ന്യൂദല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കെ പ്രതീക്ഷയേകി തദ്ദേശീയമായി മൂന്നാം വാക്സിനും ഒരുങ്ങുന്നു. ഹൈദരാബാദിലെ ബയോളജിക്കല്‍-ഇ ലിമിറ്റഡ് എന്ന സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച വാക്സിന് രണ്ടു ഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള വാക്സിന് ആഗസ്തില്‍ ലഭ്യമാകുമെന്നാണ് സൂചന. ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയായി 30 കോടി ഡോസ് വാക്സിനുവേണ്ടി കേന്ദ്ര സര്‍ക്കാരും ബയോളജിക്കല്‍-ഇ ലിമിറ്റഡുമായി ധാരണയായി. ഇതിനു വേണ്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം 1500 കോടി രൂപ കമ്പനിക്കു മുന്‍കൂറായി നല്കി.
ഒന്നും രണ്ടും ഘട്ട ചികിത്സാ പരീക്ഷണങ്ങളില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് വിദഗ്ധര്‍ പറഞ്ഞു. ആര്‍ബിഡി പ്രോട്ടീന്‍ ഉപഘടകമായുള്ള വാക്സിനാണിത്. കൊവിഡ് വാക്സിന് സംബന്ധിച്ച ദേശീയ വിദഗ്ധ സമിതിയുടെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
തദ്ദേശീയ വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ നല്കി, അവരെ പ്രോത്സാഹിപ്പിക്കാനുള്ള ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമാണ് ബയോളജിക്കല്‍-ഇയുമായുള്ള ധാരണ.
ബയോളജിക്കല്‍-ഇക്ക് തുടക്കം മുതല്‍ കേന്ദ്രം പിന്തുണ നല്‍കിവരികയാണ്. കേന്ദ്ര ബയോടെക്നോളജി വകുപ്പ് 100 കോടിയിലേറെ രൂപ തിരിച്ചടയ്ക്കേണ്ടാത്ത വായ്പയായി നല്കി. വകുപ്പിനു കീഴില്‍ ഫരീദാബാദിലുള്ള ഗവേഷണ സ്ഥാപനമായ ട്രാന്സ്ലേഷനല് ഹെല്‍ത്ത് സയന്‍സ് ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ട് (ടിഎച്ച്എസ്ടിഐ) ആണ് മൃഗങ്ങളില്‍ നടത്തേണ്ട പരിശോധനാ പഠനങ്ങളില്‍ സഹായിച്ചത്.
ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിന്, ഓക്സഫഡ് സര്‍വ്വകലാശാല വികസിച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന രണ്ടു വാക്സിനുകള്‍. ഇവയ്ക്കു പുറമേ റഷ്യയുടെ സ്പുട്നിക്കും ഇന്ത്യയില്‍ ലഭ്യമാണ്.
എന്താണ് ആര്‍ബിഡി പ്രോട്ടീന്‍
കൊറോണ വൈറസിലെ കുന്തമുന (സ്പൈക്ക്)യില്‍ ഗ്ളൈക്കോപ്രോട്ടീനാണ് ഉള്ളത്. ഈ ഭാഗമാണ് ശരീരത്തില്‍ പറ്റിപ്പിടിക്കാനും വായ്, മൂക്ക് എന്നിവ വഴി ഉള്ളില്‍ കടക്കാനും സഹായിക്കുന്നത്. ഈ ഭാഗത്തുള്ള പ്രോട്ടീന്‍, റിസപ്റ്റര്‍ ബൈന്‍ഡിങ്ങ് ഡൊമെയ്ന്‍ അഥവാ ആര്‍ബിഡി പ്രോട്ടീന്‍ എന്നാണ് അറിയപ്പെടുന്നത്. ഈ പ്രോട്ടീനെ ഉപഘടകമാക്കിയുള്ളാണ് പുതിയ വാക്സിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: