ഗുവാഹത്തി: സര്‍ക്കാരിനെക്കുറിച്ചുള്ള മോശം പ്രതികരണങ്ങള്‍ മാത്രം കേള്‍ക്കുന്നതിനായി മന്ത്രിസഭാ യോഗങ്ങളില്‍ ‘ശൂന്യവേള’ പോലുള്ള ആശയങ്ങള്‍ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബുധാനാഴ്ച ദല്‍ഹിയില്‍ നരേന്ദ്രമോദിയുമായി ഹിമന്ത ബിശ്വ ശര്‍മ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘മന്ത്രിസഭയില്‍ മന്ത്രിമാര്‍ എല്ലാ മോശം പ്രതികരണങ്ങളും എംഎല്‍എമാരില്‍നിന്ന് ശേഖരിച്ച് ഒരു മുതിര്‍ന്ന മന്ത്രിക്ക് നല്‍കണം. പിന്നീട് ഞാന്‍ മന്ത്രിസഭയ്ക്കൊപ്പം ചേരും. സര്‍ക്കാരിനെക്കുറിച്ചുള്ള മോശം കാര്യങ്ങള്‍ മാത്രം മുതിര്‍ന്ന മന്ത്രി വിശദീകരിക്കും. ഇതുമൂലം ഉടനടി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കാനാകും’- ബുധനാഴ്ച അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു. ‘അദ്ദേഹമിത് ഗുജറാത്തില്‍ ചെയ്തുവെന്ന് മോദിജി പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഈ രീതി അസമിലും തുടങ്ങും’.- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘മോശം പ്രതികരണങ്ങള്‍ക്ക് അദ്ദേഹം ചെവികൊടുക്കന്നു. അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുന്നു’. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളായ ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരി, തന്റെ രാഷ്ട്രീയ ജീവിതം, കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍, കേന്ദ്രവും സംസ്ഥാവുമായുള്ള ബന്ധം, ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമഭേദഗതി, അസമിന്റെ ഭാവി പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് നിലപാട് വ്യക്തമാക്കി. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചയോഗത്തില്‍നിന്ന് വിട്ടുനിന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിയെ ശര്‍മ രൂക്ഷമായി വിമര്‍ശിച്ചു.
‘പ്രധാനമന്ത്രിപദത്തെ തീര്‍ച്ചയായും ബഹുമാനിക്കണം. ഈ രീതിയില്‍ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ല. പ്രധാനമന്ത്രിക്കായി 30 മിനിറ്റ് എന്തിന് ഞാന്‍ കാത്തിരിക്കണമെന്ന് ഒരു മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍… എന്റെ രാഷ്ട്രീയ ജീവത്തിലുടനീളം അത്തരം വാദങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കരുതുന്നില്ല. സോണിയാഗാന്ധിയെ കാണാനായി മുഖ്യമന്ത്രിമാര്‍ രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’- അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: