ഡോ.ഗോപി പുതുക്കോട്
പുതിയ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ (മെയ് 27 ന്) മുന്‍ വര്‍ഷത്തേതുപോലെ വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നു മുതല്‍ സംപ്രേഷണം ചെയ്യുമെന്നും. പഴയ ക്ലാസുകള്‍ക്ക് ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നാണ് പ്രഖ്യാപിച്ചത്., കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ക്ലാസുകളോടൊപ്പം എല്ലാവര്‍ക്കും ഡിജിറ്റല്‍ ക്ലാസിന്റെ ലഭ്യത ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി. ഫസ്റ്റ്ബെല്‍ ക്ലാസിനു പുറമെ അതത് അധ്യാപകര്‍ തയ്യാറാക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുമുണ്ടാവുമെന്നും ഇത്തവണ വെര്‍ച്വല്‍ പ്രവേശനോത്സവം എല്ലാ സ്‌കൂളുകളിലും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രീകൃത ഡിജിറ്റല്‍ ക്ലാസുകള്‍ തന്നെയാണ് ഇത്തവണയും മുഖ്യമെന്ന് ചുരുക്കം. കഴിഞ്ഞ വര്‍ഷം പ്രകടമായ പ്രശ്നങ്ങളെല്ലാം (പ്രാദേശികഭാഷയുടെ അഭാവം, കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ആശയങ്ങള്‍ അവതരിപ്പിക്കല്‍, തുടര്‍ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയോ ആധിക്യമോ, പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തത മുതലായവ) ഇത്തവണയും തലപൊക്കും. പഴയ ക്ലാസുകള്‍ ഭേദഗതിവരുത്തുമെന്ന് പറയുമ്പോള്‍ ആര്, എവിടെ എങ്ങനെ -എന്നൊന്നും വ്യക്തമല്ല. വിദഗ്ധരായ അധ്യാപകര്‍ കൈകാര്യം ചെയ്ത ക്ലാസുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തണമെങ്കില്‍ അതത് അധ്യാപകര്‍തന്നെ വേണം. അതെത്ര മാത്രം പ്രായോഗികമാണ്. വെട്ടിച്ചുരുക്കലുകള്‍ക്കാണെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ ഇടപെടല്‍ മതിയാകും. ഇപ്പോള്‍തന്നെ വളരെ കുറഞ്ഞ സമയത്തിലുള്ള ക്ലാസുകള്‍ (കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഭാഗങ്ങള്‍ പറഞ്ഞുപോകുന്നു എന്നതായിരുന്നല്ലോ പ്രധാന പരാതി) ഇനിയും വെട്ടിക്കുറച്ചാല്‍ എങ്ങനെയുണ്ടാവും? ഇതൊന്നുമല്ലെങ്കില്‍ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതു എന്താണ്.
കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ. കഴിഞ്ഞ വര്‍ഷം എന്‍ട്രി ക്ലാസുകളിലുള്ളവര്‍ക്കും ഇത്തവണ പുതുതായി ചേരുന്നവര്‍ക്കും. ഇത് ചാനല്‍ സംപ്രേഷണം വഴിയായിരിക്കാം. പ്രൈമറിവിഭാഗക്കാരെ സംബന്ധിച്ചെങ്കിലും രക്ഷാകര്‍ത്താക്കള്‍ക്കു കൂടി ഓറിയന്റേഷന്‍ ക്ലാസുകള്‍ നല്‍കണം. പഠനവിടവുണ്ടായത് നികത്താനാവശ്യമായ ക്ലാസുകളും മന്ത്രിവാഗ്ദാനം ചെയ്തിട്ടുണ്ട്. പഠന വിടവ് എല്ലാ ക്ലാസുകാര്‍ക്കും എല്ലാവിഷയങ്ങളിലുമുണ്ടായിട്ടുണ്ട്. അത് ആര്‍ക്കൊക്കെ,ഏതേതളവില്‍, ഏതു വിഷയങ്ങളില്‍ എന്നതിനെകുറിച്ച് ഒരു പഠനവും നടന്നിട്ടില്ല. അദ്ധ്യാപകര്‍ക്കുപോലും ഇതൊന്നും കൃത്യമായി അറിയില്ല. അത് അവരുടെ കുറ്റമല്ല. ഓണ്‍ലൈന്‍ പരീക്ഷകള്‍ സമഗ്രമായിരുന്നില്ല. എല്ലാപാഠഭാഗങ്ങളെയും സ്വായത്തമാക്കിയ എല്ലാ പഠനനേട്ടങ്ങളെയും സ്പര്‍ശിക്കുന്ന വിധം ഒരു മൂല്യനിര്‍ണയം നടന്നിട്ടില്ല. വാര്‍ഷിക പരീക്ഷ നടക്കാന്‍ സാധ്യതയില്ലെന്നു ബോധ്യപ്പെട്ടതോടെ അവസാനപാദത്തില്‍ കൃത്യമായ മോണിറ്ററിംഗ് പോലും നടന്നിട്ടില്ല. കുട്ടികളും പഠന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിടപറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനകാലത്ത് പ്ലസ് വണ്‍ ,പ്ലസ്ടു ക്ലാസുകളിലേയ്‌ക്ക് കേന്ദ്രീകരിക്കപ്പെട്ടു. പഠനവിടവുകള്‍ വിളക്കിച്ചേര്‍ക്കുന്നതിനുള്ളസാങ്കല്പികമായ പ്രവര്‍ത്തനങ്ങളേ ആലോചിക്കാനാവൂവെന്ന് ചുരുക്കം.
പൊതുപഠന കേന്ദ്രങ്ങള്‍ എന്ന ആശയം പരാജയപ്പെട്ടതു നാം കണ്ടതാണ്. കഴിവതും വീടുകളില്‍ നിന്നുതന്നെ ക്ലാസുകള്‍ കാണാനാവണം. പല ക്ലാസുകളിലെ കുട്ടികള്‍ ഒരേ സമയം ഒരു കേന്ദ്രത്തിലെത്തുമ്പോള്‍ ഒരു ക്ലാസിനും ആവശ്യമായ ശ്രദ്ധ ലഭിക്കില്ല. കേവലം ഒത്തു കൂടല്‍ എന്നതിനപ്പുറം പഠനപ്രവര്‍ത്തനത്തിന്റെ ഗൗരവത്തിലേയ്‌ക്ക് അതെത്തുകയുമില്ല.
എത്ര കണിശമായ ആസൂത്രണം ചെയ്താലും എല്ലാ ക്ലാസുകാര്‍ക്കും ആവശ്യമായ ക്ലാസുകള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു വ്യക്തമാണ്. പല ക്ലാസുകളും പല വിഷയങ്ങളും മാറ്റി നിര്‍ത്തപ്പെടും. ന്യൂനപക്ഷഭാഷകള്‍ക്ക് (സംസ്‌കൃതം, അറബി, ഉറുദു, കന്നട, തമിഴ്) ആവശ്യമായതിന്റെ ചെറിയൊരളവു ക്ലാസുകളേ കഴിഞ്ഞ തവണ ലഭിച്ചിട്ടുള്ളൂ. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കപ്പെടും. ഇവിടെയാണ് ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്കു പുറമെ അതതധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകളുമുണ്ടാകുമെന്ന അറിയിപ്പ് ആശ്വാസകരമാകുന്നത്. ഇതിനായി അധ്യാപകര്‍ സ്‌കൂളുകളിലെത്തി ഐടിസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും വേണം.
എത്രമാത്രം പ്രായോഗികമാണ് ഈ നിര്‍ദ്ദേശമെന്നതും ഗൗരവമായി ചര്‍ച്ചചെയ്യേണ്ടവിഷയമാണ്. ഒരു വര്‍ഷം മുഴുവന്‍ ഓണ്‍ലൈനിലൂടെ സംവിധാനത്തെ പിടിച്ചുനിര്‍ത്തിയപ്പോഴും അതില്‍ സാധാരണ അധ്യാപകരുടെ പങ്കാളിത്തം എത്രമാത്രമുണ്ടായിരുന്നു എന്ന ചോദ്യം ഉയര്‍ന്നുവരുന്നതിവിടെയാണ്. സര്‍ക്കാര്‍ – എയ്ഡഡ് മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്വന്തം നിലയില്‍ തയ്യാറാക്കി അവതരിപ്പിച്ച എത്ര അധ്യാപകര്‍ കാണും? അങ്ങനെയൊരു കണക്കെടുത്താല്‍ നിരാശയായിരിക്കും ഫലം. അതിന് അവസരമുണ്ടായില്ല എന്നതും വസ്തുതയാണ്. ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തികച്ചും താല്‍ക്കാലികമാണെന്നും ഇതിന്റെ യഥാര്‍ത്ഥ അവതരണങ്ങള്‍ സ്‌കൂള്‍ തുറന്നാല്‍ നടക്കുമെന്നും ആദ്യമേ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ തുടക്കം മുതല്‍ തന്നെ സ്വന്തം നിലയ്‌ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് അധ്യാപകര്‍ ആലോചിച്ചതേയില്ല. അതേ സമയം അണ്‍ എയ്ഡഡ് മേഖലയില്‍ ആ സംവിധാനം നിലവില്‍ വരികയും ചെയ്തു. സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ള ന്യൂനപക്ഷം അധ്യാപകര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി അതു പ്രയോജനപ്പെടുത്തി. അവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ തയ്യാറാക്കേണ്ടി വന്നില്ല. ഭൂരിപക്ഷം വരുന്ന മറുഭാഗമാകട്ടെ വാട്സാപ്പിലൂടെ വിദഗ്ധര്‍ തയ്യാറാക്കുന്ന പഠന സാമഗ്രികള്‍ ഷെയര്‍ ചെയ്യുന്നതില്‍ തൃപ്തരായി. ഒരു പ്രഭാഷണമോ ഗാനമോ റിക്കാര്‍ഡു ചെയ്ത് കേള്‍പ്പിക്കുന്നത്ര ലാഘവത്തോടെ ചെയ്യാവുന്ന ഒന്നല്ല ഒരു ക്ലാസ്. അതിന് പ്രത്യേക പരിശീലനം ആവശ്യമാണ്. സാങ്കേതികവിദ്യയില്‍ പ്രാവീണ്യം ആവശ്യമാണ്. അതല്ലെങ്കില്‍ കേവലം വാട്സാപ് യോഗങ്ങളായോ ഗൂഗിള്‍ മീറ്റുകളായോ ഇത്തരം ക്ലാസുകള്‍ മാറാനിടയുണ്ട്.
വാട്സാപ്പ് ക്ലാസുകളില്‍ മുഖാമുഖം കാണുന്നില്ല എന്നതാണ് ആദ്യ പ്രതിസന്ധി. എഴുതിയോ ശബ്ദസന്ദേശമായോ പങ്കാളിത്തം ഉറപ്പാക്കാമെങ്കിലും സമയക്രമം പാലിക്കാന്‍ എഴുതുന്ന രീതിയാണ് പൊതുവെ അവലംബിക്കുന്നത്. കുട്ടിതന്നെയാണ് ഇതില്‍ പങ്കെടുക്കുന്നത് എന്നതിനു തെളിവില്ല. രക്ഷിതാക്കള്‍, വിശേഷിച്ച് അമ്മമാര്‍ വാട്സാപിലൂടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ധാരാളം അനുഭവങ്ങള്‍ കഴിഞ്ഞ വര്‍ഷമുണ്ടായി. അതും ചെറിയ ക്ലാസുകളില്‍. കുട്ടിയുടെ ഫോണിലല്ല ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ഒരു പാടുനേരം ഒരു ക്ലാസിനായി ഫോണ്‍ വിട്ടു കൊടുക്കാന്‍ രക്ഷിതാവിനു കഴിയണമെന്നില്ല. ഫോണിന്റെ സംഭരണശേഷിതീരുന്നതും തടസമാണ്. ഒരു ക്ലാസിലെ മുഴുവന്‍ ഭാഗങ്ങളും ഫോണില്‍ സൂക്ഷിച്ചുവെക്കാനുമാവില്ല. വാട്സാപ് ക്ലാസുകള്‍ കേവലം ഒരു യോഗത്തിനപ്പുറത്തേയ്‌ക്കുള്ള ഗൗരവത്തിലേയ്‌ക്ക് ഒരിക്കലും ഉയരുന്നില്ലെന്നു കാണാം. ക്ലാസുകള്‍ക്ക് തുടര്‍ച്ചയോ ക്രമമോ ഉണ്ടാകില്ല. എത്ര പേര്‍ കണ്ടു, പങ്കെടുത്തു എന്നതും കൃത്യമാവില്ല. സമാന്തരമായി നടക്കുന്ന ഫസ്റ്റ്ബെല്‍ ക്ലാസുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകര്‍ ആശ്രയിക്കുന്നത് വാട്സാപിനെതന്നെ. സ്വാഭാവികമായും കുട്ടികള്‍ക്കു മടുക്കും. വാട്സാപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ അധികം മുന്നോട്ടു പോകില്ലെന്നര്‍ത്ഥം.
ഗൂഗിള്‍ മീറ്റില്‍ മുഖാമുഖം കണ്ടു കൊണ്ട് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാം. എന്നാല്‍ സദാസമയം വീഡിയോ തുറന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ എത്രമാത്രം ക്ലാസു പിന്തുടരുന്നു എന്നു നിര്‍ണ്ണിയിക്കാനാകാതെ ടീച്ചര്‍ വിഷമിക്കും. മറ്റൊരു പ്രധാനപ്രശ്നം റേഞ്ചു ഇല്ലായ്മയാണ്. മുതിര്‍ന്ന ക്ലാസുകാര്‍ക്ക് ഗൂഗിള്‍ മീറ്റുകള്‍ ഫലപ്രദമാണ്. എന്നാല്‍ കൊച്ചു കുട്ടികളെസംബന്ധിച്ചു അതും പതിവാക്കാനാവില്ല. ഫസ്റ്റ് ബെല്‍ ക്ലാസുകളുടെ മാതൃകയില്‍ ഹ്രസ്വ സമയത്തേയ്‌ക്കുള്ളവീഡിയോക്ലാസുകള്‍ തന്നെയാണ് അഭികാമ്യം. പ്രധാനപ്പെട്ട ഒരു പഠന പ്രവര്‍ത്തനം വിശകലം ചെയ്യുന്ന മട്ടില്‍ പരമാവധി അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകള്‍. അതും ഫസ്റ്റ് ബെല്‍ ക്ലാസുകളിലെ വിടവു നികത്തുന്ന രീതിയില്‍ സംവിധാനം ചെയ്യാനായാല്‍ കൂടുതല്‍ ഗുണം ചെയ്യും. ഒട്ടുമിക്ക സ്‌കൂളുകളിലും സാങ്കേതികവിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികളുണ്ട്. അതില്‍ വൈദഗ്ധ്യമുള്ള അധ്യാപകരുമുണ്ടാകും. അവരുടെ സഹകരണത്തോടെ ക്ലാസുകള്‍ റിക്കാര്‍ഡ് ചെയ്യാം. എത്രമാത്രം പരിമിതികളുണ്ടെങ്കിലും സ്വന്തം ടീച്ചറുടെ ക്ലാസുകള്‍ക്ക് കുട്ടികളുടെ ഭാഗത്തു നിന്ന് സ്വീകാര്യതയേറും.
ആഴ്ചയിലൊരിക്കല്‍ ലഭിക്കുന്ന ഫസ്റ്റ് ബെല്‍ ക്ലാസുകളുടെ അധിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ മൂന്നു വിധം പ്ലാറ്റ് ഫോമുകളെ പരസ്പരം ബന്ധിപ്പിക്കാം. ഒന്ന്, കഴിഞ്ഞ ക്ലാസിന്റെയും ഇപ്പോള്‍ കിട്ടിയ ക്ലാസിന്റെയും ഇടയില്‍ പ്രധാന വിടവു നികത്താനുതകും വിധമുള്ള ഒരു വീഡിയോ. ടെലഗ്രാം വഴി സുഗമമായി അതു കുട്ടികളിലെത്തിക്കാം. രണ്ട് വാട്സാപ്പിലൂടെ നല്‍കുന്ന തുടര്‍പ്രവര്‍ത്തനനിര്‍ദ്ദേശങ്ങള്‍,വര്‍ക്ക് ഷീറ്റുകള്‍ ഫോര്‍മാറ്റുകള്‍ എന്നിവ. മൂന്ന്, ഗൂഗിള്‍ മീറ്റിലൂടെയുള്ള സമഗ്രമായ അവലോകനവും അടുത്ത ആസൂത്രണവും. ഇങ്ങനെ പ്ലാറ്റ്ഫോമുകള്‍ മാറിമാറി ഉപയോഗപ്പെടുത്തുമ്പോള്‍ ഒന്നിനോടും കുട്ടികള്‍ക്ക് മടുപ്പനുഭവപ്പെടില്ലെന്നു മാത്രമല്ല ഓരോന്നും പുതുതായി തോന്നുകയും ചെയ്യും.
ഓര്‍ക്കേണ്ട കാര്യം കഴിഞ്ഞ വര്‍ഷവും ഈ രീതിയില്‍ കാര്യക്ഷമമായി ക്ലാസുകള്‍ കൈര്യം ചെയത കുറച്ചുപേരുണ്ടായിരുന്നു എന്നതാണ്. അധികൃതര്‍ അതൊന്നുമറിഞ്ഞില്ലെന്നു മാത്രം. കാരണം അവരുടെ സംഖ്യ അത്രയും ചെറുതായിരുന്നു. ഇനി അതു പോര, മുഴുവന്‍ അധ്യാപകരും സ്‌കൂളിലെത്തണം. അവിടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്ലാസുകള്‍ സ്വന്തം നിലയില്‍ സംഘടിപ്പിക്കണം. പ്രധാനാധ്യാപകരുടെ ഇടപെടലും മാര്‍ഗദര്‍ശനവും നിര്‍ണായകമാണ്.
വെര്‍ച്വല്‍ പ്രവേശനോത്സവങ്ങള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശയവിനിമയത്തിനുള്ള അവസരമാക്കി മാറ്റാം. ആദ്യമായി സ്‌കൂളില്‍ ചേരുന്നവരെ സംബന്ധിച്ച് പലതരത്തിലുള്ള അപരിചിതത്വം അവര്‍ക്കുണ്ട്. അതൊക്കെ അകറ്റാനും സ്‌കൂളിനെ അടുത്തറിയാനും ഇത് ഉപകരിക്കണം. ഏതു സ്‌കൂളിനും മികവിന്റെ ഒട്ടേറെ കഥകള്‍ പറയാനുണ്ട്. അടച്ചിടലിന്റെ കഴിഞ്ഞ വര്‍ഷത്തില്‍ പോലും മികച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്തത് അവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയണം. അതോടൊപ്പം ഭാവി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് രക്ഷാകര്‍തൃസമൂഹത്തന്റെ പിന്തുണ ഉറപ്പിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുണ്ടാകാവുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവസരമായി പ്രവേശനോത്സവം മാറണം.
പരിഗണിക്കാവുന്ന ആശയങ്ങള്‍ ഇനിയുമുണ്ട്. ക്ലാസ് ബ്ലോഗുകള്‍ എന്ന ആശയം അതില്‍ പ്രധാനമാണ് . നേരത്തെ ചര്‍ച്ച ചെയ്ത എല്ലാ പ്ലാറ്റ് ഫോമുകളുടെയും സംഘാതമായി കാണാവുന്ന ഒന്നാണ് ബ്ലോഗ്. വിഷയാടിസ്ഥാനത്തിലും ക്ലാസടിസ്ഥാനത്തിലും സ്‌കൂള്‍ അടിസ്ഥാനത്തിലുമൊക്കെ ബ്ലോഗുകള്‍ രൂപീകരിക്കാവുന്നതാണ്. മുന്‍ഗണന നല്‍കേണ്ടത് വിഷയാടിസ്ഥാനത്തിലുള്ള ബ്ലോഗിനാണ.്
തല്‍ക്കാലം കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയുകയാണ്. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള കേന്ദ്രീകൃത ഓണ്‍ലൈന്‍ ക്ലാസുകള്‍. അധ്യാപകര്‍ സ്വന്തം നിലയില്‍ തയ്യാറാക്കുന്ന ക്ലാസുകള്‍ മറ്റ് പ്ലാറ്റ് ഫോമുകള്‍ വഴി കുട്ടികളിലെത്തിക്കുന്നു. ഇവിടെയാണ് ചില കടുംപിടിത്തങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവരുന്നത്. അനിവാര്യമെങ്കില്‍ അതു വേണ്ടിവരുമല്ലോ. സ്‌കൂള്‍ ക്ലാസുകളില്‍ ചിലര്‍ ക്ലാസിലിരിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് പുറത്ത് പോകാന്‍ അനുവാദമില്ലല്ലോ. ഓണ്‍ലൈന്‍ ക്ലാസിനും ഇതു ബാധകമാക്കേണ്ടതുണ്ട്.
വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ സമയക്രമപ്രകാരമാണ്. ഏത് ക്ലാസ് എപ്പോള്‍ നടക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമറിയാം. അതതു സമയത്തുതന്നെ ക്ലാസുകള്‍ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്താന്‍ കഴിയാതിരുന്നതാണ് ഒരു ഘട്ടം കഴിഞ്ഞതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറം മങ്ങിയത്. ക്ലാസുകള്‍ യൂട്യൂബിലൂടെ സൗകര്യം പോലെ കാണാമെന്നുവന്നതോടെ വിക്ടേഴ്സിന്റെ സമയക്രമം അപ്രസക്തമായി. കുട്ടികള്‍ ടെലിവിഷന്‍ സ്‌ക്രീനിനു മുന്നില്‍ പ്രത്യക്ഷപ്പെടാതായി. സമയവും സൗകര്യവും കിട്ടിയാല്‍ ക്ലാസുകള്‍ കാണുന്ന രീതിയായി. കൃത്യമായി ആസൂത്രണം ചെയ്തു തയ്യാറാക്കി വിതരണം ചെയ്യപ്പെട്ട തുടര്‍ പ്രവര്‍ത്തന സാമഗ്രികള്‍ ലക്ഷ്യം കണ്ടില്ല. ചുരുക്കത്തില്‍ വിക്ടേഴ്സ് ചാനലിലൂടെ തത്സയം ക്ലാസുകള്‍ കാണുന്നതില്‍ വീഴ്ചവരുത്തിയതാണ് ഫസ്റ്റ് ബെല്‍ സംവിധാനം പരാജയപ്പെടാന്‍ കാരണമായത്.
ഇതെങ്ങനെ പരിഹരിക്കും? ഉത്തരം വ്യക്തമാണ്. ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തത്സമയം കാണുന്നതു നിര്‍ബന്ധമാക്കണം. ഇത് രക്ഷാകര്‍ത്താക്കളുടെ ചുമതലയാകണം. ടെലിവിഷനോ ലാപോ ഇല്ലാത്തവീടുകളില്‍ മൊബൈലുപയോഗിച്ചായാലും സമയനിഷ്ഠ പാലിക്കപ്പെടണം. വലിയ ടിവി സ്‌ക്രീനിനു മുമ്പില്‍ അകലം പാലിച്ചിരുന്ന് ക്ലാസുകള്‍ കാണുമ്പോള്‍ അത് ക്ലാസ് മുറിയിലിരിക്കുന്നതിന്റെ പ്രതീതി സൃഷ്ടിക്കും. ഒരു ക്ലാസ് ഒരേ സമയം കാണപ്പെടുക എന്നത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. അധ്യാപകര്‍ നല്‍കുന്ന അധികപ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ പിന്തുടരാന്‍ ഈ രീതി കുട്ടികളെ സഹായിക്കും. കുട്ടികളുടെ വാട്സാപ് ഗ്രൂപ്പുകളില്‍ നടന്ന ക്ലാസിനെക്കുറിച്ചുള്ള അവലോകനം കൃത്യതയോടെ കാര്യക്ഷമമായും നടക്കും. മൊത്തം പഠന പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ ഒരൊഴുക്കുണ്ടാകുമെന്നു ചുരുക്കം. പിന്നീട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മാത്രം യൂട്യൂബിനെ ആശ്രയിച്ചാല്‍ മതിയാകും. മുഴുവന്‍ ക്ലാസുകള്‍ക്കും മുഴുവന്‍ ദിവസവും മൊബൈല്‍ ഉപയോഗിക്കുന്ന രീതി നിരുത്സാഹപ്പെടുത്തുകതന്നെ വേണം .ക്ലാസുകളുടെ ഗൗരവം ചോര്‍ന്നുപോകാന്‍ മാത്രമേ അതു സഹായിക്കുന്നുള്ളൂ. ഓഫ്ലൈന്‍ രീതിയിലേക്കു മാറുന്നതുവരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് മാത്രമാണ് ഇതുവരെ പറഞ്ഞത്. ക്ലാസുകള്‍ ഏതു രീതിയുള്ളതായാലും അധികൃതരുടെയും രക്ഷാകര്‍തൃസമൂഹത്തിന്റെയും സത്വരശ്രദ്ധപതിയേണ്ട വേറെയും ചില മേഖലകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: