”പുതിയ മന്ത്രിസഭവന്നു. അധികാരമേറ്റു. നല്ലകാര്യം. ഭരണതടസ്സമുണ്ടാകരുതല്ലോ. നാട്ടില്‍ നൂറുകണക്കിന് സ്കൂളുകളില്‍ പ്രധാനാധ്യാപകരില്ലാതായിട്ട് വര്‍ഷം രണ്ടാകാറായി. അവിടങ്ങളിലും വേണ്ടേ ഭരണം? ആരെങ്കിലും ഇതു കേള്‍ക്കുന്നുണ്ടോ”
അമ്പതോളം സജീവമായി പ്രതികരിക്കുന്ന സുഹൃത്തുക്കളുള്ള എന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഇക്കഴിഞ്ഞ ദിവസം ഞാന്‍ ഇങ്ങനെയൊരു പോസ്റ്റിട്ടു. ലൈക്ക് ചെയ്തവ നാല് പേര്. ഒരാള്‍ മാത്രംകമന്റ് ചെയ്തു. നാം എത്രമാത്രം പുരോഗമനവാദികളാണെങ്കിലും ഇത്തരം കാര്യങ്ങളില്‍ പ്രതികരണം കക്ഷിരാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നതിന് മറ്റൊരു തെളിവ് കൂടി.
കേരളത്തെ പോലൊരു നാട്ടില്‍ ഇത്ര അപ്രസക്തമാണോ ഈ ചോദ്യം? അല്ലെന്നുവ്യക്തം. അതു വളരെ പ്രസക്തമാണെന്നാണ് ഈ പ്രതികരണരാഹിത്യം കാണിക്കുന്നത്. പുരോഗമന നാട്യക്കാര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അത് ഗൗരവമുള്ള കാര്യമായിരിക്കുമെന്ന് ആര്‍ക്കാണറിയാത്തത്!
ഗുരുതരമായ അദ്ധ്യാപക പ്രതിസന്ധിയാണ് നമ്മുടെ സ്കൂളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പഠിപ്പിക്കാന്‍ ആരുമില്ലാത്തവരും, ഒന്നോ രണ്ടോ പേര് മാത്രമുള്ളതുമായ സ്കൂളുകള്‍ . പ്രധാനാധ്യാപകര്‍ മാത്രമുള്ളതുമായ നൂറിലേറെ സ്കൂളുകളുണ്ടെന്ന് കൈറ്റിന്റെ വെബ്സൈറ്റ് തന്നെ പറയുന്നു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി വിരമിച്ചവരുടെ കണക്ക് ഇതില്‍ വന്നിട്ടുണ്ടാവില്ല. പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി പതിനായിരത്തോളം അധ്യാപകരുടെ കുറവുണ്ടെന്നാണ് മറ്റൊരു കണക്ക്.
പിഎസ്സി തയ്യാറാക്കിയ നിയമന ലിസ്റ്റില്‍ നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിയമന ഉത്തരവ് കിട്ടിയ ധാരാളം പേര്‍ക്ക് ഇതുവരെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ലാസുകള്‍ തുടങ്ങിയിട്ടില്ല എന്ന കാരണം പറഞ്ഞാണ് സ്കൂളില്‍ ചേരുന്നതില്‍ നിന്ന് ഇവരെ തടയുന്നത് യോഗ്യരായവരുടെ പ്രമോഷനും ഇതേ കാരണത്താല്‍ തടസ്സപ്പെട്ടിരിക്കുന്നു.
ഇതിനെക്കാളൊക്കെ ഗുരുതരമാണ് പ്രൈമറി വിഭാഗത്തിലെ പ്രധാനാധ്യാപകരുടെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട പ്രശ്നം. അവിടെ പ്രധാനാധ്യാപകനാകണമെങ്കില് ഡിപ്പാര്‍ട്ടുമെന്റുതല പരീക്ഷ ജയിക്കണം. അമ്പതു വയസ്സു പൂര്‍ത്തിയായവര്‍ക്ക് ഇതില്‍ ഇളവുനല്കിപ്പോരുകയായിരുന്നു. അടുത്ത കാലത്ത് ടെസ്റ്റ് പാസായവര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. പ്രായപരിധി കണക്കാക്കാതെ ടെസ്റ്റ് ജയിച്ചവരെ മാത്രമേ പ്രമോഷന് നല്കി പ്രൈമറി സ്കൂളില്‍ പ്രധാനാധ്യാപകനാക്കാവൂ എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോടതി വിധിച്ചു. ഉടനടി ആ വിധി നടപ്പാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയില് താല്‍പ്പര്യമുള്ള ഭരണകൂടം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ടെസ്റ്റ് പാസാകാതെ പ്രായത്തിന്റെ ആനുകൂല്യത്തില്‍ പ്രമോഷന് കാത്തിരിക്കുന്നതില്‍ കുറേ പേരെങ്കിലും സര്‍ക്കാറിനു വേണ്ടപ്പെട്ടവരായിരിക്കുമല്ലോ. അവര്‍ക്കു വേണ്ടി കോടതിവിധിയോട് സര്‍ക്കാര്‍ മുഖം തിരിച്ചു .അവര്‍ സുപ്രീംകോടതിയില്‍ പോയിരിക്കുകയാണ്. ഇനി അവിടെ സര്‍ക്കാര്‍ എന്തു നിലപാടു സ്വീകരിക്കും എന്നതാണ് നിര്‍ണായകമായ ചോദ്യം. ഹൈക്കോടതിവിധിയുടെ കൂടെ നില്‍ക്കുമോ അതോ സംഘടനകളുടെ കണ്ണുരുട്ടലിനു മുമ്പില്‍ ചൂളിപ്പോവുമോ?
താല്‍ക്കാലിക ചുമതല വഹിക്കുന്നവരുടെ നിയന്ത്രണത്തിലാണ് നല്ലൊരുപങ്ക് സ്കൂളിലും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അര്‍ഹതയുണ്ടായിട്ടും പ്രധാനാധ്യാപകരാകാന്‍ കഴിയാതെ ഒട്ടേറെ പേര്‍ക്ക് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിവന്നു. താല്‍ക്കാലിക ചുമതലയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരുന്ന സീനിയര്‍ അധ്യാപകരാണ് ഇങ്ങനെവിരമിച്ചത്.ഇപ്പോള്‍ അവരുടെയും അസാന്നിധ്യത്തിലാണ് പുതിയ അധ്യയനവര്‍ഷം മുന്നോട്ടു പോകേണ്ടതെന്നര്ത്ഥം. ദുരിതകാലത്ത് അധികചുമതല വഹിക്കേണ്ടി വരുന്നതില്‍ പ്രതിഷേധമുള്ളവരാണ് മിക്കവരും. ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുക്കണം. അതേ സമയം ഒരുവിധത്തിലുള്ള അധിക ആനുകൂല്യങ്ങളും കിട്ടുകയുമില്ല. ഈ ദു:സ്ഥിതിയില്‍ നിന്ന് അധ്യാപകരെയും സ്ഥാപനങ്ങളെയും എത്രയും വേഗം മോചിപ്പിച്ചില്ലെങ്കില്‍ പ്രൈമറി തലത്തിലെങ്കിലും വിദ്യാഭ്യാസമന്ത്രിയുടെ ആശയങ്ങള്‍ ജലരേഖകളായി മാറാനിടയുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും അടച്ചിടല്‍ മൂലം അണുകുടുംബങ്ങളിലെ മാനസിക പിരിമുറുക്കം എന്നിവ അനുഭവിക്കുന്നവരാണ് ഏറെയും. ഇതിനിടയിലാണ് വിദ്യാഭ്യാസ പ്രതിസന്ധി കൂടി വരുന്നത്. മലയാളി മറ്റെന്തും സഹിക്കും. മക്കള്‍ക്ക് പഠിക്കാനാവാത്തസാഹചര്യത്തോടു മാത്രം അയാള്‍ക്കു പൊരുത്തപ്പെടാനോ രാജിയാകാനോ കഴിയില്ല. തലമുറകളിലൂടെ നാം ആര്‍ജിച്ചെടുത്ത സാമൂഹ്യനവോത്ഥാനത്തിന്റെ പ്രതിഫലനമാണത്. അതിനെ നിസ്സാരമായി കാണുമ്പോള്‍ നാം നമ്മെത്തന്നെ അധിക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്യുകയാണ്. തുടക്കത്തിന്റെ അന്ധാളിപ്പില്‍ കഴിഞ്ഞ വര്‍ഷം നേരിട്ടപ്രതിസന്ധികളുടെ ഗൗരവം മിക്ക കുടുംബങ്ങളും അറിഞ്ഞിട്ടില്ല. അതിന്റെ ഒരു കണക്കെടുപ്പും നടന്നിട്ടില്ല. മക്കള്‍ക്ക് ഏതേതു വിഷയങ്ങളില്‍ എത്രമാത്രം പഠന വിടവുണ്ടായി എന്നതിലൊന്നും ഒരു തിട്ടവുമില്ല.സാഹചര്യങ്ങള്‍ തുടരുമ്പോള്‍ പ്രതികരണങ്ങളുടെ മട്ടുംമാതിരിയും മാറും. 42 ശതമാനം കുട്ടികള്‍ വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത ക്ലാസുകള്‍ കണ്ടിട്ടില്ല എന്നു നേരത്തെ സൂചിപ്പിച്ചു. അധ്യാപകരുടെ ഇടപെടലുകളിലൂടെ പഠനപ്രവര്‍ത്തനങ്ങളില്‍ അവരും ഏര്‍പ്പെട്ടിട്ടുണ്ടാകാം. എന്നാലും പഠനവിടവുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത് അവര്‍ക്കു തന്നെ ബോധ്യപ്പെടുക പുതിയ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുമ്പോഴാണ്. സാധാരണ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് അയത്ന ലളിതമായി പഠിച്ചു പോകാവുന്ന ഒരുവിഷയവുമില്ല. പല മട്ടിലുള്ള പിന്തുണാ സംവിധാനങ്ങളുടെ സഹായത്തോടെ മാത്രമേ പഠനം നടക്കുകയുള്ളൂ. ശ്രദ്ധിക്കുന്നവര്‍ക്കറിയാം, ശരാശരിക്കു മുകളില്‍ സ്വന്തം നിലയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാഹചര്യമുള്ളവര്ക്കുമാണ് കൂടുതല്‍ പിന്തുണ കിട്ടുന്നതും വേണ്ടിവരുന്നതും. ദരിദ്രസാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ സ്വന്തം നിലയില്‍ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ സമ്പന്നരുടെ മക്കള്‍ ട്യൂഷനും മറ്റു സഹായ സംവിധാനങ്ങള്‍ക്കും അടിപ്പെടുന്നു. സ്കൂളുകള്‍ തുറക്കാതിരുന്ന കൊവിഡ് കാലത്തും ട്യൂഷന് സെന്ററുകള്‍ പ്രവര്‍ത്തിച്ച തോര്‍ക്കുക. ആരാണവിടെ പോയിരുന്നത്?
ചുരുക്കത്തില്‍, സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ, മുന്നാക്കക്കാരെന്നോ പിന്നാക്കക്കാരെന്നോ ഭേദമില്ലാതെ വിദ്യാര്‍ത്ഥി സമൂഹമപ്പാടെ കുറ്റമറ്റ പഠന സംവിധാനങ്ങള്‍ക്കായി മുറവിളി കൂട്ടുന്ന ഒരുവര്‍ഷമാണ് വരാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ മുന്നൊരുക്കങ്ങളുടെ പേരില്‍, ക്ലാസുകള്‍ തയ്യാറാക്കാനുള്ള സമയക്കുറവിന്റെ പേരില്‍ പിന്തുണ സംവിധാനത്തിലെ പാളിച്ചകളുടെ പേരില്‍ ഒന്നും ഒഴികഴിവു പറഞ്ഞു രക്ഷപ്പെടാന്‍ ഇത്തവണ അധികൃതര്‍ക്കാവില്ല. ഓണ്‍ലൈനാണെങ്കില്‍ ഓണ്‍ലൈന്‍, അതു കുറ്റമറ്റ രീതിയില്‍ എല്ലാവര്ക്കും ഒരേ മട്ടില്‍ ലഭ്യമാകുന്ന രീതിയില്‍ സംവിധാനം ചെയ്തു നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ബന്ധിക്കപ്പെടും.
കുട്ടികളുടെ സര്‍ഗാത്മകശേഷികള്‍ പുറത്തെടുക്കാന്‍ സഹായകമാം വിധം ക്ലാസുകള്‍ പുന:സംവിധാനം ചെയ്യണം. ആസ്വദിക്കാനും പ്രകടിപ്പിക്കാനുമുള്ള തുറന്ന അവസരം അവര്‍ക്കു കിട്ടണം. ചെറിയ ചെറിയ ഏറെ ക്ലാസുകള്‍ എന്നതിനെക്കാള്‍ കുറേകൂടി നീണ്ട കുറച്ചു ക്ലാസുകള്‍ എന്ന രീതിയിലേക്ക് മാറേണ്ടിവന്നേയ്ക്കാം. തുടക്കത്തില്‍ സര്‍ഗാത്മകതയുടെ ഏതാനും നിമിഷങ്ങള്‍. കലാപരിപാടികള്‍ കുട്ടികള്‍ ആസ്വദിക്കട്ടെ. തുടര്‍ന്ന ക്ലാസ് അതോടെ വിക്ടേഴ്സിനോട് തല്ക്കാലം വിടപറയാം. തുടര്‍ന്ന് ക്ലാസധ്യാപികയുടെ അവസരമാണ്. നേരത്തെ കണ്ട കലാപരിപാടിയുടെ തുടര്‍ച്ചയെന്ന നിലയില്‍ കുട്ടികളുടെ പ്രകടനങ്ങള്‍ക്ക് അവസരം നല്‍കാം. ടീച്ചര്‍ക്കും സര്‍ഗാത്മകത പ്രകടനമാകാം. ശേഷം വിക്ടേഴ്സില്‍ അവതരിപ്പിക്കപ്പെട്ട മുഖ്യ ആശയത്തിന്റെ ആഴത്തിലേയ്ക്കും പരപ്പിലേയ്ക്കും കടന്നു ചെല്ലുന്ന ചര്‍ച്ചകളാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: