സന്തോഷ് താന്നിക്കാട്
(ഉത്തരവാദിത്ത വിനോദസഞ്ചാരം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു)
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഏതെങ്കിലും ഒരു വിഷയത്തെ അടിസ്ഥാനമാക്കി ലോകം മുഴുവൻ പ്രവർത്തനങ്ങൾ നടത്തുകയാണല്ലോ പതിവ്. എന്നാൽ, ഇത്തവണ ഒരു പുതിയ സന്ദേശമാണ് ഐക്യരാഷ്‌ട്ര സംഘടന മുന്നോട്ട് വയ്‌ക്കുന്നത്. അടുത്ത പത്തുവർഷം കൊണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമായ ആവാസ വ്യവസ്ഥയെ നാശത്തിൽ നിന്നും സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക (Ecosystem Restoration) എന്നതാണ് ലക്ഷ്യമായി നൽകിയിരിക്കുന്നത്. എന്തിനാണ് പത്തുവർഷം? ഒരു ജൈവവൈവിദ്ധ്യ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാൻ ചുരുങ്ങിയത് അത്രയും സമയമെടുക്കും എന്നത് തന്നെ കാരണം.
വികസന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ വിദഗ്‌ദ്ധരെല്ലാവരും (Developmental Economists) കഴിഞ്ഞ 50 വർഷത്തോളമായി കേരളത്തെ ഒരു മാതൃക (Kerala Model) ആയി ഉദ്ധരിക്കുക പതിവുണ്ട്. നമ്മുടെ ജീവിത നിലവാരം, സാക്ഷരതാ നിരക്ക്, മാതൃശിശു മരണ നിരക്ക്, ജീവിത ദൈർഘ്യം, ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യൽ ഇതെല്ലാം ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പമാണ്. എന്നാൽ, അടുത്തകാലത്തായി മറ്റുചില അനാരോഗ്യ കരമായ സൂചകങ്ങളും ഉയർന്നു വരുന്നുണ്ട്. ആത്മഹത്യാ നിരക്ക്, വിവാഹമോചനം, അമിതമായ മദ്യപാനം, ഹൃദ്രോഗികളുടേയും വൃക്കരോഗികളുടേയും കരൾ രോഗികളുടേയും പ്രമേഹ രോഗികളുടേയും എണ്ണം, എന്നിവയെല്ലാം ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. ആവശ്യത്തിന് വെയിൽ കൊള്ളാതെ, സമീകൃത ആഹാരം കഴിക്കാതെ, വ്യായാമം ചെയ്യാതെ, മാനസികോല്ലാസം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാതെ എങ്ങിനെയെല്ലാമോ ജീവിച്ചു(മരിച്ചു) പോകുന്ന ഒരു സമൂഹമായി നമ്മുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോഗ (സംസ്കാരമുള്ള) സംസ്ഥാനമായി മാറി നമ്മുടെ കൊച്ചു കേരളം.
പ്രവാസികളും കേരളത്തിന് പുറത്ത് പല പ്രദേശങ്ങളിലും ജോലി ചെയ്യുന്ന മലയാളികളും നാട്ടിലേക്ക് അയക്കുന്ന പണമാണ് നമ്മുടെ വികസനത്തിന്റെ പ്രധാന അടിസ്ഥാനം. കൂടാതെ, ഇവിടെ നിലനിൽക്കുന്ന കൂടിയ തൊഴിൽ വേതന നിരക്കും അതിന് കാരണമാണ്. മാറിമാറി വരുന്ന സർക്കാരുകൾ കാലങ്ങളായി നടപ്പിൽ വരുത്തിയ ജനക്ഷേമകരങ്ങളായ നയങ്ങളും അതിന് സഹായകരമാണ്. പഞ്ചായത്ത് തലത്തിലുള്ള വികസന മാർഗ്ഗ രേഖകൾ ഉണ്ടാക്കൽ, വളരെ പുരോഗമനപരമായ വിദ്യാഭ്യാസ രീതി, സ്ത്രീശാക്തീകരണത്തിന് സഹായിക്കുന്ന കുടുംബശ്രീ പദ്ധതി, ശക്തമായ വിവരാവകാശ (RTI) നിയമം, എന്നിങ്ങനെ കേരളത്തെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളും ഉണ്ട്.
എന്നാൽ, “ദൈവത്തിന്റെ സ്വന്തം നാട്” എന്നപേരിൽ ലോകത്തിന്റെ സഞ്ചാര ഭൂപടത്തിൽ സ്ഥാനം നേടിയ നമ്മൾ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയോട് അന്യായമായാണ് പെരുമാറുന്നത്. 44 നദികളിൽ മലിനീകരണപ്പെടാത്തതായി ഒന്നുപോലും ഇല്ല. വന്യജീവികളും മലയോര കുടിയേറ്റ കർഷകരുമായുള്ള സംഘട്ടനങ്ങൾ തുടർകഥകൾ ആവുന്നു. നമ്മുടെ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ചവറുകൂനകൾ കൊണ്ട് നിറയുകയാണ്. കേരം തിങ്ങിയ കേരളനാട് ഇന്ന് റബ്ബർ എന്ന ഏകവിളയുടെ തോട്ടമായി. ലോകം മുഴുവൻ കയറ്റി അയക്കപ്പെട്ട, കറുത്ത സ്വർണ്ണം എന്നറിയപ്പെട്ട കുരുമുളക് കൃഷിയിൽ ഇന്ന് നമുക്ക് താൽപര്യമില്ലാതായി. മറ്റൊരു നാണ്യവിളയായ ഏലവും കശുവണ്ടിയും എൻഡോസൾഫാൻ പോലുള്ള മാരക രാസകീടനാശിനികൾ തളിച്ച് അപകടകരമാക്കി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട 7 തരത്തിലുള്ള ഭൂപ്രദേശവും ആവാസവ്യവസ്ഥകളും നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. പട്ടണങ്ങളും നഗരങ്ങളും, കൃഷി സ്ഥലങ്ങൾ, പർവതനിര കൾ, വനങ്ങൾ, നദികളും തടാകങ്ങളും, സമുദ്രങ്ങളും തീരങ്ങളും, തണ്ണീർ ത്തടങ്ങൾ എന്നിങ്ങനെയുള്ള ഏഴ് ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കണം എന്നതാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ ആഹ്വാനം.
പരിസ്ഥിതി പുനഃസ്ഥാപനം എന്തുകൊണ്ട് വളരെ പ്രധാനമാണ് ?
ഭൂമിയിലെ ജീവജാലങ്ങളുടെ ജൈവവൈവിദ്ധ്യപരമായ പരസ്പരബന്ധം ആണ് പരിസ്ഥിതി ആവാസ വ്യവസ്ഥകൾ. ഒരു പരിസ്ഥിതി ആവാസ വ്യവസ്ഥ എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് എല്ലാ ജീവജാലങ്ങളും അവയ്‌ക്കിടയിലുള്ള ഇടപെടലുകളും അവയുടെ നിലനില്പിനാവശ്യമായ ചുറ്റുപാടുകളും ഉൾപ്പെടുന്നു. മണ്ണിൽ ഒരു ധാന്യം മുളയ്കുന്നത് മുതൽ ഭൂമി മുഴുവനുള്ള എല്ലാ മേഖലയിലും അവ നിലനിൽക്കുന്നു.
ഇത്തരം പരിസ്ഥിതി വ്യവസ്ഥകൾ നമുക്ക് ജീവന്റെ നിലനിൽപ്പിനായുള്ള അമൂല്യമായ ആധാരമാണ്. അവയിൽ സ്ഥിരതയുള്ള കാലാവസ്ഥയും ശ്വസിക്കാൻ കഴിയുന്ന ശുദ്ധ വായുവും ഉൾപ്പെടുന്നു; കുടിവെള്ളം, ഭക്ഷണം, മറ്റു വസ്തുക്കൾ എന്നിങ്ങനെ പലതും ഉണ്ട്. പ്രകൃതി ദുരന്തത്തിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷണത്തിനും നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതി വ്യവസ്ഥകൾ പ്രധാനമാണ്. അവ ലക്ഷക്കണക്കിന് വന്യജീവികളുടെ ആവാസ കേന്ദ്രമാണ്. ചിന്തിക്കുന്ന പലർക്കും, അവർ അത്ഭുതത്തിന്റെയും ആത്മീയതയുടെയും ഉറവിടമാണ്.
ലോകമെമ്പാടും, ഈ ആവാസവ്യവസ്ഥകൾ വലിയ ഭീഷണികളെ നേരിടുന്നു. വനങ്ങൾ വെട്ടിമാറ്റുന്നു; നദികളും തടാകങ്ങളും തീരങ്ങളും സമുദ്രങ്ങളും മലിനമാക്കുന്നു; തണ്ണീർത്തടങ്ങളും ചതുപ്പുകളും വറ്റിക്കുന്നു; അമിതമായി മത്സ്യങ്ങളെ പിടിക്കുന്നു; പർവ്വതങ്ങളിലെ പാറകൾ പൊട്ടിക്കുന്നു, വള/കീടനാശിനി അമിതോപയോഗം കൊണ്ട് മണ്ണ് നശിപ്പിക്കുന്നു; കൃഷിസ്ഥല ങ്ങളും പുൽമേടുകളും അമിതമായി ചൂഷണം ചെയ്യപ്പെടുന്നു, എന്നിങ്ങനെ.
നമ്മുടെ ജീവിത രീതികൾ മാറ്റുകയും നമ്മുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തില്ലെങ്കിൽ, നമ്മൾ ഇഷ്ടപ്പെടുന്ന പ്രകൃതിദൃശ്യങ്ങൾ നശിപ്പിക്കുക മാത്രമല്ല, നമ്മുടെ സ്വന്തം ജീവിതത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുകയും, സ്വന്തം മക്കൾക്കും ഭാവി തലമുറകൾക്കും, നശിച്ച, ജീവിക്കാൻ കൊള്ളാത്ത ഒരു ഭൂമിക്ക് അവകാശം നൽകുകയും ചെയ്യും. അവരുടെ പഴിയും ശാപവും നമുക്ക് കിട്ടുകയും ചെയ്യും.
ലോകത്തിന്റെ മുന്നിൽ മാതൃകാപരമായി കേരളത്തിൽ നടപ്പിലാക്കാവുന്ന ചില കാര്യങ്ങൾ നിർദ്ദേശിക്കാം. ചിലതെല്ലാം വിചിത്രവും പ്രാവർത്തികമാക്കാൻ വിഷമവുമായിരിക്കാം. എന്നാൽ, ഇപ്പോഴത്തെ പരിതഃസ്ഥിതിയുടെ ഗൗരവം മനസ്സിലായാൽ ഇതെല്ലാം അവശ്യം വേണ്ടതാ ണെന്ന് തീരുമാനിക്കാം.
ഓരോ പദ്ധതിയിലും സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ജാതിമത സമുദായ സംഘടനകൾ, രാഷ്‌ട്രീയ പാർട്ടികൾ, കമ്പനികൾ എന്നിങ്ങനെയുള്ള എല്ലാവരേയും ഉൾപ്പെടുത്താനും അവർക്കെല്ലാം വേണ്ട രീതിയിൽ പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവും നൽകണം. പദ്ധതി രൂപീകരണത്തിലും ഇങ്ങിനെയുള്ള വിവിധ വിഭാഗ ങ്ങളെ പങ്കെടുപ്പിക്കണം.
ഇപ്പോൾ നമ്മൾ കടന്ന് പോകുന്നത് “കാലാവസ്ഥാ അടിയന്തിരാവസ്ഥ”യിലൂടെ (Climate Emergency) ആണെന്നും അത് നിയന്ത്രിക്കാനും ഭൂമിയുടെ ചൂട് കൂടുന്നത് 1.5 ഡിഗ്രിയിൽ കൂടാതെ നോക്കുകയും ചെയ്യണമെങ്കിൽ അടുത്ത 10 വർഷം കൊണ്ട് നമ്മൾ വളരെ കഠിനമായ തീരുമാനങ്ങൾ ചുരുങ്ങിയ സമയത്ത് (drastic and immediate action) എടുക്കേണ്ടി വരും എന്നത് സമൂഹത്തിലെ എല്ലാവരും മനസ്സിലാക്കണം.
ഇതിന് വേണ്ടി 2030 ആകുമ്പോഴേക്കും ഹരിതഗൃഹ വാതക ഉദ്‌വമനം (green house gas emission) നാം പകുതിയാക്കി കുറയ്‌ക്കണം.
നമുക്ക് മാതൃകാപരമായി പുനഃസ്ഥാപന ക്യാമ്പുകൾ സംഘടിപ്പിക്കാൻ സാധിക്കണം. (https://ecosystemrestorationcamps.org/) ഒരു പ്രദേശം തിരഞ്ഞെടുത്തത് അവിടെ അവശ്യം വേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കുകയും അതിനുള്ള പരിഹാരങ്ങൾ നടപ്പിലാക്കു കയും ചെയ്യുക എന്നതാണ് ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യം.
കേരളത്തിലെ വനപ്രദേശങ്ങളുടെ പരസ്പര ബന്ധിതമായ ഒരു ശൃംഖല ആവശ്യമാണ്. വന്യമൃഗങ്ങൾക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മനിഷ്യവാസമുള്ള പ്രദേശങ്ങൾ കടക്കാതെ പോകാൻ ഇത് സഹായിക്കും. അങ്ങിനെ മനുഷ്യരുമായുള്ള അവരുടെ സംഘട്ടനങ്ങളും കുറയും. തെക്ക് വടക്ക് നീളത്തിൽ പശ്ചിമഘട്ട മലനിരകളിൽ മാത്രമല്ല, പുഴകളെ അടിസ്ഥാനമാക്കിയും കിഴക്ക് പടിഞ്ഞാറും ഇത്തരം ഒന്ന് വേണ്ടതാണ്.
കേരളത്തിലെ സർക്കാരിന്റെ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള യൂക്കാലി, തേക്ക് മുതലായ തോട്ടങ്ങൾ തിരികെ വനപ്രദേശങ്ങൾ ആക്കി മാറ്റുക.
പാട്ടക്കാലാവധി കഴിഞ്ഞ സകല തോട്ടങ്ങളും (തേയില, ഏലം, കാപ്പി, റബ്ബർ..) തിരികെ സർക്കാർ ഏറ്റെടുത്ത് അവയെല്ലാം സ്വാഭാവിക വനങ്ങൾ ആക്കുക. അത്തരം വനഭൂമികളുടെ സംരക്ഷണവും അതിൽ നിന്ന് വനവിഭവങ്ങളുടെ ഉത്പാദനവും പാരമ്പര്യ വനവാസി വിഭാഗങ്ങൾ ഉൾപ്പെടുന്ന വനസംരക്ഷണ സമിതികൾക്ക് നൽകുക.
മൂന്നാർ എന്നത് തേയില തോട്ടങ്ങൾ ഉള്ള ഒരു മലനിര എന്ന രീതിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് പകരം മറ്റുമാർഗ്ഗങ്ങൾ (trekking/adventure/eco tourismഎന്നിങ്ങനെ) സ്വീകരിക്കുക.
ഇപ്പോഴുള്ള കാലഹരണപ്പെട്ട ഡാമുകൾ (മുല്ലപ്പെരിയാർ) ഉപേക്ഷിക്കുകയോ (decommissioning) അല്ലെങ്കിൽ പരിസ്ഥിതി ആഘാതം ഉണ്ടാകാതെ പുനഃസ്ഥാപിക്കു കയോ വേണം.
പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും മലിനജലം നദികളിലേക്ക് ഒഴുക്കുന്നത് പൂർണ്ണമായും തടയണം. ഇതിന്, പ്ലാസ്റ്റിക് പോലുള്ള ഖരമാലിന്യങ്ങൾ ഒരിക്കലും ഒരിടത്തും വലിച്ചെറിയുന്നില്ല എന്നുറപ്പ് വരുത്തണം.
പ്രാദേശിക ഫലവൃക്ഷങ്ങൾ ഉപയോഗിച്ച് മിയാവാക്കി വനങ്ങൾ നട്ടുപിടിപ്പിക്കുക. എല്ലാ സ്കൂളുകളിലും കോളേജുകളിലും സർക്കാർ ഓഫീസുള്ള പുരയിടങ്ങളിലും ഇത് വേണമെന്ന് നിർബന്ധമാക്കുക.
തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, കൃത്രിമ പവിഴപ്പുറ്റുകൾ എന്നിവ കൊണ്ട് തീരദേശ ശോഷണം തടുക്കാനുള്ള പദ്ധതികളാണാവശ്യം. കടൽഭിത്തിയോ, കോൺക്രീറ്റ് ട്രിപ്‌ളോയ്‌ഡുകളോ ശാശ്വത പരിഹാര മാർഗ്ഗങ്ങൾ അല്ല.
മനുഷ്യ നിർമ്മിത രാസവസ്തുക്കൾ, കീടനാശിനികൾ, നൈട്രജൻ അടങ്ങിയ വളം എന്നിവ പുഴകളിലേക്ക് ഒഴുകുന്നത് പൂർണ്ണമായും തടയുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക.
നഗരപ്രദേശങ്ങളിലെ പരിസ്ഥിതി ആഘാതം കുറയ്‌ക്കാനായി ഹരിത നിർമ്മാണ (Green Building Codes) മാർഗ്ഗങ്ങൾ നിബന്ധമാക്കുക.
എല്ലാ നഗരപ്രദേശങ്ങളിലും സുരക്ഷിതമായ സൈക്കിൾ പാതകൾ ഒരുക്കുക. നിലവിലുള്ള ചെറിയ റോഡുകളുടെ ഒരു ശൃംഖല സൈക്കിൾ യാത്രയ്‌ക്കായി മാറ്റിവച്ചാൽ വലിയ പണച്ചിലവില്ലാതെ ഇത് എളുപ്പത്തിൽ സാധ്യമാക്കാം.
മാലിന്യങ്ങൾ ഉറവിടത്തിൽ വേർതിരിക്കുകയും വേണ്ടവിധം സംസ്കരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
ഇപ്പോഴുള്ള കെട്ടിടങ്ങളുടെ ഊർജ്ജ ഉപഭോഗം കുറയ്‌ക്കാനുള്ള മാർഗ്ഗങ്ങൾ നടപ്പിലാക്കുക. സർക്കാർ കെട്ടിടങ്ങൾ ആദ്യം മാതൃക ആവുക. സോളാർ പോലുള്ള ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുക.
കേരളത്തിലെ ദീർഘദൂര പൊതുഗതാഗതം ട്രെയിൻ (റെയിൽവേ) അടിസ്ഥാനമാക്കി ആവണം. പൂർത്തിയാക്കാനുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ (doubling) എത്രയും പെട്ടെന്ന് പൂർത്തിയാക്കുക. മൂന്നാമത് ഒരു ലൈൻ കൂടി കൊണ്ടുവന്നാൽ സിൽവർ ലൈൻ പദ്ധതി ഒഴിവാക്കാം.
ബസുകളും മറ്റു പൊതുഗതാഗത സൗകര്യങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള ആസൂത്രണ ങ്ങൾ ആണ് ആവശ്യം.
നാഗരാസൂത്രണത്തിലെ അഴിമതികളും അപാകതകളും ഒഴിവാക്കി, ഓരോ നഗരവും സിങ്കപ്പൂർ, വെനീസ്, കോപ്പൻഹേഗൻ തുടങ്ങിയവയുടെ മാതൃകയിൽ (അത്തരം ലക്ഷ്യങ്ങളോടെ) പുനരുദ്ധരിക്കുക.
അമിതമായ മത്സ്യ ബന്ധനവും, ചില വകഭേദം വരുത്തിയ / പുറമെ നിന്ന് കൊണ്ടുവന്ന മത്സ്യ ഇനങ്ങൾ കൊണ്ടുള്ള മത്സ്യ കൃഷി രീതികളും ആവാസവ്യവസ്ഥയ്‌ക്ക് ഉണ്ടാക്കുന്ന ആഘാതം മനസ്സിലാക്കി അത് ഒഴിവാക്കണം.
ഉൽപ്പന്നങ്ങളിൽ മറഞ്ഞിരിക്കുന്ന മൈക്രോബ് പരസ്യങ്ങളും മൈക്രോപ്ലാസ്റ്റിക്സും ശ്രദ്ധിക്കുക! നാട്ടിൽ കിട്ടുന്ന എല്ലാ ഉപ്പ് പാക്കറ്റിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി യതായി പഠനറിപ്പോർട്ട് വന്നിരുന്നു. അത്തരം വസ്തുക്കളുടെ ഉപഭോഗം നിർത്താതെ അതിനൊരു പരിഹാരമില്ല. പല്ലുതേക്കുന്ന പേസ്റ്റ്, ചില സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയിലൊക്കെ ആണത്രേ ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകൾ ഉള്ളത്.
പുഴയിലെ മണൽ വാരൽ ആണ് കടൽത്തീരത്തുള്ള മണൽ കുറയാൻ കാരണമായത് എന്ന് മനസ്സിലാക്കി, ഇനി അതിനുള്ള അനുമതി പൂർണ്ണമായും ഇല്ലാതാക്കുക.
കേരളത്തിനാവശ്യമായ അരിയുടെ 80% നമ്മൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. തരിശിട്ടിരിക്കുന്ന എല്ലാ പാടങ്ങളും സംയോജിത നെൽകൃഷി സമ്പ്രദായത്തിൽ (മീനും, താറാവും) ഉപയോഗിച്ചാൽ അത് നമ്മുടെ ഭക്ഷ്യ സുരക്ഷയ്‌ക്കും പരിസ്ഥിതി സംരക്ഷണത്തിനും കാരണമാകും.
ഏകവിള പൂർണ്ണമായും നിരുത്സാഹപ്പെടുത്തണം. ഭക്ഷ്യ സുരക്ഷ എന്നത് ഏറ്റവും പ്രാധാന്യത്തോടെ നോക്കികാണേണ്ടതാണ്. നമുക്കാവശ്യം റബ്ബറും തേയിലയും അല്ല. ഭക്ഷണത്തിന് ഉതകുന്ന പ്ലാവും, മാവും, നെല്ലും, മറ്റുമാണ്.
തേനീച്ചകളെ ഉപയോഗിച്ച് കാട്ടാനകളെ കൃഷി ഭൂമിയിൽ നിന്ന് അകറ്റി നിർത്തുന്ന ആഫ്രിക്കൻ സമ്പ്രദായം പരീക്ഷിച്ച് വിജയിച്ചാൽ വനാതിർത്തികളിൽ അത് നടപ്പി ലാക്കണം.
കാർഷിക വിഭവങ്ങൾ സൂപ്പർ മാർക്കറ്റുകൾ വഴി അനാവശ്യമായി എറിഞ്ഞുകളയപ്പെടുന്ന രീതി പൂർണ്ണമായും അവസാനിപ്പിക്കണം.
കുടുംബത്തിൽ വരുമാനമുണ്ടെങ്കിലും മാട്ടിറച്ചി, കോഴി, മുട്ട, മീൻ എന്നിവയുടെ ദൈനംദിന ഉപയോഗം നന്നല്ല എന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്. കൂടാതെ ഫാക്ടറി ഫാമിങ് (factory farming) വഴി ആന്റി ബയോട്ടിക്കുകളും, സ്റ്റിറോയ്ഡുകളും, കൃത്രിമ ഭക്ഷണവും നൽകി വളരെ മാരകമായ സാഹചര്യങ്ങളിൽ വളർത്തുന്ന ഇത്തരം ഭക്ഷണം ശീലമാക്കിയാൽ മറ്റു പലരോഗങ്ങളും ഉണ്ടാകും എന്ന് മനസ്സിലാക്കി, അവയുടെ ഉപയോഗം കഴിയുന്നത്ര കുറയ്‌ക്കുക. സസ്യാഹാരിയുടെ (വെജിറ്റേറിയൻ) ഭക്ഷണരീതികൾ ഭൂമിയ്കും നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ് എന്നാണ് വിദഗ്‌ദ്ധർ അഭിപ്രായ പ്പെടുന്നത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രകൃതി ക്ഷോഭങ്ങൾ ധാരാളം വർദ്ധിക്കും. കടൽത്തീര ത്തുള്ളവർ, പുഴയരികിൽ താമസിക്കുന്നവർ, മലഞ്ചെരുവുകളിൽ താമസിക്കുന്നവർ മറ്റു അപകട സാധ്യതയിൽ താമസിക്കുന്നവർ എന്നിങ്ങനെ ധാരാളം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടി വരും. അതിന്, ഭൂമി കണ്ടെത്തുകയും അതിനുള്ള ആസൂത്രണങ്ങൾ തുടങ്ങുകയും വേണം.
മരടിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവുണ്ടായി. എന്നാൽ, ആയിരക്കണക്കിന് നിർമ്മിതികൾ ഇന്നും കേരളത്തിൽ നിയമവിരുദ്ധമായി ഉണ്ട്. എല്ലാം പൊളിക്കുന്നത് പരിസ്ഥിതിക്ക് അനുകൂലമല്ല. ഇനിയെങ്കിലും ഇത്തരം നിയമവിരുദ്ധ നിർമ്മിതകൾ ഉണ്ടാക്കാതെ നോക്കണം.
വിനോദസഞ്ചാര മേഖലയിൽ നമ്മൾ വളരെ പ്രത്യേകതകൾ കൊണ്ടുവന്നിട്ടുണ്ട്. പുരവഞ്ചി (houseboat) അതിലൊന്നാണ്. എന്നാൽ, ഇൻബോർഡ് എൻജിൻ, മാലിന്യം പുറംതള്ളൽ ശബ്ദമലിനീകരണം എന്നിങ്ങനെ അവ കുട്ടനാട്ടിലും മറ്റുള്ള കായലുകളിലും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണം.
താഴെപ്പറയുന്ന ഏതെങ്കിലും മാർഗ്ഗത്തിൽ നിങ്ങളുടെ വ്യക്തി ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയും:
എന്തെങ്കിലും തരത്തിലുള്ള പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
പരിസ്ഥിതി സംഘടനകൾക്കോ സംരക്ഷണ സംരംഭങ്ങൾക്കോ സംഭാവനയോ പിന്തുണ യോ വാഗ്ദാനം ചെയ്യുക
പ്രകൃതി സൗഹാർദ്ദപരം/സുസ്ഥിരമെന്ന് സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങളും സേവന ങ്ങളും മാത്രം വാങ്ങുക.
ഭക്ഷണശീലം മാറ്റി കാലാനുസൃതമായ പഴം/പച്ചക്കറി ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി (seasonal fruits and vegetables) ഒരു പുതിയ ഭക്ഷണക്രമം സ്വീകരിക്കുക. അത് സുസ്ഥിരവും സസ്യസമൃദ്ധവുമായ ഭക്ഷണരീതി ആണെന്ന് ഉറപ്പുവരുത്തുക.
ജൈവ വൈവിദ്ധ്യം പുനസ്ഥാപിക്കുന്നതിനായി നിങ്ങൾ പ്രചാരണം നടത്തുക.
നിങ്ങൾ എന്തെങ്കിലും ആരംഭിക്കുന്നതിന് മുമ്പ്: ആവശ്യമായ പരിസ്ഥിതി വിവരം നേടുക!
നിങ്ങൾക്ക് പ്രാധാന്യമെന്ന് തോന്നുന്ന ആവാസവ്യവസ്ഥകളെക്കുറിച്ചും അവയുടെ തകർച്ചയ്‌ക്ക് ശരിക്കും കാരണമാകുന്നതെന്താണെന്നും അവയെ വീണ്ടെടുക്കാൻ എങ്ങനെ സഹായിക്കാ മെന്നും നന്നായി (യാഥാർത്ഥ്യബോധത്തോടെ) മനസിലാക്കുക. പ്രത്യേകിച്ച്:
1. നിങ്ങളുടെ പ്രാദേശിക ആവാസ വ്യവസ്ഥ (Ecosystem) എന്താണെന്ന് അറിയുക
നിങ്ങൾ താമസിക്കുന്നത് ഏതുതരം ആവാസവ്യവസ്ഥയിലാണ്? നിങ്ങളുടെ ചുറ്റുമുള്ള പ്രകൃതിയിലെ ഏതാണ് ആളുകൾ ഏറ്റവും മൂല്യവത്തായി കണക്കാക്കുന്നത്? അവ ഇന്ന് ഏത് അവസ്ഥയിലാണ്, അത് എങ്ങനെ ഇന്നത്തെ നിലയിലേക്ക് മാറി?
2. എങ്ങിനെയാണ് പരിസ്ഥിതി നാശം ഉണ്ടാവുന്നതെന്ന് അറിയുക. ആരാണ് കാരണ ക്കാരെന്നും.
കൃഷിക്കോ വ്യവസായത്തിനോ വേണ്ടി ഭൂമി പരിവർത്തനം നടത്തി അല്ലെങ്കിൽ മലിനീകരണം പോലുള്ള നേരിട്ടുള്ള കാരണങ്ങളുണ്ടാകാം, പരിസ്ഥിതി നാശത്തിന്. എന്നാൽ അടിസ്ഥാന കാരണങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഈ പരോക്ഷ കാരണങ്ങൾ കമ്പോളശക്തികൾ ആവാം, വന്യജീവി / വന ഉൽപന്നങ്ങളുടെ ആവശ്യം, ദാരിദ്ര്യം തുടങ്ങിയവ ആവാം. മറ്റുള്ള സാമൂഹിക ഘടകങ്ങൾ കാരണം. ഉദാഹരണം സർക്കാരിന്റെ ഭരണപരമായതോ നയപര മായതോ പ്രശ്നങ്ങൾ, ആ പ്രകൃതി വിഭവങ്ങൾ ആർക്കൊക്കെ ഉപയോഗിക്കാമെന്നതിനുള്ള കരാറിന്റെ അഭാവം, മോശമായി നടപ്പിലാക്കിയ നിയമങ്ങൾ എന്നിവയും. അവരെ പരിഹരിക്കുന്നതിന് ചെയ്യുന്നതിന് സർക്കാർ നയത്തിലോ ബിസിനസ്സ് രീതികളിലോ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം.
3. ഉത്തരം അറിയുക
നശിപ്പിക്കപ്പെട്ട / നാശോന്മുഖമായ ഒരു ആവാസവ്യവസ്ഥയെ നിങ്ങൾ തിരിച്ചറിഞ്ഞാൽ, അത് എങ്ങിനെയാണ് അപകടത്തിലായാതെന്ന് മനസിലാക്കിയാൽ, നിങ്ങൾക്ക് എങ്ങനെ അതിനെ സംരക്ഷിക്കാമെന്ന് ചിന്തിക്കുക. എന്താണ് മാറ്റേണ്ടത്? നിങ്ങൾക്ക് അത് എങ്ങനെ മാറ്റാം ? നിങ്ങൾക്ക് എന്ത് ശക്തിയാണ് ഉള്ളത് (പണം, ജനപിന്തുണ, സർക്കാർ നിലപാട്) ? ആർക്കാണ് നിങ്ങളെ സഹായിക്കാൻ കഴിയുക? നിങ്ങളുടെ ലക്ഷ്യം യാഥാർത്ഥ്യ ബോധവുമുള്ള താവണം, അതോടൊപ്പം ഒരു ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാൻ വളരെയധികം സമയ മെടുക്കുമെന്നും ഓർമ്മിക്കുക. ചെറിയ പ്രവർത്തനങ്ങൾ പോലും പ്രാധാന്യം അർഹിക്കുന്നു. ഒപ്പം ഓരോരുത്തരുടേയും പ്രവർത്തികളും സമയവും സംഭാവനകളും പ്രധാനമാണ്!
യുഎൻ ദശകത്തെക്കുറിച്ച് കൂടുതൽ കണ്ടെത്തുവാൻ www.decadeonrestoration.org അല്ലെങ്കിൽ www.worldenvironmentday.global എന്ന സൈറ്റ് ഉപയോഗിക്കുക ..
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: