നാല് ലക്ഷം കുട്ടികളെ അക്ഷരമുറ്റത്തേക്ക് ആനയിച്ചുകൊണ്ട് ഒരു പ്രവേശനോത്സവത്തിനുകൂടി തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്രയും കുട്ടികള്‍ ഈ വര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് പഠനം തുടങ്ങുമ്പോള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ മനസ്സില്‍ ആശങ്കയൊഴിയുന്നില്ല. പഠിച്ച് വലിയവരാകണമെന്ന് ആഗ്രഹിക്കുന്ന തങ്ങളുടെ കുട്ടികള്‍ക്ക് അതിനുള്ള സാഹചര്യം ഒരുങ്ങാത്തതാണ് ഈ ആശങ്കകള്‍ക്ക് കാരണം. പുത്തനുടുപ്പിന്റെയും പുസ്തകങ്ങളുടെയുമൊക്കെ നറുമണം പരക്കുന്ന അന്തരീക്ഷം സമ്മാനിച്ചിരുന്ന അധ്യയന വര്‍ഷാരംഭം ഗൃഹാതുരമായ ഓര്‍മയായി മാറുകയാണോ? കൊറോണ മഹാമാരി വാരിവിതച്ച ആശങ്കകള്‍ക്കിടെ ക്ലാസ്സിലിരുന്ന് പഠിക്കാനുള്ള അവസരം കഴിഞ്ഞവര്‍ഷം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെട്ടു. ഓണ്‍ലൈന്‍ പഠനമെന്ന ബദല്‍ സംവിധാനം നിലവില്‍ വന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, പല അധ്യാപകര്‍ക്കു പോലും അതുമായി ഇണങ്ങിച്ചേരാനോ പൊരുത്തപ്പെടാനോ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഒരുവിധത്തില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നുമാത്രം. പല പരീക്ഷകളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടിവന്നു. ഇക്കാര്യത്തില്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും മുന്‍കാലത്തെ ‘പെര്‍ഫോര്‍മന്‍സ്’ നോക്കി മാര്‍ക്കു നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇപ്രകാരമുള്ള മാര്‍ക്ക് ലഭിക്കുകയും വിജയിക്കുകയും ചെയ്താലും നഷ്ടബോധം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ബാക്കി നില്ക്കും.
ഓണ്‍ലൈന്‍ രീതിയെ ആശ്രയിച്ചാവും ഈ അധ്യയന വര്‍ഷത്തെയും പഠനം എന്നുവേണം വിലയിരുത്താന്‍. കൊവിഡ് രോഗവ്യാപനം ശമിച്ചാലല്ലാതെ മാറിച്ചിന്തിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ രീതിയിലൂടെയുള്ള പഠനത്തിന് നിരവധി പരിമിതികളുണ്ട്. എല്‍പി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മുതിര്‍ന്നവരുടെ സഹായമില്ലാതെ ക്ലാസ്സുകള്‍ അറ്റന്‍ഡു ചെയ്യാനാവില്ല. മാതാപിതാക്കള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ജോലിക്കാരായവരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഇപ്പോഴും ലഭ്യമല്ല. അയല്‍വീടുകളെയും മറ്റും ആശ്രയിച്ചാണ് പലരും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ കയറുന്നത്. ഈ സൗകര്യങ്ങളൊക്കെ ലഭ്യമായ വിദ്യാര്‍ത്ഥികളിലും അവരുടെ മാതാപിതാക്കളിലും പഠനം ഫലപ്രദമല്ലെന്ന വികാരം ശക്തമാണ്. ക്ലാസ് മുറികളിലിരുന്ന് അധ്യാപകര്‍ പറയുന്നതനുസരിച്ച് പാഠഭാഗങ്ങള്‍ നോക്കി പഠിക്കുന്നതുപോലെ ഓണ്‍ലൈന്‍ വഴി അറിവുകള്‍ ഹൃദിസ്ഥമാക്കാന്‍ കുട്ടികള്‍ക്കാവുന്നില്ല. പരമ്പരാഗത ബോധനരീതിയില്‍നിന്ന് മാറി പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തമ്മിലുണ്ടാകുന്ന അകല്‍ച്ച വളരെ വലുതാണ്. ഇരുകൂട്ടരും തമ്മിലെ ആത്മബന്ധം നഷ്ടമാവുകയും ചെയ്യുന്നു. ഗുരുശിഷ്യ ബന്ധത്തിന്റെ ഇഴയടുപ്പം ഇല്ലാതാവുകയും ചെയ്യും. ഒരു വര്‍ഷം മുഴുവന്‍ പഠിച്ചതിന്റെ ഫലപ്രാപ്തി അളക്കുന്ന പരീക്ഷകള്‍ക്ക് തടസ്സം നേരിടുന്നത് പല കുട്ടികള്‍ക്കും ഒരു മാനസിക പ്രശ്നം തന്നെയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം പ്രതിസന്ധികളുടേതായിരുന്നു. അക്കാദമിക് രംഗത്തുനിന്നുള്ള ഒരാള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നിട്ടും ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായും സമയോചിതമായും പരിഹരിക്കാന്‍ കഴിഞ്ഞില്ല. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാഴ്വാക്കായി. കുട്ടികള്‍ക്ക് ലാപ്ടോപ്പ് എത്തിക്കുന്ന വിദ്യാശ്രീ പദ്ധതി പ്രഹസനമായിത്തീര്‍ന്നു. ഒരു വര്‍ഷത്തിനിടെ ഒന്നേകാല്‍ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടും വെറും ഇരുന്നൂറോളം ലാപ്ടോപ്പുകള് മാത്രമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. സര്‍ക്കാരിന്റെ ഈ പരാജയത്തെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പല വിദ്യാര്‍ത്ഥികളും മറികടന്നത്. പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയെ വേട്ടയാടുന്ന ഘടനാപരമായ പ്രശ്നങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. പ്രധാനാധ്യാപകരില്ലാത്ത വിദ്യാലയങ്ങള്‍തന്നെ വളരെയേറെയാണ്. ഈ ഒറ്റക്കാരണംകൊണ്ടുതന്നെ പല തരത്തില്‍ പഠനം അവതാളത്തിലാവും. രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ഓരോ കാര്യങ്ങള്‍ ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന് സംവിധാനം കുറ്റമറ്റതാക്കണമെന്ന നിര്‍ബന്ധബുദ്ധിയില്ല. ഇക്കുറി ഒന്നാം ക്ലാസ്സില്‍ ചേരുന്ന നാല് ലക്ഷം കുട്ടികള്‍ക്കും മുഖ്യമന്ത്രിയുടെ സന്ദേശമെത്തിക്കാന്‍ തീരുമാനിച്ചതുപോലുള്ള രാഷ്ട്രീയ പ്രേരിതമായ തന്ത്രങ്ങളാണ് പയറ്റുന്നത്. കൊവിഡ് കാലത്ത് അധ്യാപകരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന വിമര്‍ശനം ഉയരുകയും, പ്രതിഷേധം ശക്തിപ്പെടുകയും ചെയ്തതോടെയാണ് ഈ പരിപാടി വേണ്ടെന്നു വച്ചത്. വിദ്യാഭ്യാസം പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഭരണാധികാരികളുണ്ടായെങ്കിലേ ഇതിനൊക്കെ മാറ്റം വരികയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: