കണ്ണൂര്‍: കൊവിഡും ഡെങ്കിപ്പനിയും പിടിമുറുക്കിയിരിക്കെ മലിനജലം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ പയ്യാമ്പലത്തുകാര്. പ്രദേശത്തെ കനിയില്‍ പാലത്തിനു സമീപത്തെ പറമ്പില്‍ കെട്ടിനില്‍ക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നത് പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തുകയാണ്. ഡെങ്കിയടക്കമുള്ള പകര്‍ച്ചാപ്പനികള്‍ പടരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍ ഇവിടെ കഴിയുന്നത്.
സമീപത്തെ തോട്ടിലേക്ക് ഒഴുകിപ്പോകാനുള്ള മാര്‍ഗമില്ലാത്തത് കാരണമാണ് ഇവിടെ വെള്ളം തളംകെട്ടി നില്‍ക്കുന്നത്. കണ്ണുര്‍ കോര്‍പ്പറേഷനിലെ കാളിന്ദിയായി അറിയപ്പെടുന്ന പടന്നത്തോട് പരിസരവാസികള്‍ മഴക്കാലത്ത് തീരാതലവേദനമാണ് സൃഷ്ടിക്കുന്നത്. കറുത്തിരുണ്ട് മാലിന്യം നിറഞ്ഞൊഴുകുന്ന ഈ തോട് ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ പലപ്പോഴും ഭീഷണിയാവുകയാണ്.ചാലാട് വഴി ഒഴുകി പയ്യാമ്പലം കടലില്‍ ചെന്ന് ചേരുന്ന തോട്ടില്‍ പലപ്പോഴും ഒഴുക്ക് തടസപ്പെടുന്നതാണ് തീരദേശവാസികള്‍ക്ക് പലപ്പോഴും വിനയായി മാറുന്നത്.
പയ്യാമ്പലം കനിയില്‍ പാലം വഴി പടന്നത്തോട് കടന്നുപോകുന്നതിന്റെ സമീപത്ത് ഈയിടെയായി മറ്റൊരു പ്രശ്നം കൂടി ഉയര്‍ന്നു വന്നിരിക്കുകയാണ് റോഡിന് ഭിത്തി കെട്ടുമ്പോള്‍ സമീപത്തുള്ള പറമ്പുകളില്‍ നിന്ന് വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാനുള്ള കൈ വഴികള്‍ അടച്ചതോടെ വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാതെ പറമ്പുകളില്‍ തളംകെട്ടി നില്‍ക്കുകയാണ് ഇങ്ങനെ തളംകെട്ടിനില്ക്കുന്ന മലിനജലം പരിസരവാസികള്‍ക്ക് ദുരിതമായി മാറിയിട്ടുണ്ട്. കണ്ടല്‍കാടുകള്‍ നിറയെയുള്ള സ്ഥലമാണിത്. കരിനിറമുള്ള മലിനജലത്തില്‍ കൊതുകുകള്‍ അനുദിനം പെരുകുകയാണ്. ഈ രോഗഭീഷണിയില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെന്നാണ് ജനങ്ങള്‍ കോര്പ്പറേഷന് അധികൃതരോട് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: