ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ക്ലെയിം വേഗത്തില്‍ ലഭിക്കാന്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ വ്യവസ്ഥ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ജില്ലാ കളക്ടറുടെ ശുപാര്‍ശ ലഭിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ ക്ലെയിം വിതരണം ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി.
ഇന്‍ഷുറന്‍സ് അപേക്ഷകളുടെ നടപടിക്രമങ്ങള്‍ ലളിതവല്ക്കരിക്കാനും സുഗമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ സംവിധാനം. അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സജ്ജമാക്കുന്ന ഈ പുതിയ സംവിധാനം അനുസരിച്ച് ക്ലെയിം വേഗത്തിലാക്കുന്ന നടപടികള്‍ ജില്ലാ കളക്ടറുടെ തലത്തില്‍ സംസ്ഥാനങ്ങള്‍ പൂര്‍ത്തീകരിക്കണം. ഓരോ കേസിലും സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രവര്‍ത്തന ചട്ടങ്ങള്‍ക്കു വിധേയമായാണെന്ന് കളക്ടര്‍ സാക്ഷ്യപ്പെടുത്തും.
ഇന്‍ഷുറന്‍സ് കമ്പനി ജില്ലാ കളക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 48 മണിക്കൂറിനുള്ളില്‍ അപേക്ഷയ്ക്ക് അനുമതി നല്‍കുകയും ശേഷിക്കുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. അപേക്ഷാ നടപടിക്രമങ്ങളില്‍ സമാനത നിലനിര്‍ത്തുന്നതിനും, കാലതാമസം ഒഴിവാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികള്‍/എയിംസ്/റെയില്‍വേ എന്നിവിടങ്ങളില്‍ നിന്നുള്ള കേസുകള്‍ക്കും ജില്ലാ കളക്ടര്‍ സാക്ഷ്യപത്രം നല്‍കും. ഉടന്‍തന്നെ നടപ്പാക്കുന്ന ഈ പുതിയ സംവിധാനം സംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം കൈമാറി.
ആരോഗ്യ മേഖലയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും 50 ലക്ഷം രൂപയുടെ വ്യക്തിഗത അപകട പരിരക്ഷയാണ് പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഇന്‍ഷുറന്‍സ് പോളിസി വഴിയാണ് പദ്ധതി നടപ്പാക്കിയത്. ആദ്യ ഘട്ടത്തില്‍ 90 ദിവസ കാലയളവിലേക്കാണ് പ്രഖ്യാപിച്ചത്. പിന്നീട് 2021 ഏപ്രില്‍ 24 മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പരിരക്ഷ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: