തൊടുപുഴ: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) സ്ഥിരീകരിച്ചു. തുടക്കത്തില്‍ മന്ദഗതിയില്‍ പുരോഗമിക്കുന്ന കാലവര്‍ഷം പിന്നീട് പരക്കെ ശക്തമാകും. ഇന്നലെ കൊച്ചി വഴി കടന്നെത്തിയ കാലവര്‍ഷം പിന്നീട് തെക്കോട്ട് സഞ്ചരിച്ച് തിരുവനന്തപുരം വഴി തമിഴ്നാട് കടന്ന് ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറന്‍ മേഖയിലുമെത്തി.
തെക്കന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങള്‍, ലക്ഷദ്വീപ്, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട്, മഴ എത്താന്‍ അവശേഷിച്ചിരുന്ന കന്യാകുമാരി കടല്‍-മാലിദ്വീപ് മേഖല, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും മഴ എത്തി. സംസ്ഥാനത്തെ 14 മഴമാപിനികളിലും കഴിഞ്ഞ രണ്ട് ദിവസമായി 2.5 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചു. മഴ മേഘങ്ങള്‍ കൂടുതലായി എത്തിയതും പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതുമാണ് മഴ എത്തിയതായി സ്ഥിരീകരിക്കാന്‍ കാരണം. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് അവശേഷിക്കുന്ന ഭാഗത്തും തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലും മഴ എത്തും.
നേരത്തെ മെയ് 31ന് കാലവര്‍ഷം എത്തുമെന്ന് ഐഎംഡി അറിയിച്ചിരുന്നെങ്കിലും ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ സ്വാധീനത്തെ തുടര്‍ന്ന് പിന്നീടുള്ള ദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റ് മന്ദഗതിയില്‍ ആയിരുന്നു. ഇതോടെ മഴ മേഘങ്ങളെത്തിയെങ്കിലും കാറ്റ് ശക്തമല്ലാത്തിനാല് മഴ മാറി പോവുകയായിരുന്നു. അതേസമയം, തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരത്തടക്കം ഇന്നലെ മഴ ലഭിച്ചു. വൈകിട്ടോടെ മദ്ധ്യ കേരളത്തിലും ചെറിയ തോതില്‍ മഴയെത്തി. കോട്ടയത്ത് രാത്രി ഏഴു മണിയോടെ അതിശക്തമായ ഇടിമിന്നലാണ് അനുഭവപ്പെട്ടത്.
വരും ദിവസങ്ങളിലും കാലവര്‍ഷം മന്ദഗതിയിലാകും പുരോഗമിക്കുകയെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. അടുത്ത രണ്ടാഴ്ച്ച ശരാശരിയില്‍ താഴെ മഴ ലഭിക്കാനാണ് സാധ്യത. ഇത്തവണ വേനല്‍മഴയില്‍ 108 ശതമാനം കൂടതല്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം എത്തിയിരുന്നതായും ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: