ആലപ്പുഴ: മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് ഏറെ കൊട്ടിഘോഷിച്ച വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ്പ് പദ്ധതി പ്രഹസനമായി. പദ്ധതി തുടങ്ങി ഒരു വര്‍ഷമാകുമ്പോഴും വിതരണം ചെയ്തത് ഇരുനൂറോളം ലാപ്ടോപ്പുകള് മാത്രം. 1.37 ലക്ഷം പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതിക്ക് തുടക്കമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലാപ്ടോപ്പിന്റെ വിതരണം ഉദ്ഘാടനം. ഇത്തവണത്തെ അദ്ധ്യയന വര്‍ഷം നാളെ തുടങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അലംഭാവം കൂടുതല്‍ വ്യക്തമാകുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ആരംഭിച്ച സാഹചര്യത്തിലാണ് സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠന സഹായത്തിന് എന്ന പേരില്‍ ധനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. കൊറോണ വ്യാപന സമയത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ആരംഭിച്ചപ്പോള്‍ ടിവിയും ഫോണുമില്ലാത്ത നിര്‍ധനരായ ഒരുപാട് കുട്ടികള്‍ ഏറെ ബുദ്ധിമുട്ടി. ഇതോടെ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ ടിവി ചലഞ്ചും, മൊബൈല്‍ ഫോണ്‍ ചലഞ്ചും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്ടോപ് പദ്ധതി പ്രഖ്യാപിച്ചത്. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്ന് മൂന്ന് മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കു ലാപ്ടോപ് നല്‍കുന്നതാണു പദ്ധതി. ലാപ്ടോപ്പിനുള്ള ടെന്‍ഡര്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ ഏറെ കാലതാമസം നേരിട്ടിരുന്നു.
15,000 രൂപയുടെ ചിട്ടിയില്‍ 750 രൂപ കമ്മീഷന് കഴിച്ച് 14,250 രൂപയാണു ലാപ്ടോപ്പിനായി ലഭ്യമാക്കുക. അധിക തുക ഗുണഭോക്താവ് അടയ്ക്കണം. വായ്പയുടെ അഞ്ച് ശതമാനം പലിശ സര്‍ക്കാരും നാല് ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും. ആശ്രയ കുടുംബങ്ങള്‍ക്ക് 7,000 രൂപയ്ക്ക് ലാപ്ടോപ്പ് ലഭിക്കും. എന്നാല്‍ ലാപ്ടോപ്പ് മുഴുവന്‍ കുട്ടികള്‍ക്കും ഇതുവരെ നല്കാന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും സന്നദ്ധ സംഘടനകളും മറ്റും നല്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് പല വിദ്യാര്‍ത്ഥികളുടെയും ആശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: