ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച യോഗത്തില്‍ അപ്രതീക്ഷിതമായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് സാഹചര്യം പരിഗണിച്ച് ഈ വര്‍ഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. പിന്നാലെ ഇന്ന് നടന്ന യോഗത്തില്‍ മോദി ഒരൂകൂട്ടം വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു. രക്ഷിതാക്കളോടും സംസാരിച്ച അദ്ദേഹം അവരുടെ ആശങ്കകളും പ്രശ്നങ്ങളും കേട്ടു.
ജൂണ്‍ ഒന്നിന് കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, പ്രകാശ് ജാവദേക്കര്‍, സിബിഎസ്ഇ തലവന്‍ മനോജ് അഹൂജ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് പരീക്ഷ റദ്ദാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിച്ച് കഴിഞ്ഞവര്‍ഷങ്ങളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി ബോര്‍ഡ് വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി കൈക്കൊണ്ട തീരുമാനത്തെ അഭിനന്ദിച്ച് രക്ഷിതാക്കളും അധ്യാപകരുമൊക്കെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യം പരാമര്‍ശിക്കുന്നതിനിടെ പ്രധാനമന്ത്രി ഇന്നലെ ട്വിറ്ററില്‍ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുകയും ചെയ്തു. ‘ഇതു മാത്രമായിരുന്നു മാര്‍ഗം, മികച്ചതും. സുരക്ഷാഭീഷണിയും വിദ്യാര്‍ഥികള്‍ നേരിട്ടിരുന്ന മാനസിക സമ്മര്‍ദവും പരിഗണിക്കുമ്പോള്‍’- പ്രധാനമന്ത്രി ഒരു ട്വീറ്റില്‍ കുറിച്ചതിങ്ങനെ.
‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിവിധ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇത് ഉള്‍ക്കാഴ്ച നല്‍കുന്നതും വിദ്യാര്‍ഥി സൗഹൃദ തീരുമാനത്തിന് പ്രാപ്തമാക്കുന്നതും ആയിരുന്നു’- മറ്റൊന്നില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: