കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് വിവാദ ഇടനിലക്കാരനായ നന്ദകുമാറാണെന്ന് നടി പ്രിയങ്ക. തെരഞ്ഞെടുപ്പ് ചെലവുകള്‍ വഹിച്ചതും ഷിജു വര്‍ഗ്ഗീസിനെ പരിചയപ്പെടുത്തിയതും ഇയാള്‍ ആണെന്നും നടി അറിയിച്ചു. കൊല്ലം കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ സ്വന്തം വാഹനം കത്തിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ മൊഴിയിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിയായി കുണ്ടറയില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ ഡിഎസ്‌ജെപി സ്ഥാനാര്‍ഥിയായിരുന്നു സീരിയല്‍ സിനിമ നടി പ്രിയങ്ക. ഇഎംസിസി ഡയറക്ടര്‍ ഷിജു എം.വര്‍ഗീസും ഡിഎസ്‌ജെപിയുടെ ബാനറില്‍ തന്നെയാണ് ഫിഷറീസ് മന്ത്രിയായിരുന്ന ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിച്ചിരുന്നു. പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെയും സ്ഥാനാര്‍ത്ഥികളുടെയും മൊഴി എടുക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ചാത്തന്നൂര്‍ എസിപി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് പ്രിയങ്കയുടെ മൊഴിയെടുത്തത്. സ്ഥാനാര്‍ത്ഥിയാക്കിയതും തെരഞ്ഞെടുപ്പു ചെലവുകള്‍ വഹിച്ചതും വിവാദ ഇടനിലക്കാരന്‍ നന്ദകുമാറാണെന്ന് പ്രിയങ്ക പോലീസിനോട് പറഞ്ഞു. നന്ദകുമാറിന്റെ സഹായി ജയകുമാര്‍ വഴിയായിരുന്നു പണം നല്‍കിയത്. ഗൂഗിള്‍ പേ വഴി ഒന്നര ലക്ഷം രൂപയും നാല് ലക്ഷം രൂപ നേരിട്ടും ആണ് കൈമാറിയത്. ഏഴ് ലക്ഷം രൂപയാണ് മൊത്തം ചെലവ്. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായതെന്നും അവര്‍ വ്യക്തമാക്കി.
ഷിജു എം. വര്‍ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാര്‍ത്തയിലൂടെയാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്. നന്ദകുമാര്‍ തനിക്ക് മാനസ്സികമായി ബുദ്ധിമുട്ടുണ്ടാക്കി. തന്റെ ഫോണ്‍ നമ്പര്‍ നന്ദകുമാര്‍ ബ്ലോക്ക് ആക്കി. തെരഞ്ഞെടുപ്പ് ചിലവ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കുകളെല്ലാം നന്ദകുമാറിന്റെ പക്കലാണ്. കണക്കുകള്‍ സംബന്ധിക്കുന്ന രേഖകള്‍ തനിക്ക് വേണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: