ന്യൂദല്‍ഹി: വാക്സിന് ക്ഷാമം എന്ന് ദിവസേന കരയുന്ന ദല്‍ഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണക്കുകള്‍ നിരത്തി വിമര്‍ശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വാക്സിന് ഡോസുകള്‍ കിട്ടിയത് ദല്ഹിക്കാണെന്നും ഖട്ടാര്‍ പറഞ്ഞു.
ജനസംഖ്യയില്‍ പത്ത് ലക്ഷം പേര്‍ക്ക് നല്കുന്ന വാക്സിന്റെ അനുപാതക്കണക്കെടുത്താല് ദല്‍ഹിക്കാണ് കൂടുതല്‍ വാക്സിന് ലഭിച്ചത്. കൂടുതല്‍ ജനസംഖ്യയുണ്ടായിട്ടുകൂടി ഹരിയാനയ്ക്ക് ദല്‍ഹിയേക്കാള്‍ കുറവ് വാക്സിന് ഡോസുകളേ ലഭിച്ചുള്ളൂ.ദല്‍ഹിയുടെ ആകെ ജനസംഖ്യ രണ്ട് കോടിയാണ്. ഹരിയാനയുടേത് 2.90 കോടിയാണ്. ദല്‍ഹിക്ക് 51 ലക്ഷം ഡോസുകള്‍ ലഭിച്ചു. ജനസംഖ്യാനുപാതമനുസരിച്ച് നോക്കിയാല്‍ ഞങ്ങള്‍ക്ക് 74-75 ലക്ഷം ഡോസുകള്‍ കിട്ടണം. പക്ഷെ കിട്ടിയത് 58 ലക്ഷം വാക്സിന് ഡോസുകള്‍ മാത്രം. – ഖട്ടാര്‍ പറഞ്ഞു.
രാജ്യത്തിനാകെ നീക്കിവെച്ചിരിക്കുന്ന വാക്സിന് ഡോസുകള്‍ ദല്ഹിയ്ക്ക മാത്രമായി നല്‍കാനാവില്ല. പകരം കിട്ടിയ ഡോസുകള്‍ കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ യുക്തിപരമായി വാക്സിനേഷന് പദ്ധതി തയ്യാറാക്കണം. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ദിവസേന രണ്ട് ലക്ഷം ഡോസുകള്‍ വീതം നല്കി ലഭ്യമായ വാക്സിന് ഡോസുകള്‍ തീര്‍ക്കാം. പക്ഷെ ദിവസേന 50,000-60,000 പേര്‍ക്ക് ഡോസുകള്‍ നല്കിയാല് കൂടുതല്‍ ദിവസങ്ങള്‍ വാക്സിനേഷന് നടത്താം. ഈയൊരു രീതി കെജ്രിവാളും പിന്തുടരണം. പകരം കോവിഡ് മഹാമാരിയുടെ കാലത്തും കെജ്രിവാള് രാഷ്ട്രീയം കളിക്കുകയാണെന്നും ഖട്ടാര്‍ കുറ്റപ്പെടുത്തി.
ആരോഗ്യം എന്നത് സംസ്ഥാനങ്ങളുടെ വിഷയമാണ്. ഇതുപോലെ പല വകുപ്പുകളുടെയും അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. ഈ വകുപ്പുകളില്‍ കേന്ദ്രത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുക എന്ന ജോലി മാത്രമാണ് കേന്ദ്രത്തിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: