തിരുവനന്തപുരം: പിണറായി വിജയന്റെ മകളുടെ ഭര്‍ത്താവ് പി.എ.മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം നല്‍കിയതില്‍ മുഖ്യമന്ത്രിക്കു നേരേ ഒളിയമ്പുമായി കോണ്‍ഗ്രസ് എംഎല്‍എ കെ.ബാബു. നിയമസഭയില്‍ പ്രസംഗത്തിനിടെയായിരുന്നു ബാബുവിന്റെ പരാമര്‍ശം. ഇതേത്തുടര്‍ന്ന് സഭയില്‍ രൂക്ഷമായ ബഹളം ഉണ്ടായി.
റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താന്‍ കുറ്റം പറയില്ലെന്നും മക്കള്‍ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്നുമായിരുന്നു ബാബുവിന്റെ പരാമര്‍ശം.
ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. എന്നാല്‍, ബാബു ഇതൊന്നും കാര്യമാക്കാതെ പ്രസംഗം തുടര്‍ന്നു. ‘പോ മക്കളേ. അതൊക്കെ അങ്ങു കയ്യില്‍ വച്ചാല്‍ മതി’ എന്നും ഭരണപക്ഷത്തെ നോക്കി അദ്ദേഹം പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ ബാബുവിന്റെ സമയം അവസാനിച്ചെന്നും മൈക്ക് അടുത്ത പ്രസംഗകനായ എം.എം.മണിക്കു കൈമാറുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ഇത് അംഗീകരിക്കാതെ ബാബു പ്രസംഗം തുടര്‍ന്നെങ്കിലും മണിക്കു മൈക്ക് കൈമാറിയതോടെ അദ്ദേഹം ഇരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: