കൊല്ലം: പുത്തന്‍ ബാഗും ഉടുപ്പുമിട്ട് ഈ അധ്യയന വര്‍ഷവും കുട്ടികള്‍ക്ക് സ്കൂളിലേക്കുപോകാനാകില്ല. പകരം വീടുകളില്‍ത്തന്നെയിരുന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ അധ്യയനവര്‍ഷത്തിലേക്ക്.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ പ്രതിസന്ധി ഇപ്രാവശ്യം ഉണ്ടാകില്ലെന്ന് കരുതിയ സ്കൂള്‍ വിപണിക്കാണ് വലിയ പ്രഹരമാണ് ഏറ്റത്. വില്പന മുന്നില്‍ക്കണ്ട് വന്‍തോതില്‍ മുതല്‍മുടക്കിയ വ്യവസായികളും വ്യാപാരികളും ഇതോടെ പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ മുന്നില്‍കണ്ട് നിര്‍മിച്ച സ്കൂള്‍വിപണിയിലെ ഉത്പന്നങ്ങള്‍ ഫാക്ടറികളിലും കടകളിലുമായി കെട്ടിക്കിടക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളിലെ വ്യാപാരമാണ് സ്കൂള്‍ വിപണിയുടെ നട്ടെല്ല്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ കൊണ്ടാണ് പരമാവധി സാധനങ്ങള്‍ വിപണിയിലെത്തുക. സീസണ് കണക്കാക്കി നവംബറോടെ കമ്പനികള്‍ ഇവയുടെ ഉത്പാദനവും ആരംഭിച്ചു. എന്നാല്‍ ലോക്ഡൗണ്‍ സ്ഥിതിയാകെ മാറ്റി.
അടച്ചിടല്‍ ജനങ്ങളുടെ സാമ്പത്തികസ്ഥിതിയെയും ബാധിച്ചതോടെ കഴിഞ്ഞവര്‍ഷത്തെ ബാഗും കുടയുമൊക്കെ മതിയെന്ന തീരുമാനത്തിലാണ് രക്ഷിതാക്കളും. സ്കൂളുകള്‍ തുറന്നാലും വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. ലഞ്ച് ബോക്സ്, കുട, വാട്ടര്‍ബോട്ടില്‍, റെയിന്‍കോട്ട് തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും കാര്യമായ വിപണി ഈവര്‍ഷം ലഭിക്കില്ല. കുട വിപണിയുടെ കാര്യം ഇതിലും വ്യത്യസ്തമാണ്.
മഴക്കാലം തീര്‍ന്നിട്ടാണ് സ്കൂളുകള്‍ തുറക്കുന്നതെങ്കില്‍ വിപണിയില്‍ കാര്യമായ ചലനമുണ്ടാകില്ല. വില്‍പ്പന കുറയുമെന്ന ഭയത്തില്‍ സാധാരണ കച്ചവടക്കാര്‍ കുട വലിയതോതില്‍ ശേഖരിച്ചിട്ടുമില്ല. ഏപ്രില്‍ പകുതിമുതല്‍ വിപണി ഉണരുമെന്നുകരുതി കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. ബ്രാന്റഡ് കമ്പനികള്‍ മാത്രമല്ല, കുടുംബശ്രീ യൂണിറ്റുകളും ചെറുകിട സംരംഭകരുംവരെ കുട നിര്‍മാണത്തില്‍ സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: