ന്യൂദല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള പുതിയ വിവര സാങ്കേതികവിദ്യ(ഐടി) നിയമങ്ങള്‍ ട്വിറ്റര്‍ തീര്‍ച്ചയായും പാലിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. പുതിയ നിയമങ്ങള്‍ ട്വിറ്റര്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അമിത് ആചാര്യ നല്കിയ അപേക്ഷ പരിഗണിച്ച്, നിലപാട് അറിയിക്കാന്‍ ട്വിറ്ററിനും കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടിസ് നല്കി. എന്നാല്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും രാജ്യത്തുനിന്നുതന്നെ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിച്ചുവെന്നും ട്വിറ്റര്‍ കോടതിക്ക് മുന്‍പാകെ അവകാശപ്പെട്ടു.
എന്നാല്‍ ഈ വാദത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. ‘നിയമങ്ങള്‍ റദ്ദാക്കിയിട്ടില്ലെങ്കില്‍ അവര്‍ അനുസരിച്ചേ മതിയാകൂ’വെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ ആകാശ് വാജ്പെയ്, മനീഷ് കുമാര്‍ എന്നിവര്‍ ഹാജരായി. ഏതാനും ട്വീറ്റുകള്‍ക്കെതിരെ പരാതി നല്കാന് ശ്രമിച്ചപ്പോള്‍ ട്വിറ്റര്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് അറിയാന്‍ കഴിഞ്ഞതായി പരാതിക്കാരന് അപേക്ഷയില്‍ പറയുന്നു. ജസ്റ്റിസ് രേഖാ പള്ളിയുടെ മുന്‍പാകെയാണ് ഹര്‍ജിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: