ചെന്നൈ: പുതുച്ചേരി നിയമസഭയിലേക്ക് മൂന്ന് ബിജെപി അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത നടപടി മദ്രാസ് ഹൈക്കോടതി ബുധനാഴ്ച ശരിവച്ചു. മൂവരുടെയും നിയമത്തിനെതിരായ ഹര്‍ജിയില്‍ കഴമ്പില്ലെന്നും ബെഞ്ച് കണ്ടെത്തി. ജസ്റ്റിസുമാരായ അനിത സുമന്ത്, സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. കെ വെങ്കടേശന്‍, വി പി രാമലിംഗം, ആര്‍ ബി അശോക് എന്നിവരെ കേന്ദ്രഭരണ പ്രദേശത്തെ നിയമസഭാ അംഗങ്ങളായി നാമനിര്‍ദേശം ചെയ്തുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും പുതുച്ചേരി ചീഫ് സെക്രട്ടറിയുടെയും വിജ്ഞാപനങ്ങളാണ് കോടതി ശരിവച്ചത്.
‘എല്ലാവശവും പരിഗണിക്കുമ്പോൾ റിട്ട് പരാതിയില്‍ കഴമ്പില്ലെന്ന് ഞങ്ങള്‍ കണ്ടെത്തുന്നു’.- ഹര്‍ജി തള്ളിക്കൊണ്ട് ബഞ്ച് വ്യക്തമാക്കി. മെയ് പത്തിലെ വിജ്ഞാപനം റദാക്കണമെന്ന് ആവശ്യപ്പെട്ട് കരിക്കലമ്പക്കം ഗ്രാമത്തിന്റെ മുന്‍ പ്രസിഡന്റ് ജി എ ജഗന്നാഥനായിരുന്നു പൊതുതാത്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. എംഎല്‍എമാര്‍ ബിജെപി അംഗങ്ങള്‍ ആണെന്നത് മാത്രമാണ് ഹര്‍ജിക്കാരന്റെ പരാതി. ഇത് പ്രസക്തമായ കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: