സച്ചിന് ശ്രീധര്‍
1947 ലെ ഇന്ത്യന്‍ ജനസംഖ്യ 34 കോടിയില്‍ നിന്ന് 2020ല്‍ എത്തുമ്പോള്‍ 139 കോടിയായി ഉയര്‍ന്നിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ എണ്ണം 18 ല്‍ നിന്ന് 51 ആയി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണമാകട്ടെ പത്തു ലക്ഷത്തില്‍ താഴെയയായിരുന്നത് ഇപ്പോള്‍ 66 ലക്ഷമായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ കണക്കുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1952 ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉണ്ടായിരുന്നത് 705 പേരാണെങ്കില്‍ 2021 ല്‍ അത് 772 ആയി ഉയര്‍ന്നു.
കഴിഞ്ഞ ഏഴ് ദശകങ്ങളായി രാജ്യത്തിന്റെ ഭൗതിക അടിസ്ഥാനസൗകര്യങ്ങള്‍ പതിന്മടങ്ങ് വളര്‍ന്നിട്ടുണ്ട്. എന്നിട്ടും ഭരണത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ ചരിത്രത്തിന്റെ അയഥാര്‍ത്ഥമായ കാല്പനിക സങ്കല്‍പ്പങ്ങളുമായി സന്ധി ചെയ്തത് കൊണ്ടോ, നിഷ്ക്രിയത്വത്താല്‍ തളര്‍ന്നുപോയത് കൊണ്ടോ, സെന്‍ട്രല്‍ വിസ്റ്റക്കായി ഒരടി പോലും മുന്നോട്ടു പോയില്ല. മാത്രമല്ല പദ്ധതിയുടെ പ്രാഥമിക ആസൂത്രണം പോലും നിര്‍വ്വഹിച്ചില്ല. ഇത് ഭരണനിര്‍വ്വഹണത്തെപ്പോലും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
ആഗോളതലത്തില്‍ നിലവിലുള്ള നിയമനിര്‍മ്മാണ സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പാര്‍ലമെന്റ് മന്ദിരം തുലോം ചെറുതാണ്. 25 മുതല്‍ 40 ലക്ഷം വരെ വോട്ടര്‍മാരുള്ള ഒരു പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ഒരു എംപി എന്ന കണക്കിലാണ് ജനപ്രതിനിധികളുള്ളത്. ബ്രിട്ടീഷുകാരുടെ വെസ്റ്റ്മിന്‍സ്റ്റര്‍ മാതൃകയിലുള്ള പാര്‍ലമെന്ററി ജനാധിപത്യമാണ് നാം സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ 5% മാത്രം ജനസംഖ്യയുള്ള, അതായത് ഏഴ് കോടി ജനങ്ങളുള്ള ബ്രിട്ടന്റെ പാര്‍ലമെന്റില്‍ തെരഞ്ഞെടുക്കപ്പെടുന്ന 630 അംഗങ്ങളാണ് ഹൗസ് ഓഫ് കോമണ്സിലുള്ളത്. ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നത് ഡിലിമിറ്റേഷന്‍ കമ്മീഷന് (മണ്ഡല പുനഃനിര്‍ണ്ണയ കമ്മീഷന്) ആണ്. ഇതുവരെ 1952, 1963, 1973, 2002 വര്‍ഷങ്ങളിലായി നാല് കമ്മീഷനുകള്‍ രാജ്യത്തെ നിയമ നിര്‍മ്മാണസഭകളിലെ അംഗങ്ങളുടെ എണ്ണം പുനര്‍ നിര്‍ണ്ണയിച്ചു. 2026ല്‍ അടുത്ത കമ്മീഷന് നിലവില്‍ വരും. 2031 ഓടെ കുറഞ്ഞത് 800 ലോക്സഭാ അംഗങ്ങളുള്ള ഒരു വലിയ പാര്‍ലമെന്റായിരിക്കും ഭാരതത്തിന്റേത്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് സെന്‍ട്രല്‍ വിസ്തയ്ക്കുവേണ്ടിയുള്ള ആസൂത്രണം ആരംഭിക്കേണ്ടത്. ഇന്ത്യയില്‍ ഒന്നും നിര്‍മ്മിക്കാനോ വികസിപ്പിക്കാനോ അനുവദിക്കില്ലെന്ന നിരന്തരമായ നിഷേധാത്മക സംസ്കാരത്തിന് നാം വഴങ്ങിയാല്‍ പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം കൂടാരങ്ങളില്‍ നടത്തേണ്ട സ്ഥിതി സംജാതമാകും.
ഇന്ത്യക്ക് ആവശ്യം ചെറിയ പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളാണ്. വലുതും, പ്രവര്‍ത്തനസജ്ജവും, സാങ്കേതികക്ഷമവും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ആവിശ്യകത ഏറെയുണ്ട്. 51 മന്ത്രാലയങ്ങളില്‍ 22 എണ്ണം മാത്രമേ നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ ദില്ലിയുടെ വിവിധഭാഗങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വരുന്നതോടെ മികച്ചതും വേഗത്തിലുള്ളതുമായ ഏകോപനം സാധ്യമാകും ഓഫിസ് സംവിധാനങ്ങള്‍, ഐടി, ഗതാഗതം എന്നിവ കാര്യക്ഷമമാവുകയും പാഴ്ച്ചെലവുകള് ഒഴിവാവുകയും ചെയ്യും.
പഴയ പാര്‍ലമെന്റ് മന്ദിരം പൊളിച്ചുമാറ്റാന്‍ പോകുന്നു എന്നാണ് പരക്കുന്ന മറ്റൊരു തെറ്റിദ്ധാരണ. തരിമ്പും വസ്തുതയില്ലാത്ത വ്യാജ പ്രചാരണം മാത്രമാണിത്. പഴയ മന്ദിരങ്ങളില്‍ മൂന്ന് വിഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തു വരുന്ന പഴയ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്, സൗത്ത് ബ്ലോക്ക് പോലുള്ള പഴയ ചരിത്രപരമായ കെട്ടിടങ്ങള്‍ എന്നിവ നിലനിര്‍ത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യും. രണ്ടാമതായി വരുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം, സംയോജിത കേന്ദ്ര സെക്രട്ടേറിയറ്റ്, എസ്പിജി കോംപ്ലക്സ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വസതികള്‍ എന്നിവ അരികിലായി നിര്‍മ്മിക്കും. അതിനുശേഷമുള്ള ചില കെട്ടിടങ്ങള്‍ – കൃഷിഭവന്, നിര്മ്മാണ് ഭവന്, രക്ഷാ ഭവന്, ശാസ്ത്രി ഭവന്, ഉദ്യോഗ് ഭവന്, ഐജിഎന്‍സിഎ അനെക്സ് തുടങ്ങിയ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റുക. ഇത് ഡല്‍ഹിയിലെ സൗന്ദര്യാത്മക വിസ്മയങ്ങളാണെന്ന് ആരും പറയില്ല. ഇന്നത്തെ അന്തരീക്ഷത്തില്‍ പരിപാലിക്കാന്‍ ചെലവേറിയതും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്തതുമായ പഴയ കാലത്തെ പിഡബ്ല്യുഡി നിര്‍മ്മിതികളാണിവ.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 971 കോടി രൂപ ചെലവ് വരും. ഇന്ത്യന്‍ നിര്‍മ്മാണ മേഖലയിലെ അതികായരായ ടാറ്റാസ്, ഷപൂര്‍ജി പലോഞ്ചി തുടങ്ങിയവരാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. 4 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന സെന്‍ട്രല്‍ വിസ്റ്റയുടെ ആകെ ചെലവ് 20,000 കോടി രൂപയാണ്. ഗവണ്മെന്റിന്റെ ആകെ വാര്‍ഷിക നികുതി വരുമാനമായ 20 ലക്ഷം കോടി രൂപയുടെ 0.25% മാത്രമാണിത്. അതൊരു വലിയ കുറ്റകരമായ ചെലവ് അല്ല. ഇന്ന് ലോകത്തെ പല വികസിത രാഷ്ട്രങ്ങളും, പണലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് പൊതുമുതലിനായി ഉദാരമായി ചെലവഴിക്കുന്നു. ‘വിമര്‍ശിക്കാന്‍ വേണ്ടിമാത്രം വിമര്‍ശിക്കുന്നവര്‍’ പിന്നെ എന്തിനാണ് എല്ലാ പൊതുചെലവുകളും നിര്‍ത്തിക്കൊണ്ട് സാമ്പത്തിക രംഗത്തെ കൂടുതല്വരള്ച്ചയിലേക്ക് തള്ളി വിടാന്‍ ആവശ്യപ്പെടുന്നത്?
റോഡുകള്‍, റെയിലുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ ഒക്കെ നിര്‍മാണം നിര്‍ത്തിവെക്കേണ്ടതുണ്ടോ. എല്ലാം നിര്‍ത്തിവെച്ച് സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാവട്ടെയെന്നാണോ വിമര്‍ശകര്‍ ലക്ഷ്യമിടുന്നത്. ആരോഗ്യസംരക്ഷണത്തിന് പണം ചെലവഴിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്ന്. പക്ഷേ മഹാമാരിക്ക് എതിരെ പോരാടുന്നതിനുള്ള പ്രശ്നം പണമല്ല, മറിച്ച് ആവശ്യമായ വിഭവങ്ങള്‍ പരിശീലനം നേടിയഡോക്ടര്മാര്, ആശുപത്രികിടക്കകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയാണ്.
അടിയന്തരമായി നിര്മ്മിക്കേണ്ടതാണെങ്കിലും ഇവ ഒറ്റരാത്രിയില്‍ പണം കൊണ്ട് വാങ്ങാന്‍ കഴിയില്ല. മെട്രോ അടക്കമുള്ള പുതിയ ഗതാഗതസംവിധാനങ്ങളുമായി ബന്ധിപ്പിക്കാനാകുന്ന നിര്‍ദ്ദിഷ്ട സെന്‍ട്രല്‍വിസ്റ്റ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് തിരക്കേറിയ നഗരത്തിന് ഏറെ ഗുണകരമാകും. ആധുനിക നഗരങ്ങളെകുറിച്ച് വാചാലരാകുന്നവര്‍ നമ്മുടെ നാട്ടില്‍ മടങ്ങിയെത്തിയാല്‍, പഴയതും പ്രവര്‍ത്തനരഹിതവുമായ നഗരസംവിധാനങ്ങളില് തുടരാനാണ് ആഗ്രഹിക്കുന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ രൂപകല്പന, നിര്‍മ്മാണം എന്നിവയ്ക്കായി പാലിച്ച നടപടിക്രമങ്ങളും യോഗ്യത മാനദണ്ഡങ്ങളും നിര്‍ണയിച്ചത് കൗണ്‍സില്‍ ഓഫ്ആര്ക്കിടെക്ചര് ആണ്. ഇന്ത്യഗേറ്റിനേക്കാള് ഉയരമുള്ള ഒരു കെട്ടിടവും പദ്ധതിയുടെ ഭാഗമായി വരരുത് എന്ന നിബന്ധനപാലിച്ചുകൊണ്ടാണ് രൂപരേഖ. പദ്ധതി സംബന്ധിച്ച ധനപരമായ എല്ലാ തീരുമാനങ്ങളും കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അംഗീകാരത്തോടെയാണ് കൈക്കൊള്ളുന്നത്. ഇതിനു ആവശ്യമായ ധനവിഹിതം നല്കുന്നതാകട്ടെ ധനമന്ത്രാലയത്തില്‍നിന്നും. ഒരുകാര്യംവ്യക്തമാണ് – സെന്ട്രല്വിസ്തപദ്ധതിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഒരിക്കലും വസ്തുതകളെയോ, ആവശ്യകതയേയോ അടിസ്ഥാനമാക്കിയുള്ളല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: