ജെറുസലെം: പലസ്തീന് അറബ് വംശജരുടെ പാര്‍ട്ടിയുടെ നേതാവായ മന്‍സൂര്‍ അബ്ബാസിന്റെ പിന്തുണ ലഭിച്ചതോടെ നഫ്താലി ബെന്നറ്റിന്റെയും യായിര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി നെതന്യാഹുവിനെ അധികാരഭ്രഷ്ടനാക്കി അധികാരത്തില്‍ വരുമെന്നുറപ്പായി. ഇതുവഴി അറബ് വംശജരെ പിളര്‍ത്തി അധികാരമുറപ്പിക്കുക എന്ന നഫ്താലി ബെന്നറ്റിന്റെ ലക്ഷ്യമാണ് നടപ്പാകുന്നത്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അന്തിമസമയം തീരാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മന്‍സൂര്‍ അബ്ബാസ് നഫ്താലി ബെന്നറ്റിന്റെയും യായില് ലാപിഡിന്റെയും നേതൃത്വത്തിലുള്ള സഖ്യത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ഇതോടെ യായിര്‍ ലാപിഡ് ബുധനാഴ്ച രാത്രി തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് റ്യൂവെന്‍ റിവ്ലിനെ അറിയിച്ചു.
മന്‍സൂര്‍ അബ്ബാസിന്റെ തീരുമാനത്തിനെതിരെ പലസ്തീന് അറബ് വംശജര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം പുകയുകയാണ്. മന്‍സൂര്‍ അബ്ബാസിന്റെ ഇസ്ലാമിസ്റ്റ് റാം എന്ന പാര്‍ട്ടിയുടെ പിന്തുണ അധികാരം ഉറപ്പിക്കാന്‍ നിര്‍ണ്ണായകമാണ്. കാരണം ഇവര്‍ക്ക് നാല് സീറ്റുകള്‍ ഉണ്ട്. എങ്കിലെ കേവല ഭൂരിപക്ഷത്തിനുള്ള മാജിക് നമ്പറായ 61ല്‍ എത്താന്‍ നഫ്താലി ബെന്നറ്റിന് കഴിയൂ.
ഇസ്രയേല്‍ തീവ്രവാദിയായ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്റെ അജണ്ട എന്താവുമെന്നതാണ് അറബ് വംശജരെ ആശങ്കപ്പെടുത്തുന്നത്. കാരണം നെതന്യാഹുവിനേക്കാള്‍ ഇസ്രയേല്‍ തീവ്രവാദസ്വഭാവമുള്ള നേതാവാണ് നഫ്താലി ബെന്നറ്റ്. ഇദ്ദേഹം പലസ്തീനെ ഒരു രാഷ്ട്രമായി അംഗീരിക്കാത്ത നേതാവാണ്. ഒരേയൊരു ഇസ്രയേല്‍ ഇതാണ് നഫ്താലി ബെന്നറ്റിന്റെ പ്രഖ്യാപിത ലക്ഷ്യം. മാത്രമല്ല, പലസ്തീന്‍കാര്‍ പുതിയ രാഷ്ട്രരൂപീകരണത്തിന് പ്രധാനമായി കാണുന്ന വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ ഇസ്രയേല്‍ കുടിയേറ്റക്കാരെ കൊണ്ടുപാര്‍പ്പിച്ച് അത് കൂടി ഇസ്രയേലിന്റെ ഭാഗമാക്കുകയാണ് നഫ്താലി ബെന്നറ്റിന്റെ പ്രഖ്യാപിത ലക്ഷ്യം.
അബ്ബാസ് വെറും അവസരവാദിയാണെന്ന് ഗാസയിലെ പലസ്തീന് വംശജര്‍ കുറ്റപ്പെടുത്തുന്നു. മുസ്ലിം ബ്രദര്‍ഹുഡ് ഇസ്ലാംവാദിയായ അബ്ബാസ് അവസരം വന്നപ്പോള്‍ തന്റെ സ്വന്തം താല്പര്യത്തിന് പ്രാധാന്യം നല്‍കിയെന്ന് ഗാസ സ്വദേശി ഔനല്ല അബുസാഫിയ കുറ്റപ്പെടുത്തുന്നു.
ഗാസയില്‍ ആക്രമണം വര്‍ധിച്ചപ്പോള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവില്‍ നിന്നും അകലം പാലിച്ച വ്യക്തിയാണ് അബ്ബാസ്. ഇദ്ദേഹം 48-പലസ്തീന്‍കാരെ(1948ല്‍ രൂപീകൃതമായ ഇസ്രയേലിനുള്ളില്‍ ഉള്ള അറബ് വംശജരാണ് 48-പലസ്തീന്‍കാര്‍ എന്നറിയപ്പെടുന്നത്) രക്ഷിയ്ക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നഫ്താലി ബെന്നറ്റിനൊപ്പം കൂടിയിരിക്കുന്നു. – അദ്ദേഹം പറഞ്ഞു.
‘ഒരിയ്ക്കലും 48-പലസ്തീന്‍കാരുടെ പ്രതിനിധിയല്ല അബ്ബാസ്. വ്യക്തിപരമായ നേട്ടത്തിന് സര്‍ക്കാരില്‍ കടന്നുകൂടുക എന്നത് മാത്രമാണ് ലക്ഷ്യം. ഇപ്പോള്‍ നിലവിലുള്ള നേതാക്കള്‍ക്ക് പുറമെ 48-പസ്തീന്‍കാര്‍ക്ക് വേണ്ടി ബദല്‍ നേതൃത്വം കൊണ്ടുവരികയുമാണ് അബ്ബാസിന്റെ ലക്ഷ്യം,’ ഇസ്രയേല്‍ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ധനായ ഹസ്സന് ലാഫി പറയുന്നു.
പുതിയ ഇസ്രയേല്‍ ഭരണത്തിലെ നാലാമത്തെ വലിയ കക്ഷിയാണ് അബ്ബസിന്റെ ഇസ്ലാമിസ്റ്റ് റാം പാര്‍ട്ടി.
120 അംഗമുള്ള ഇസ്രയേല്‍ ഭരണകൂടത്തില്‍ പുതിയ സഖ്യകക്ഷിക്ക് കേവലഭൂരിപക്ഷമായ 61 സീറ്റുകള്‍ വരുന്നത് ഇങ്ങിനെയാണ്:
യേഷ് അതിദ്-17
യേഷ് അതിദ് സഖ്യകക്ഷികള്‍ -34
യാമിന-6
യൂനൈറ്റഡ് അറബ് ലിസ്റ്റ്-4
ഇതോടെ നെതന്യാഹുവിനെ പുറത്താക്കി പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏതാണ്ടുറപ്പായി. നെതന്യാഹു വിരുദ്ധ സഖ്യം സര്‍ക്കാര്‍ രൂപീകരണശ്രമത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും സഖ്യകക്ഷികളിലെ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയായി എത്തുക നഫ്താലി ബെന്നറ്റാണ്. രണ്ടാം ഘട്ടത്തില്‍ യേഷ് അതിദ് പാര്‍ട്ടി നേതാവ് യായിര്‍ ലാപിഡ് പ്രധാനമന്ത്രിയാകുമെന്നാണ് ധാരണ.
തീവ്ര വലതുപക്ഷപാര്‍ട്ടിയായ യാമിന രൂപീകരിച്ച നഫ്താലി ബെന്നെറ്റ് പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡുമായി ധാരണയിലെത്തിയതോടെയാണ് നെതന്യാഹുവിന് ഭീഷണിയായത്. യാമിന എന്ന പാര്‍ട്ടി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടിയിരുന്നു. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ യായിറിന്റെ യേഷ് അതിദിന് 17 സീറ്റുകള്‍ ലഭിച്ചു. യേഷ് അതിദിന്റെ സഖ്യകക്ഷികള്‍ക്കെല്ലാം കൂടി 34 സീറ്റുകളുണ്ട്. പലസ്തീന് അറബ് വംശജരുടെ യുനൈറ്റഡ് അറബ് ലിസ്റ്റിന് നാല് സീറ്റുകള്‍. യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണയില്ലാതെ പ്രതിപക്ഷ സഖ്യത്തിന് ഭരിക്കാനാവില്ല.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശയപരമായ ഐക്യമില്ലെങ്കിലും നെതന്യാഹുവിനെ ഭരണത്തില്‍ നിന്നും പുറത്താക്കുക എന്ന വികാരമാണ് ഇവരെ ഒന്നിപ്പിക്കുന്നത്.
നെതന്യാഹു ഭരണത്തില്‍ പ്രതിരോധ മന്ത്രിയായ ബെന്നി ഗാന്റ്സിന്റെ നാഷണല്‍ യൂണിറ്റി ഗവണ്മെന്റുമായി സഖ്യമുണ്ടാക്കിയതായി യെഷ് അതിദ് പാര്‍ട്ടി നേതാവ് യായിര്‍ ലാപിഡ് പറഞ്ഞു. ഇടതു പക്ഷ പാര്‍ട്ടിയായ മെറെറ്റ്സ്, മധ്യ-ഇടതു ലേബര്‍ പാര്‍ട്ടികള്‍, വലതുപക്ഷ പാര്‍ട്ടിയായ യിസ്രയേല്‍ ബെയ്റ്റെനു പാര്‍ട്ടി എന്നിവയുമായും സഖ്യമുണ്ടാക്കിയതായി പറയുന്നു. നെതന്യാഹുവിന്റെ സുഹൃത്തായ ഗിഡിയൊണ് സാറിന്റെ ന്യൂ ഹോപ് പാര്‍ട്ടിയും അറബ് ഇസ്ലാമിസ്റ്റ് റാം പാര്‍ട്ടിയും ഈ സഖ്യത്തിലുണ്ട്. പുതുതായി അധികാരത്തില്‍ എത്തുന്ന സഖ്യകക്ഷിയിലെ എട്ട് പാര്‍ട്ടികള്‍ക്ക് തമ്മിലുള്ള സാമ്യമില്ലെന്നും അവര്‍ ഇസ്രയേലിനെ ദുര്‍ബലപ്പെടുത്തുമെന്നും നെതന്യാഹു ഭീഷണിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: