച ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടങ്ങിയത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ അബ്ദുള്‍ അസീസാണ് ഖത്തറിന്റെ വിജയഗോള്‍ കുറിച്ചത്. 2019 സെപ്തംബറില്‍ നടന്ന ആദ്യ പാദമത്സരത്തില്‍ ഇന്ത്യ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തിയിരുന്നു.
പതിനേഴാം മിനിറ്റില്‍ രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ട പ്രതിരോധ താരം രാഹുല്‍ ബേക്കെ പുറത്തായതോടെയാണ് ഇന്ത്യ പത്ത് പേരായി ചുരുങ്ങിയത്. ഖത്തര്‍ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചു. ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധു അടക്കമുള്ള പ്രതിരോധ നിര ശക്തമായി ചെറുത്തുനിന്നു. എന്നാല്‍ മുപ്പത്തിമൂന്നാം മിനിറ്റില്‍ ഖത്തര്‍ ഇന്ത്യന്‍ പ്രതിരോധം തകര്‍ത്ത് ഗോള്‍ നേടി.
ഇന്ത്യ രണ്ട് തവണ നല്ല നീക്കങ്ങള്‍ നടത്തി. മന്‍വീര്‍ സിങ്ങായിരുന്നു ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. പക്ഷെ ഗോള്‍ നേടാനായില്ല. കൊവിഡ് മുക്തനായി കളിക്കളത്തിലിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ രണ്ടാം പകുതിയില്‍ പിന്‍വലിച്ചു. പകരം ഉദാന്ത് സിങ്ങിനെ ഇറക്കി.
ഈ തോല്‍വിയോടെ ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ആറു മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്. അടുത്ത മത്സരത്തില്‍ ഇന്ത്യ തിങ്കളാഴ്ച ബംഗ്ലാദേശുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: