തിരുവനന്തപുരം: എംഡി ലീവില്‍ പോയ സാഹചര്യത്തില്‍ പത്തോളം കേസില്‍ അഴിമതിയന്വേഷണം നേരിടുന്ന ആളെ വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെ ഹൈക്കോടതി. പിഎസ്‌സി പ്രൊമോഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെടുകയും ഹൈക്കോടതി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട സി.കെ.ബൈജുവിന് കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന ചുമതല നല്‍കിയ വ്യവസായവകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് ഹൈക്കോടതി രംഗത്തെത്തിയത്.
ലോകായുക്തയിലും വിജിലന്‍സിലും അടക്കം പത്തോളം കേസുകള്‍ നിലവിലുള്ള, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിന് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ച് 23 ന് ബൈജുവിനെ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവായിരുന്നു. ഇതിനു മുമ്പാണ് ബൈജുവിന് കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വ്യവസായ വകുപ്പ് നല്‍കിയിരുന്നത്.
എന്നാല്‍ ഉത്തരവ് വന്ന ശേഷവും രണ്ട് വകുപ്പുകളിലും ബൈജുവിനെ തുടരാന്‍ വ്യവസായവകുപ്പ് അനുമതി നല്‍കി. ഇതിനിടെ ക്രഷറുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍, മൈനിംഗ് ലീസ്, ക്വാറികള്‍ക്ക് പെര്‍മിറ്റ്, ഖനന അനുമതി എന്നിവ മാര്‍ച്ച് 31 വരെ മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ കസേരയിലിരുന്ന് ബൈജു നിര്‍വഹിച്ചു. 396 ഫയലുകളാണ് ഒരാഴ്ചക്കാലയളവില്‍ ഒരു പരിശോധനയും കൂടാതെ ബൈജു ഒപ്പിട്ട് ലൈസന്‍സ് പുതുക്കിയത്. ഇതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി ലഭിച്ചതോടെ ബൈജുവിനെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറുടെ സ്ഥാനത്തു നിന്നും പുറത്താക്കി.
കെഎംഎംഎല്‍ എംഡി ലീവ് കഴിഞ്ഞു വന്ന ശേഷവും സി.കെ. ബൈജു കെഎംഎംഎല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയില്‍ തുടരുന്നുണ്ടായിരുന്നു. ഇതിനെതിരെ ടോണി തോമസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവ്. കെഎംഎംഎല്‍ എംഡി ലീവ് കഴിഞ്ഞു വന്ന ശേഷവും ബൈജു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയില്‍ തുടരുന്നുണ്ടോ എന്ന് കോടതി വാദത്തിനിടെ എടുത്തു ചോദിച്ചു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബൈജുവിന്റെ നിയമനം സര്‍ക്കാര്‍ പുനഃപരിശോധിക്കാനാണ് ഇടക്കാല ഉത്തരവ്. തീരുമാനം 10 ദിവസത്തിനകം കോടതിയെ അറിയിക്കണം. ജസ്റ്റിസ്. മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് കൗസര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: