ഭരണഘടനാ തത്വങ്ങളെ ഭരണപരമായ ഉത്തരവുകളിലൂടെ ലംഘിക്കാനാവില്ലെന്ന് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണത്തില്‍ മുസ്ലിങ്ങളുടെ ആധിപത്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ കേരള ഹൈക്കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമെന്ന് കോടതി പറയുന്ന ഈ ചെയ്തിയാണ് പിണറായി സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായും ജനാധിപത്യപരമായും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിയമാനുസൃതം കൈക്കൊള്ളുന്ന നടപടികള്‍ക്കെതിരെ പ്രമേയം പാസ്സാക്കുകയെന്നത് മുഖ്യ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും മറ്റും പ്രമേയങ്ങള്‍ പാസ്സാക്കിയതിന്റെ തുടര്‍ച്ചയാണ് ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്കാരങ്ങളെ എതിര്‍ത്തുകൊണ്ട് നിയമസഭ പ്രമേയം പാസ്സാക്കിയത്. കേന്ദ്ര സര്‍ക്കാരിനെ അന്ധമായി വിമര്‍ശിക്കുന്ന പ്രമേയം പ്രതിപക്ഷംകൊണ്ടുവന്ന ദുരുപദിഷ്ടമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് പാസ്സാക്കിയത്. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും, അവിടുത്തെ സാംസ്കാരികത സംരക്ഷിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെടുന്നത് അത്യന്തം പരിഹാസ്യമാണ്.
മുഖ്യമന്ത്രി പിണറായി അവതരിപ്പിച്ച പ്രമേയത്തിലും, അതിനെ പിന്തുണച്ചു സംസാരിച്ച ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗങ്ങളിലും ആവര്‍ത്തിക്കുന്ന ഒരു പദപ്രയോഗം ‘അവിടുത്തെ ജനത’ എന്നതാണ്. ആരാണിവര്‍? ഈ പറയുന്നത് ഇന്ത്യയെന്ന മഹാരാജ്യത്തെ ജനങ്ങളാണ്, പൗരന്മാരാണ്. ലക്ഷദ്വീപ് എന്നത് ഒരു കേന്ദ്ര ഭരണ പ്രദേശമാണ്. അത് ഭരിക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്രം നിയോഗിച്ചിരിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയ്ക്ക് പ്രഫുല്‍ പട്ടേല്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ലക്ഷദ്വീപിന്റെ കാര്യത്തിലിടപെടാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഇതു മനസ്സിലാക്കാതെ പണ്ടത്തെ ബ്രണ്ണന്‍ കോളജ് മോഡല്‍ പ്രസംഗം തീര്‍ത്തും തന്റെ അധികാര പരിധിക്കപ്പുറത്തുള്ള ഒരു പ്രദേശത്തിന്റെ കാര്യത്തില്‍ നടത്തിയാല്‍ അത് ആര് വകവയ്ക്കാനാണ്. മുഖ്യമന്ത്രി പിണറായി തന്റെ വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗങ്ങളിലും നിരന്തരം ഉരുവിടുന്ന ഒരു വാക്കാണ് അസംബന്ധം. അങ്ങേയറ്റം അസംബന്ധം എന്നേ ലക്ഷദ്വീപിനെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ പാസ്സാക്കിയ പ്രമേയത്തെക്കുറിച്ചും പറയാനുള്ളൂ. ലക്ഷദ്വീപിലെ തെങ്ങുകള്‍ക്ക് ബാധിക്കുന്ന രോഗം തടയാന്‍ മണ്ണ് പൂശിയിരുന്നു. ഇതിനെ സംഘപരിവാറിന്റെ കാവിവല്‍ക്കരണമായി ചിത്രീകരിക്കാന്‍ അസാമാന്യമായ ഉളുപ്പില്ലായ്മ തന്നെ വേണം. ഇരിക്കുന്ന കസേരയുടെ ബലത്തില്‍ എന്തു വങ്കത്തവും വിളിച്ചുപറയാമെന്ന് ഭരണാധികാരികള്‍ കരുതാന്‍ പാടില്ല. അത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാവും.
ലക്ഷദ്വീപിന്റെ കാര്യത്തില്‍ എന്ത് ആവശ്യങ്ങളുന്നയിച്ചാണോ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് അതേ ആവശ്യങ്ങള്‍ അന്നുതന്നെ കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു എന്നതാണ് ശ്രദ്ധേയം. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരിഷ്കരണങ്ങളില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ദ്വീപിലെ ഭൂവിനിയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കരട് റെഗുലേഷനില്‍ ഹര്ജിക്കാരന് അഭിപ്രായങ്ങളുണ്ടെങ്കില്‍ അഡ്മിനിസ്്ട്രേറ്റര്ക്ക് സമര്‍പ്പിക്കാമെന്നും, എന്നാല്‍ അത് പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും സംശയലേശമെന്യേ കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്കരണങ്ങള്‍ അടിയന്തരമായി തടയണമന്ന ആവശ്യം നേരത്തെ ഹൈക്കോടതി നിരാകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ഉത്തരവ്. ഫലത്തില്‍ ലക്ഷദ്വീപിനെ മുന്‍നിര്‍ത്തിയുള്ള ജിഹാദി പ്രചാരണവും നിയമസഭാ പ്രമേയവും റദ്ദാക്കുകയാണ് രണ്ട് കോടതി ഉത്തരവുകളും. ലക്ഷദ്വീപില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനവും മുസ്ലിങ്ങളാണ്. ഇവരെ മുന്‍നിര്‍ത്തിയുള്ള മത രാഷ്ട്രീയമാണ് ബിജെപി വിരുദ്ധര്‍ പ്രയോഗിക്കുന്നത്. ലക്ഷദ്വീപിന്റെ വികസനവും ജനങ്ങളുടെ പുരോഗതിയും ഉറപ്പുവരുത്തുന്ന നടപടികള്‍ വിജയിച്ചാല്‍ അവിടുത്തെ ജനങ്ങള്‍ ബിജെപിയോട് അനുഭാവമുള്ളവരായിത്തീരും. ഇതു തടയാന്‍ പ്രധാനമന്ത്രി മോദിയും കേന്ദ്ര സര്‍ക്കാരും ലക്ഷദ്വീപുകാര്‍ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഹീനമായ പ്രചാരണമാണ് ചില മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്നത്. ഈ ജിഹാദി അജണ്ട വിജയിക്കില്ല. ഇതുമായി ദ്വീപിലേക്കു പോകുന്നവര്‍ അറബിക്കടലില്‍ മുങ്ങിത്താഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: