മുംബൈ: ശിവസേനയോട് കൂറുള്ള പൊലീസ് ഓഫീസര്‍ സച്ചിന് വാസെയ്ക്കെതിരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രമുഖ വാഹന ഡിസൈനര്‍ ദിലീപ് ഛബ്രിയ. തന്നെ ഭീഷണിപ്പെടുത്തി സച്ചിന് വാസെയും സംഘവും ആവശ്യപ്പെട്ടത് 25 കോടിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ ശിവസേന വീണ്ടും പ്രതിക്കൂട്ടിലായി.
മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച കാര്‍ കൊണ്ടുവന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ സച്ചിന് വാസെയായിരുന്നു. ഒരു അഴിമതിക്കേസില്‍ വര്‍ഷങ്ങളായി സസ്പെന്‍ഷനിലായിരുന്ന മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന സച്ചിന് വാസെയെ പൊലീസ് സര്‍വ്വീസില്‍ തിരികെ എടുത്തത് ശിവസേന അധികാരത്തില്‍ വന്നപ്പോഴാണ്. ശിവസേന നേതാക്കളുടെ വിശ്വസ്തനായതിനാലാണ് സച്ചിന് വാസെയെ ഉദ്ധവ് താക്കറെ കൂടെക്കൂട്ടിയത്. മുകേഷ് അംബാനിയുടെ വസതിയിലെ ബോംബ് കേസ് മാത്രമല്ല, അതിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്തിയതും സച്ചിന് വാസെയാണെന്ന് തെളിഞ്ഞിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് സച്ചിന് വാസെയെ വീണ്ടും സര്‍വ്വീസില്‍ നിന്നും ഡിസ്മിസ് ചെയ്തത്. ഇദ്ദേഹം ഇപ്പോള്‍ അംബാനി ബോംബ് കേസിന്റെ പേരിന്റെയും അതിനോടനുബന്ധിച്ചുള്ള കൊലപാതകത്തിന്റെയും പേരില്‍ ജയിലില്‍ കഴിയുകയാണ്.
ഛബ്രിയയോടെ പണം ആവശ്യപ്പെട്ട കേസില്‍ സച്ചിന് വാസെയുടെ കൂട്ടാളിയായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് റിയാസ് കാസിയും ഉള്‍പ്പെട്ടിരുന്നു. 25 കോടി നിര്‍ബന്ധമായും തരണമെന്ന് ആവശ്യപ്പെട്ട് ഛബ്രിയയെ ഇരുവരും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ‘തന്റെ കുടുംബത്തെ അറസ്റ്റില്‍ നിന്നും രക്ഷിയ്ക്കാന്‍ ഉടന്‍ 25 ലക്ഷം 10 മിനിറ്റിനുള്ളില്‍ എത്തിക്കാനായിരുന്നു ആദ്യം സച്ചിന് വാസെ ആവശ്യപ്പെട്ടത്,’ റിപ്പബ്ലിക് ടിവിയ്ക്കനുവദിച്ച അഭിമുഖത്തില്‍ ദിലീപ് ഛബ്രിയ പറഞ്ഞു. ഈ പണം ക്രൈം രഹസ്യാന്വേഷണ വിഭാഗത്തിന്റെ കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ടുപോയി റിയാസ് കാസിയ്ക്ക് കൈമാറിയെന്നും ദിലീപ് ഛബ്രിയ പറഞ്ഞു. അംബാനി ബോംബ് കേസില്‍ പങ്കാളിയായതിനെത്തുടര്‍ന്ന് റിയാസ് കാസിയയെയും പൊലീസ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു.
ബലം പ്രയോഗിച്ച് പണം പിടുങ്ങുന്ന കാര്യത്തില്‍ സച്ചിന് വാസെയ്ക്കും റിയാസ് കാസിക്കും മുന്‍ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരം ബീര്‍ സിംഗിന്റെ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നതായും ഛബ്രിയ കുറ്റപ്പെടുത്തുന്നു. തന്നെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്ത ഇക്കണോമിക് ഒഫന്‍സസ് വിംഗ് (ഇഒഡ്ബള്യു) നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് പരം ബീര്‍ സിംഗിനായിരുന്നുവെന്നും ഛബ്രിയ പറഞ്ഞു. ഒരു വ്യാജ പരാതിയുടെ പേരിലാണ് 2020 ഡിസംബറില്‍ തന്നെ അറസ്റ്റു ചെയ്തതെന്നും ദിലീപ് ഛബ്രിയ ആരോപിക്കുന്നു. തനിക്കെതിരെ പരാതി തന്ന വ്യക്തിയെ ഇഒഡബ്ല്യു ഓഫീസിലും ക്രൈം രഹസ്യാന്വേഷണ ഓഫീസിലും ദിവസം മുഴുവന്‍ കണ്ടിരുന്നുവെന്നും ഇതും പരംബീര്‍ സിംഗിന് തനിക്കെതിരായ കേസില്‍ പങ്കുണ്ടെന്നതിന് തെളിവാണെന്നും ഛബ്രിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: