തിരുവനന്തപുരം: ശബരിലയിലെ യുവതീ പ്രവേശനവിധിയില്‍ കാട്ടിയ തിടുക്കം മുഖ്യമന്ത്രി പിണറായി വിജയന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിലില്ല. വിധിയെ അനുകൂലിച്ച് ക്രൈസ്തവ സംഘടനകളും പ്രതികൂലിച്ച് മുസ്ലിം സംഘടനകളും രംഗത്ത് വന്നതോടെ ഇടതു-വലതു മുന്നണികളിലും വ്യത്യസ്ത അഭിപ്രായം രൂപപ്പെട്ടു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നാണ് ഹൈക്കോടതി നിരീക്ഷണം. അതേസമയം ശബരിമല വിധിക്ക് മേല്‍ സാവകാശത്തിന് പോലും മുതിരാതെ യുവതികളെ ആചാരം ലംഘിച്ച് മലചവിട്ടിക്കാനാണ് സര്‍ക്കാര്‍ തിടുക്കം കാട്ടിയത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് വിധി പഠിച്ചശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി ഉത്തരവോടെ ഇല്ലാതായത്. വോട്ട് ബാങ്ക് രാഷ്‌ട്രീയം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളായതു കൊണ്ട് കോടതിവിധിയില്‍ ഇരുമുന്നണികളും അഭിപ്രായപ്രകടനത്തിന് മുതിരുന്നുമില്ല. അതേസമയം യുഡിഎഫില്‍ രണ്ടു നിലപാടുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. സിപിഎമ്മിനുള്ളിലും ഈ വിഷയത്തില്‍ ഏകാഭിപ്രായമില്ല. ന്യൂനപക്ഷ അവകാശങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ലെന്നും എല്ലാവര്‍ക്കും ലഭിക്കാനാണ് കോടതി വിധി വന്നതെന്നും അത് നടപ്പാക്കണമെന്നുമാണ് ബിജെപി നിലപാട്. നിലവില്‍ ബിജെപി മാത്രമാണ് വിഷയത്തില്‍ നിലപാട് പരസ്യമായി വ്യക്തമാക്കിയത്.
മുസ്ലിങ്ങള്‍ക്ക് പരിഗണന നല്‍കേണ്ടതാണെന്ന നിലപാട് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പരസ്യമായി പ്രകടിപ്പിച്ചു. വിധി നടപ്പാക്കുമെന്നാണ് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. സാമൂഹിക-സാമ്പത്തിക സാഹചര്യം പരിശോധിച്ചല്ലാതെ, മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാ അനുപാതത്തില്‍ ആനുകൂല്യം നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് പാലോളി മുഹമ്മദ് കുട്ടിയും വ്യക്തമാക്കി. വിധി നടപ്പാക്കേണ്ട ഭരണപക്ഷ പാര്‍ട്ടിയില്‍ നിന്നുതന്നെ അഭിപ്രായഭിന്നത ഉടലെടുത്തത് സങ്കീര്‍ണത വര്‍ദ്ധിപ്പിക്കുന്നു. യുഡിഎഫിലെ ഘടകകക്ഷികളായ മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും വിഷയത്തില്‍ രണ്ട് തട്ടിലാണ്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടപ്പോള്‍ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പി.ജെ. ജോസഫിന്റ പ്രതികരണം.
വിഎസ് സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവായതുകൊണ്ടു തന്നെ, സിപിഎം കൂടുതല്‍ കരുതലെടുക്കുന്നു. സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് സ്‌കോളര്‍ഷിപ്പ് സ്‌കീം വരുന്നത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പിണറായി വിജയനും ഉടനൊന്നും പരസ്യ പ്രതികരണം നടത്താനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: