മുംബൈ: വാക്സിൻ വിതരണത്തെ കുറിച്ച് ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ച ആളോട് ട്വീറ്റിലൂടെ അസഭ്യമായി മറുപടി പറഞ്ഞതിന്റെ പേരില്‍ മുബൈ മേയറും ശിവസേന നേതാവുമായ കിഷോരി പട്നേക്കർക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധം. മുംബൈ നഗരത്തിലെ കോര്പറേഷന് (ബൃഹണ്മയി മുംബൈ കോര്പറേഷന്) വാക്സിൻ വിതരണ കരാർ ആർക്കാണ് നൽകിയതെന്ന ഒരാളുടെ ചോദ്യത്തിന് ‘നിന്റെ അച്ഛന്’ എന്നാണ് ട്വീറ്റിലൂടെ മേയർ മറുപടി നൽകിയത്.
മറുപടി വിവാദമായതിന് പിന്നാലെ ട്വീറ്റ് പിൻവലിച്ചും വിശദീകരണം നൽകിയും മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് മേയർ. മറ്റാരോ ആണ് ട്വീറ്റ് ചെയ്തതെന്ന് വിശദീകരിച്ച് രക്ഷപ്പെടാനും മേയര്‍ ശ്രമിച്ചു. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ തന്റെ ഫോണ്‍ ഏല്പിച്ചിരുന്ന പാർട്ടി നേതാവാണ് വിവാദമായ അസഭ്യ ട്വീറ്റിന് പിന്നിലെന്നാണ് മേയര്‍ വിശദീകരിക്കുന്നത്. ഫോൺ തിരികെ ചോദ്യം കണ്ട് ക്ഷുഭിതനായതിനാലാണ് തന്റെ പാർട്ടി പ്രവർത്തകൻ അത്തരമൊരു മറുപടി ട്വീറ്റ് ചെയ്തതെന്നും കിഷോരി പട്നേക്കർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മേയറെ പോലെ ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇതെന്നും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ കുറച്ച് സഭ്യമായ ഭാഷയിൽ പ്രതികരിക്കണമെന്നും ബിജെപിയുടെ കോര്പറേഷന് അംഗമായ ബാലചന്ദ്ര ഷിര്സാട് പ്രതികരിച്ചു. മേയർ പദവിയുടെ അന്തസിന് ചേർന്ന രീതിയില്‍ പെരുമാറണമെന്ന് സമാജ് വാദി പാർട്ടി നേതാവ് റെയ്സ് ഷേഖ് പറഞ്ഞു.
ശിവസേനയുടെ വക്താവ് കൂടിയായ പട്നേക്കര്‍ 77ാമത് മേയറായി 2019ലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: