തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ ചുമതലയില്‍ നിന്നും പുറത്താക്കിയ, സി.കെ. ബൈജു ചുമതലയൊഴിയാതെ ഒരാഴ്ച കൊണ്ട് ഒപ്പിട്ട അനധികൃതമായ 396 ഉത്തരവുകള്‍ സാധുവാക്കുന്നു. ഇന്നു സ്ഥാനമൊഴിയുന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥന് അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും നീക്കം. അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്ത് പോലും ഇരിക്കാന്‍ യോഗ്യതയില്ലെന്നും പുറത്താക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ട ഉദ്യോഗസ്ഥനെയാണ് ക്വാറി മാഫിയകളുടെ താല്പര്യത്തിന് വഴങ്ങി സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.
ലോകായുക്തയിലും വിജിലന്‍സിലും അടക്കം പത്തോളം കേസുകള്‍ നിലവിലുള്ള, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിന് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ വി.ജെ. പൗലോസ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് 23 ന് ബൈജുവിനെ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവായത്.
എന്നാല്‍ ഉത്തരവ് വന്ന ശേഷവും ബൈജുവിനെ തുടരാന്‍ വ്യവസായവകുപ്പ് അനുമതി നല്കി. ക്രഷറുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍, മൈനിംഗ് ലീസ്, ക്വാറികള്‍ക്ക് പെര്‍മിറ്റ്, ഖനന അനുമതി എന്നിവ മാര്‍ച്ച് 31 വരെ ഡയറക്ടറുടെ കസേരയിലിരുന്ന് ബൈജു നിര്‍വഹിച്ചു. 396 ഫയലുകളാണ് ഒരാഴ്ചക്കാലയളവില്‍ ഒരു പരിശോധനയും കൂടാതെ ബൈജു ഒപ്പിട്ട് ലൈസന്‍സ് പുതുക്കിയത്. ഹൈക്കോടതി ഈ കാലയളവില്‍ ബൈജു നല്കിയ ഉത്തരവുകളുടെ മറവില്‍ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും കോടികളുടെ ലാഭമുണ്ടാക്കി. ബൈജു നല്കിയ ഉത്തരവുകളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി വിനോദ് ജി. മുല്ലശ്ശേരില്‍ പുതിയ മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ കാര്ത്തികേയന് പരാതിയും നല്കി.
എന്നാല്‍ ഇക്കാര്യത്തില്‍ ഒരന്വേഷണം പോലും നടത്താതെ രണ്ടു ദിവസമായി 396 ഫയലുകളിലും ഹിയറിംഗ് നടത്തി സി.കെ. ബൈജു കൊടുത്ത അനുമതി സാധുവാക്കുന്ന നടപടികളാണ് ജിയോളജി വകുപ്പില്‍ നടക്കുന്നത്. സി.കെ. ബൈജു വിരമിക്കുന്നതിന് മുമ്പ് ഇയാളെ അഡീഷണല്‍ ഡയറക്ടറായി പ്രൊമോഷന് നല്‍കണമെന്ന ശുപാര്‍ശ വ്യവസായവകുപ്പില്‍ എത്തിക്കഴിഞ്ഞു. ഇ.പി. ജയരാജന് മാറി പി. രാജീവ് വ്യവസായമന്ത്രിയായിട്ടും ക്വാറി മാഫിയയുടെ ഇടപെടലുകളെക്കുറിച്ച് യാതൊരു അന്വേഷണമോ നടപടികളോ പ്രഖ്യാപിച്ചിട്ടില്ല. അനധികൃത ഉത്തരവുകളില്‍ അന്വേഷണം പോലും പ്രഖ്യാപിക്കാതെ, പിഎസ്സിയും ഹൈക്കോടതിയും വരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കാനൊരുങ്ങുകയാണ് വ്യവസായവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: