തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ കുറഞ്ഞത് നിയമസഭാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ശേഖരിച്ചുനല്‍കാന്‍ നിലവില്‍ അതത് വകുപ്പുകളില്‍ ആവശ്യമായ ഉദ്യോഗസ്ഥരില്ല. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രോട്ടോകോള്‍ പാലിച്ച് 50 ശതമാനത്തില്‍ താഴെയാണ് ഉദ്യോഗസ്ഥരെത്തുന്നത്.
വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജൂണ്‍ ആറുവരെ നിയമസഭയില്‍ ചോദ്യോത്തരം റദ്ദാക്കിയിരിക്കുകയാണ്. പ്രതിസന്ധി ഒഴിവാക്കാന്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം കൂടുതല്‍ പേരെ ഓഫീസുകളില്‍ എത്തിച്ച് എഴുമുതലുള്ള നാലുദിവസങ്ങളില്‍ ചോദ്യോത്തരവേളനടത്താനാണ് നിലവിലെ തീരുമാനം. എംഎല്‍എമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയുന്ന സബ്മിഷന് ഇന്നു മുതല്‍ തുടങ്ങുമെങ്കിലും എണ്ണം പരിമിതപ്പെടുത്തും.
തമിഴില്‍ സത്യപ്രതിജ്ഞ ചെയ്ത ദേവികുളം അംഗം എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിയമവകുപ്പ് നിര്‍ദേശിച്ചു. തമിഴ് പരിഭാഷയില്‍ വന്ന പിഴവാണ് രാജയുടെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാകാന് കാരണം. നിയമവകുപ്പിന്റെ തമിഴ് പരിഭാഷയില്‍ ദൃഢപ്രതിജ്ഞയാണോ ദൈവനാമത്തിലാണോ എന്ന് വ്യക്തമാക്കിയിരുന്നില്ല. ഈ പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിവേണമെന്ന് നിയമവകുപ്പിനോട് നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എഡിറ്റ് ചെയ്തപ്പോള്‍ ആ ഭാഗം ഒഴിവായിപ്പോയി എന്നാണ് നിയമവകുപ്പ് അറിയിച്ചത്. എഡിറ്റ് ചെയ്ത ഉദ്യോഗസ്ഥന് വിരമിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എന്ത് നടപടി വേണമെന്ന ആലോചനയിലാണ് നിയമവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: