കൊല്‍ക്കൊത്ത: കേന്ദ്രവുമായി വീണ്ടും ഏറ്റുമുട്ടലിനൊരുങ്ങി മമത ബാനര്‍ജി. പ്രൊട്ടോക്കോള്‍ ലംഘിച്ചതിന് ബംഗാളില്‍ നിന്നും ദല്‍ഹിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ പക്ഷെ തിങ്കളാഴ്ച ദല്‍ഹിയില്‍ പോയില്ല. പകരം കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച അദ്ദേഹം തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഒരു യോഗത്തില്‍ പങ്കെടുത്തു.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആലാപന്‍ ബന്ദോപാധ്യായ പ്രൊട്ടോക്കോള്‍ ലംഘിച്ചത്. ചീഫ് സെക്രട്ടറി മമതയോടൊപ്പം അരമണിക്കൂര്‍ വൈകിയാണ് യോഗത്തില്‍ സംബന്ധിച്ചത്. പിന്നീട് 15 മിനിറ്റ് മാത്രം യോഗത്തില്‍ പങ്കെടുത്തശേഷം ചീഫ് സെക്രട്ടറി മമതയോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്തു. ഇപ്പോള്‍ ആലാപന്‍ ബന്ദോപാധ്യായയെ കൂടെ നിര്‍ത്തി കേന്ദ്രത്തിനെതിരെ ഹുങ്ക് കാണിക്കുന്ന നിലപാടാണ് മമത സ്വീകരിച്ചത്.
മമതയുടെ നിര്‍ബന്ധബുദ്ധിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണ് ആലാപന്‍. ദല്‍ഹിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ആലാപനോട് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും മമതയുടെ സമ്മര്‍ദ്ദം മൂലം ആലാപന്‍ തിങ്കളാഴ്ച ദല്‍ഹിക്ക് പോയില്ല. ആലാപനെ വിട്ടയയ്‌ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് മമത. കഴിയുന്നതും കേന്ദ്ര ഉത്തരവ് പിന്‍വലിക്കാനും മമത കത്തില്‍ അപേക്ഷിച്ചിട്ടുണ്ട്.
ആലാപന്‍ ബന്ദോപാധ്യായയുടെ ഔദ്യോഗിക സേവനം തിങ്കളാഴ്ച അവസാനിക്കേണ്ടതാണ്. എന്നാല്‍ കോവിഡ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായതിനാല്‍ ഇദ്ദേഹത്തിന്റെ സേവനം മൂന്ന് മാസത്തേക്ക് കൂടി ദിര്‍ഘിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം റദ്ദാക്കരുതെന്നും മമത കത്തില്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ട്. പക്ഷെ ഒരു ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച സ്ഥിതിക്ക് എന്ത് തീരുമാനമാണ് കേന്ദ്രം കൈക്കൊള്ളുകയെന്ന് പറയാറായിട്ടില്ല. ഒരിയ്‌ക്കലും ഏറ്റുമുട്ടലിനോ സംഘര്‍ഷങ്ങള്‍ക്കോ നിന്നു കൊടുക്കാത്ത സൗമ്യനായ ചീഫ് സെക്രട്ടറി എന്ന ഖ്യാതിയുള്ള ആലാപന്‍ ബന്ദോപാധ്യായ മമതയുടെ പിടിവാശിക്ക് മുന്നില്‍ വീര്‍പ്പുമുട്ടുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: