പരവൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം 10 ലക്ഷം രൂപയുടെ സഹായധനം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ കുരുന്നാണ് ആതിര. കൊവിഡ് ബാധിച്ച് അച്ഛനമ്മമാരെയും പിന്നീട് അമ്മാമ്മയെയും നഷ്ടപ്പെട്ട പത്തുവയസുകാരി ആതിരയുടെ ജീവിതം ജന്മഭൂമിയിലൂടെയാണ് പുറംലോകം അറിയുന്നത്.
കൊവിഡ് അനാഥമാക്കിയ ആതിരമുരളിയെ ആശ്വസിപ്പിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറെത്തി. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ഊന്നിന്മൂട് വാര്‍ഡിലെ തലക്കുളം ചാലില്‍ ലക്ഷംവീട് പട്ടികജാതി കോളനിയിലെ വീട്ടിലെത്തിയായിരുന്നു അദ്ദേഹം ആതിരയെ സാന്ത്വനിപ്പിച്ചത്. ആതിരയുടെ അച്ഛന് കൊവിഡ് വന്ന് മരിച്ചിട്ട് ഒരു വര്‍ഷമായി. മെയ് 11നാണ് അമ്മ മരിച്ചത്. അമ്മയുടെ സഞ്ചയന ദിവസം അമ്മാമ്മ ചന്ദ്രികയെയും കൊവിഡ് കൊണ്ടുപോയി.
തുടര്‍ന്ന് ഒറ്റയ്ക്കായ ആതിരയുടെ ദുഖവാര്‍ത്ത ജന്മഭൂമിയില് വിശദമായി പ്രസിദ്ധീകരിച്ചു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കളക്ടറുടെ ഇടപെടലുണ്ടായി. അമ്മയുടെ സഹോദരങ്ങളുടെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍. കൂലിപ്പണിക്കാരായ ഇവരും സാമ്പത്തികമായി വളരെയേറെ ബുദ്ധി മുട്ടുന്നവരാണ്.
ചിറക്കര സര്‍ക്കാര്‍ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ആതിരമുരളിയുടെ വീട്ടില്‍ ക്ലാസ്സ് കാണുന്നതിന് മൊബൈല്‍ ഫോണോ ടെലിവിഷനോ ഇല്ല. അയല്‍വീട്ടില്‍ പോയാണ് പഠിക്കുന്നത്. ഇക്കാര്യം നേരില്‍ ബോധ്യപ്പെട്ട ബി.ബി. ഗോപകുമാര്‍ സ്കൂള്‍ ക്ലാസ്സ് ടീച്ചറുമായും സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് പഠനത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ബിജെപി പഞ്ചായത്ത് സമിതി ഭാരവാഹികളായ സുജിത്, ഷില്ലോക്ക്, പുത്തന്‍കുളം അനില്‍കുമാര്‍ എന്നിവര്‍ ജില്ലാ പ്രസിഡന്റിന് ഒപ്പം ഉണ്ടായിരുന്നു.
കേന്ദ്രപദ്ധതി ഇങ്ങനെ…
രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ ജീവിതച്ചിലവ്, വിദ്യാഭ്യാസം, ഭാവി എന്നിവ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതി. പതിനെട്ടു വയസുമുതല്‍ സ്റ്റൈപ്പന്റ്. 23 വയസാകുമ്പോള്‍ പിഎം കെയര്‍ ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ ധനസഹായം. സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കും. ഉന്നതപഠനത്തിന് വിദ്യാഭ്യാസവായ്പ ലഭ്യമാക്കും, അതിന്റെ പലിശ പിഎം കെയറില്‍ നിന്ന് നല്‍കും. 18 വയസുവരെ ആയുഷ്മാന്‍ പദ്ധതിയുടെ കീഴില്‍ 5 ലക്ഷം രൂപയുടെ ആരോഗ്യഇന്‍ഷുറന്‍സ് ഈ കുട്ടികള്‍ക്ക് ലഭ്യമാകും. ഇന്‍ഷുറന്‍സ് പ്രീമിയവും പിഎം കെയറില്‍ നിന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: