Categories: India

പ്രതിപക്ഷം സെന്‍ട്രല്‍ വിസ്ത പദ്ധതിയെക്കുറിച്ച് നുണ പ്രചരിപ്പിക്കുന്നു; ഒരു ചരിത്ര, സാംസ്‌കാരിക മന്ദിരവും പൊളിക്കില്ല: ഹര്‍ദീപ് സിംഗ് പുരി

പ്രതിപക്ഷപാര്‍ട്ടികള്‍ പുതുതായി പണിയുന്ന പാര്‍ലമെന്‍റ് മന്ദ്രിരമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നും ആരോഗ്യമേഖലയ്ക്കുള്ള ചെലവും സെന്‍ട്രല്‍ വിസ്ത പദ്ധതിയ്ക്ക് നല്‍കുന്ന ചെലവും തമ്മില്‍ ബന്ധമില്ലെന്നും കേന്ദ്ര ഭവന-നഗരകാര്യസഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി.

Published by

ന്യൂ ദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികള്‍ പുതുതായി പണിയുന്ന പാര്‍ലമെന്‍റ് മന്ദ്രിരമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നും ആരോഗ്യമേഖലയ്‌ക്കുള്ള ചെലവും സെന്‍ട്രല്‍ വിസ്ത പദ്ധതിയ്‌ക്ക് നല്‍കുന്ന ചെലവും തമ്മില്‍ ബന്ധമില്ലെന്നും കേന്ദ്ര ഭവന-നഗരകാര്യസഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി.

ഈ പദ്ധതിയെക്കുറിച്ച് തികച്ചും നിയമാനുസൃതമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം ആവശ്യമാണ്. ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരം ഭൂകമ്പ മേഖല 4ല്‍ ആണ് നിലകൊള്ളുന്നത്. ഇതും പുതിയ മന്ദിരം എന്ന ആശയത്തിന് കാരണമായി- ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തിങ്കളാഴ്ച ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചില പ്രത്യേക ഗൂഡോദ്ദേശ്യത്തോടെയാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരാമര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ പുതിയ വസതി, ഉപരാഷ്‌ട്രപതിയുടെ വസതി എന്നിവയ്‌ക്കുള്ള ഡിസൈന്‍ അംഗീകരിച്ചിട്ടില്ല.സെന്‍ട്രല്‍ വിസ്തപദ്ധതിയ്‌ക്ക് നിയമാനുസൃത അംഗീകാരമുണ്ട്. ഏതെങ്കിലും ചരിത്ര, സാംസ്‌കാരിക, സ്മാരക കെട്ടിടങ്ങള്‍ ഒന്നിനെയും ഈ പദ്ധതി സ്പര്‍ശിക്കില്ല.  -ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷിന്റെ ഒരു ലേഖനം തെറ്റിദ്ധാരണ പരത്തുന്നതാണ്. സെന്‍ട്രല്‍ വിസ്തയില്‍ പുതിയ പാര്‍ലമെന്റ്, പ്രധാനമന്ത്രിയുടെയും ഉപരാഷ്‌ട്രപതിയുടെയും ഭവനങ്ങള്‍, കേന്ദ്ര സെക്രട്ടേറിയറ്റ്, നിരവധി മറ്റ് കെട്ടിടങ്ങള്‍ എന്നാണ് ജയ്‌റാം രമേഷ് എഴുതിയിരിക്കുന്നത്. ഇത് തെറ്റാണ്.ഇപ്പോള്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം, സെന്‍ട്രല്‍ വിസ്ത അവന്യൂ എന്നീ രണ്ട് പദ്ധതികള്‍ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതികളെക്കുറിച്ച് കോവിഡ് മഹാമാരിക്ക് മുമ്പേ തീരുമാനമെടുത്തതാണ്. പദ്ധതിക്ക് ആകെ 1345 കോടി രൂപയാണ് ചെലവ് വരുന്നത്. പാര്‍ലമെന്‍റ് മന്ദിരത്തിന് 862 കോടി രൂപയും സെന്‍ട്രല്‍ വിസ്ത അവന്യൂവിന് 477 കോടിയും ആണ് ചെലവ് കണക്കാക്കിയിരിക്കുന്നത്- ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക