ന്യൂദല്‍ഹി: പങ്കെടുക്കാമെന്ന് അറിയിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള യോഗം ബഹിഷ്കരിക്കുകയായിരുന്നുവെന്നും ഇതു സംബന്ധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ പ്രസ്താവനകള്‍ വസ്തുതാ വിരുദ്ധമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. മമതയുടെ നടപടി വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരിക്കെയാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തിയത്. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് യോഗസ്ഥലത്തുനിന്ന് മടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം ഇതോടെ ദുര്‍ബലമായി. യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്താന്‍ വെള്ളിയാഴ്ച മോദി വിളിച്ച യോഗത്തില്‍നിന്നാണ് മമത വിട്ടുനിന്നത്.
യോഗസ്ഥലത്തുനിന്ന് മടങ്ങാന്‍ പ്രധാനമന്ത്രി അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മമതാ ബാനര്‍ജി എത്തുംവരെ പ്രധാനമന്ത്രി കാത്തിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ‘ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉണ്ടായിരുന്നുതുകൊണ്ട് യോഗം ബഹിഷ്ക്കരിക്കാന്‍ മമത തീരുമാനിച്ചു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രാധാന്യമെന്നതിനാല്‍ ഇതു സംബന്ധിച്ച് ഒരു തര്‍ക്കവുമുന്നയിച്ചില്ല. പ്രധാനമന്ത്രി ബംഗാളിലെത്തിയത് അവലോകന യോഗത്തിനു വേണ്ടിയാണെന്നതിനാല്‍ യോഗശേഷം ഉടന്‍ ബന്ധപ്പെടാമെന്ന് മമതയെ അറിയിക്കുകയായിരുന്നു’- സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച മമത വൈകിയതു മൂലം അരമണിക്കൂറോളം പ്രധാനമന്ത്രി കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ യോഗസ്ഥലത്തെത്തിയ മുഖ്യമന്ത്രി റിപ്പോര്‍ട്ട് കൈമാറിയശേഷം ഉടന്‍തന്നെ മടങ്ങുകയും ചെയ്തു. പിന്നാലെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ്യെ കേന്ദ്രം തിരിച്ചുവിളിക്കുകയും തിങ്കളാഴ്ച രാവിലെ പത്തിന് പഴ്സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയത്തിന്റെ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച സര്‍വീസില്‍നിന്ന് വിരമിച്ച ബന്ദോപാധ്യായ്യെ മമത മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. മൂന്ന് ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: