ബെംഗളൂരു: കര്‍ണാടകത്തിലേക്ക് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ എത്തിച്ച ലോക്കോ പൈലറ്റുമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്ത് സംബോധനക്കിടെ ഓക്സിജന്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിരീഷ ഗജനിയോട് സംസാരിക്കവെയാണ് നാരീശക്തിയുടെ പ്രതീകമായി വിശേഷിപ്പിച്ചത്.
ലോക്കോ പൈലറ്റ് സിരീഷയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപര്‍ണയും രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെയും ആഭിമാനമാണ്. നാരീ ശക്തിയുടെ മികച്ച ഉദാഹരണമാണിത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇത്തരം ദൗത്യങ്ങള്‍ക്കായി സ്ത്രീകള്‍ മുന്‍പോട്ട് വരുന്നത് മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രെയിനിന്റെ ക്രൂ ചെയിഞ്ചിങ് പോയിന്റായ തമിഴ്‌നാട്ടിലെ ജോലാര്‍പേട്ടില്‍ നിന്നാണ് ലോക്കോ പൈലറ്റ് സിരീഷയും മലയാളിയായ ആര്‍.പി. അപര്‍ണയും ട്രെയിന്‍ നിയന്ത്രണം ഏറ്റെടുത്തത്. അപര്‍ണ കോട്ടയം വെള്ളൂര്‍ സ്വദേശിനിയാണ്.
സിഗ്നല്‍ രഹിത ഇടനാഴിയിലൂടെ 125 കിലോമീറ്റര്‍ ദൂരം 120 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്നത്. ഇത്തരമൊരു ദൗത്യത്തിന് പിന്തുണ നല്‍കിയ റെയില്‍വെ അധികാരികളോടും, വനിത ജീവനക്കാരോടും മാതാപിതാക്കളോടും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രിയുമായുള്ള സംവാദത്തില്‍ സിരീഷ ഗജനി പറഞ്ഞു.
120 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജനുമായി ജംഷദ്പൂരില്‍ നിന്നും പുറപ്പെട്ട എക്സ്പ്രസ് ട്രെയിന്‍ മെയ് 22നാണ് ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്നത്. വിശാഖപട്ടണം സ്വദേശിയായ സിരിഷ എട്ടുവര്‍ഷമായി ലോക്കോ പൈലറ്റാണ്. കഴിഞ്ഞ ഒക്‌ടോബറിലാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റായി അപര്‍ണ ജോലി ആരംഭിച്ചത്.
ബെംഗളൂരു ഡിവിഷനിലാണ് ഇരുവരും ജോലി ചെയ്യുന്നത്. വനിതകള്‍ തീവണ്ടി ഓടിക്കുന്നതിന്റെ വീഡിയോദൃശ്യം റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: