ഡോ.ഗോപി പുതുക്കോട്
2020 മാര്‍ച്ച് 23ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അധ്യയനവര്‍ഷം അവസാനിക്കാന്‍ ഒരാഴ്ച മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പഠന പ്രവര്‍ത്തനങ്ങള്‍ മുറപോലെ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും വാര്‍ഷിക പരീക്ഷകള്‍ അലങ്കോലമായി. പത്ത്, പന്ത്രണ്ട് ക്ലാസുകാര്‍ അങ്കലാപ്പിലായെങ്കിലും, മറ്റുള്ളവരെ സംബന്ധിച്ച് അവധിക്കാലത്തേക്കുള്ള പ്രവേശനം അല്പം നേരത്തെയായ പ്രതീതിയായിരുന്നു. തികച്ചും താല്ക്കാലികമായ ഒരു പ്രതിസന്ധിയെന്ന നിലയിലാണല്ലോ പൊതുവെ കൊവിഡ് സ്വീകരിക്കപ്പെട്ടത്!
തുടക്കത്തില്‍ വിചാരിച്ചതു പോലെ അത്ര ലളിതമായിരുന്നില്ല പ്രശ്നം. പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും സ്കൂള്‍ തുറക്കാനാവാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കി.പഠിച്ചുകൊണ്ടിരിക്കുന്നവരുടെ പ്രമോഷന്, പുതിയ അഡ്മിഷന് ഇതൊക്കെ ആശങ്കകളായി. വിദ്യാലയങ്ങള്‍ അടഞ്ഞു തന്നെ കിടന്നു. ആഘോഷപൂര്‍വ്വം പ്രവേശനോത്സവം നടത്തുന്ന സ്കൂളില്‍ അധ്യാപകര്‍ക്കുപോലും ഒന്നിച്ചു കയറിച്ചെല്ലാനാവാത്ത ഇടങ്ങളായി. പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ രൂപത്തിലേക്കുമാറി. വിടുതല്‍ കൊടുക്കുന്നതും ചേര്‍ക്കുന്നതുമെല്ലാം അങ്ങനെയായി. കുട്ടികളുടെ ഹാജര്‍ ബുക്കുകള്‍ അപ്രസക്തമായി. അതതു ക്ലാസധ്യാപകര്‍ രൂപം കൊടുത്ത വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളായി കുട്ടികള്‍. ഔപചാരിക വിദ്യാഭ്യാസരീതി ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും കടുത്തപ്രതിസന്ധിയിലേക്ക് അധ്യാപകരും കുട്ടികളും വിദ്യാഭ്യാസ വകുപ്പും രക്ഷിതാക്കളുമെല്ലാം എടുത്തെറിയപ്പെടുകയായിരുന്നു.
ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി സ്കൂളുകളില്‍ ഭൗതികസൗകര്യങ്ങള് ഏര്‍പ്പെടുത്തുന്നതില്‍ നാം ഏറെ മുന്നേറിയിരുന്നു. വന്‍ തോതിലുള്ള മുടക്കുമുതലോടെ വിവരസാങ്കേതിക വിദ്യാ സംവിധാനങ്ങള്‍ ഓരോ സ്കൂളിലും സജ്ജീകരിച്ചിരുന്നു. പ്രത്യേക പോര്‍ട്ടലുകള്‍, ആപ്പുകള്‍ എന്നിവയ്ക്കുപുറമെ പ്രത്യേക വിദ്യാഭ്യാസ ചാനല്‍ തന്നെ നമുക്കു സ്വന്തമായുണ്ടായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ സമാഹാരണത്തിനും താഴെ തട്ടുവരെ കാര്യക്ഷമമായി അതെത്തിക്കുന്നതിനും കൈറ്റിന്റെ നേതൃത്വത്തില്‍ നിരന്തരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഓരോ സ്കൂളിലും ലിറ്റില്‍ കൈറ്റ് എന്ന പേരില്‍ കുട്ടികളുടെ കൂട്ടായ്മകള്‍ രൂപീകരിച്ചിരുന്നു. ഐ.ടി. അറ്റ് സ്കൂള്‍ എന്ന പേരില്‍ ജില്ലാതലത്തില്‍ വികേന്ദ്രീകരിക്കപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങിയ സഹായസംവിധാനം കൈറ്റിന്റെ പൊതുചട്ടകൂടിലേക്കുമാറ്റി ശക്തമായ ഒരു നെറ്റ്വര്‍ക്ക് രൂപംകൊണ്ടിരുന്നു.
സംസ്ഥാനതലത്തില്‍ റിക്കാര്‍ഡു ചെയ്യുന്ന ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേക്ഷണം; ഫസ്റ്റ്ബെല്‍ എന്ന പേരില്‍ എല്ലാ ക്ലാസുകള്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ ഇതു ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഫസ്റ്റ് ബെല്‍ ക്ലാസുകളുടെ അക്കാദമിക ചുമതല എസ്.സി.ഇ.ആര്ടിക്കും നടത്തിപ്പു ചുമതല കൈറ്റിനുമായിരുന്നു. അതു പാഠപസ്തുകങ്ങളെ അടിസ്ഥാനമാക്കി പഠന നേട്ടങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയ പാഠാസൂത്രണങ്ങള് വിദഗ്ധസമിതി വിലയിരുത്തി. ചാനല്‍ ഒന്നേയുള്ളൂ എന്നതിനാല്‍ എല്ലാ ക്ലാസുകാര്‍ക്കും ഒരേ പരിഗണന നല്‍കാനായില്ല. പ്രത്യേക പരിശീലനമര്ഹിക്കുന്നവര്ക്ക് മുന്‍ഗണന നല്കി തുടക്കക്കാര്‍ക്കും ഒടുക്കക്കാര്ക്കുമാണ് ആ പരിഗണന കിട്ടിയത്. ഒന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, പത്ത് ക്ലാസുകാര്‍ക്കും ഹയര്‍ സെക്കന്ററിയില്‍ പ്രഥമ പരിഗണണ രണ്ടാം വര്‍ഷക്കാര്‍ക്കും നല്കി.
വിദ്യാഭ്യാസ പ്രവര്‍ത്തകരും പൊതുസമൂഹവും വലിയ ആവേശത്തോടെ ഈ സംരംഭത്തോടു ചേര്‍ന്നു നില്‍ക്കുകയായിരുന്നു. തുടക്കത്തില്‍ എല്ലാവര്ക്കും ക്ലാസുകള്‍ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിനായിരുന്നു മുന്‍ഗണന. ഇതുപ്രകാരം വീട്ടിലിരുന്ന് ക്ലാസു കാണാന്‍ സൗകര്യമില്ലാത്തവര്‍ക്ക് വായനശാലകളിലും, അംഗനവാടികളിലും ടെലിവിഷന്‍ സെറ്റുകള്‍ സജ്ജീകരിച്ചു. ഒറ്റപ്പെട്ട കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളും ലാപുകളും ടാബുകളും സംഘടിപ്പിച്ചുകൊടുക്കാന്‍ പ്രാദേശിക പിന്തുണ ഏറെയുണ്ടായി. എല്ലാവരും ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ കാണുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍, തുടക്കത്തിലെങ്കിലും, നമുക്കായി. ലോകമാകെ കൊവിഡിനു മുമ്പില്‍ അന്ധാളിച്ചു നിന്നപ്പോള്‍ ഔപചാരികതയുടെ അന്തസ്സത്തചോര്ന്നു പോകാതെ തന്നെ വിദ്യാര്‍ത്ഥിസമൂഹത്തെയും പൊതുസമൂഹത്തെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അണിചേര്‍ത്തു നിര്‍ത്തുന്നതില്‍ അതിശയകരമായ മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞു. ഇതൊരു ചെറിയ കാര്യമല്ല.
അതേസമയം ഫസ്റ്റ്ബെല്‍ ഓണ്‍ലൈന്‍ ക്ലാസിലുണ്ടായ പാളിച്ചകളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇതു തികച്ചു താല്‍ക്കാലികമാണെന്നും കൊവിഡിനു ശേഷം ഇതേ പാഠഭാഗങ്ങള്ക്ലാസ് മുറികളില്‍ സാധാരണ മട്ടില്‍ കൈകാര്യം ചെയ്യപ്പെടുമെന്നുമായിരുന്നു അധികൃതര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. പാളിച്ചകളുടെ തുടക്കം ഇതായിരുന്നു. മഹാമാരിയുടെ ആഘാതത്തെപ്പറ്റി കൃത്യമായ ധാരണയില്ലാതെ പോയി. അധികൃതരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്ക് കാര്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലെന്ന പ്രതീതിയാണ് തുടക്കത്തിലുണ്ടായത്. അധിക പ്രവര്‍ത്തനങ്ങള്‍ അമിത പ്രവര്ത്തനങ്ങളാകരുതെന്ന മുന്നറിയിപ്പു നല്കപ്പെട്ടെങ്കിലും ചിലരെങ്കിലും അതു മുഖവിലയ്ക്കെടുക്കാതെ മുന്നേറിയതും ആശയക്കുഴപ്പത്തിനുകാരണമായി. എല്ലാവരും ക്ലാസുകള്‍ കാണുന്നുണ്ടെന്നുവിശ്വസിക്കപ്പെട്ടെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല. കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമായുണ്ടാവുകയില്ലല്ലോ. അവര്‍ രക്ഷിതാക്കളെ ആശ്രയിച്ചു. കാര്യഗൗരവമില്ലാത്ത രക്ഷിതാക്കള്‍ സ്വന്തം ഉപയോഗത്തിന് മുന്ഗണനനല്കിയപ്പോള് ക്ലാസുകള്‍ അവഗണിക്കപ്പെട്ടു. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം കുട്ടികള്‍ ഒരു ഫോണിനെ ആശ്രയിക്കേണ്ടി വന്നു. പഠനകേന്ദ്രങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താനായില്ല. കൃത്യസമയത്ത് അവ തുറക്കോനോ ടെലിവിഷന്‍ പ്രവര്‍ത്തനസജ്ജമാക്കാനോ കുട്ടികള്‍ എത്തിയെന്ന് ഉറപ്പുവരുത്താനോ അവര്‍ ക്ലാസുകള്‍ കാണുന്നതു നിരീക്ഷിക്കാനോ ഒന്നും സംവിധാനങ്ങള്‍ പലയിടത്തുമുണ്ടായില്ല. അധികൃതര്‍ തന്ന ലിസ്റ്റുമായി ഒരു ദിവസം മൂന്നു പഠനകേന്ദ്രങ്ങളില്‍ പോയ ഈ ലേഖകന്‍ നിശ്ചിത സമയം മൂന്നും അടഞ്ഞുകിടക്കുന്നതാണ് കാണേണ്ടിവന്നത്.
ആര്‍ക്കുവേണ്ടിയാണോ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യുന്നത് അവരെല്ലാം ക്ലാസുകള്‍ കാണുന്നു എന്നുറപ്പുവരുത്തുന്ന പ്രാഥമിക ബാധ്യതയില്‍ നാം പരാജയപ്പെട്ടു. 42 ശതമാനം കുട്ടികള്‍ അതതു ക്ലാസുകള്‍ കണ്ടിരുന്നില്ല എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തിയത്. തുടക്കത്തില്‍ മികച്ച ക്ലാസുകള്‍. മികച്ച അധ്യാപകരുടെ പാനല്‍ തയ്യാറാക്കി അതില്‍ നിന്നു തെരഞ്ഞെടുത്തവര്‍ക്കാണ് ആദ്യമൊക്കെ അവസരം നല്‍കിയത്. തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ വിദഗ്ധരുടെ പാനല്‍ പരിശോധിച്ചിരുന്നുവെങ്കിലും പിന്നീട് സൂക്ഷ്മത നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. സ്കൂളധ്യാപികയല്ലാത്ത ഒരാള്‍ ക്ലാസെടുക്കുന്നതുവരെ കാര്യങ്ങളെത്തി. എല്ലാ ക്ലാസുകാര്‍ക്കും എല്ലാവിഷയങ്ങള്ക്കു ക്ലാസുകള്‍ വേണമെന്ന മുറവിളിയുയര്‍ന്നതോടെ കണിശതകള്‍ പലതും കൈവിട്ടു. തുടക്കത്തില്‍ ഡയറ്റുകളെ ക്ലാസുകളുടെ സ്ക്രീനിംഗിന് ഏല്പിച്ചിരുന്നതെങ്കിലും പിന്നീട് അതുപോലുമില്ലാതെ എവിടെയെങ്കിലും വെച്ചു റിക്കോര്‍ഡു ചെയ്യുന്ന ക്ലാസുകള്‍ അതേപോലെ സംപ്രേഷണം ചെയ്യുന്ന നിലയിലെത്തി. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗുണനിലവാരം കുറഞ്ഞു എന്നു ചുരുക്കം. വിക്ടേഴ്സ് ചാനല്‍ ക്ലാസ് സംപ്രേക്ഷണം ചെയ്യുന്നവരെ വിനോദചാനലുകളിലെപ്പോലെ ‘ചാനല്ഫെയിം’ എന്ന അലങ്കാരപ്പട്ടം ചാര്‍ത്തി സ്വീകരണമേര്പ്പെടുത്തുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറിമറഞ്ഞു. ക്ലാസിന്റെ ഗുണനിലവാരത്തില്‍ നിന്ന് ക്ലാസെടുക്കുന്നവരുടെ ഗ്ലാമറിലേക്ക് ശ്രദ്ധതിരിഞ്ഞു.
പ്രാദേശിക ഭാഷകളുടെ സംഘാതമാണല്ലോ മലയാളം. നൂറു മലയാളിക്ക് നൂറു മലയാളം എന്നാണല്ലോ. ഓണ്‍ലൈന്‍ ക്ലാസില്‍ ആദ്യം നിഷേധിക്കപ്പെട്ടത് ഭാഷയുടെ ഈ ജൈവികതയാണ്. പ്രാഥമിക ക്ലാസുകളില്‍,വിശേഷിച്ചും മാനക ഭാഷയിലൂടെ മാത്രമുള്ള ക്ലാസുകള്‍ കുട്ടികളില്‍ അലോസരം സൃഷ്ടിച്ചു. തിരുവിതാംകൂര്‍ ഭാഷ മലബാറുകാര്‍ക്കും മറിച്ചും കൃത്രിമമായി അനുഭവപ്പെട്ടു. തുടര്‍ച്ചയായി മാനകഭാഷയിലൂടെയുള്ള ക്ലാസുകള്‍ മുതിര്‍ന്നവര്‍ക്കു പോലും മടുപ്പുളവാക്കി.
അരമണിക്കൂറാണ് ശരാശരി ഒരു ക്ലാസിനു കിട്ടിയ സമയം. എന്നാല്‍ ആ സമയത്തിനകം കൂടുതല്‍ പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവന്നു. നേരിട്ടുള്ള ക്ലാസുകള്‍ കിട്ടുകയില്ലെന്നു തീര്‍ച്ചയായതോടെ പാഠപുസ്തകത്തിലെ പഠനവസ്തുതകള്‍ മുഴുവന്‍ ഈവിധം തീര്‍ക്കേണ്ടിവന്നു. ആഴ്ചയില്‍ മുക്കാല്‍ മണിക്കൂര്‍ വീതമുള്ള അഞ്ചു പീരിയഡു കിട്ടുന്ന വിഷയത്തിന് അരമണിക്കൂറിന്റെ ഒരു ക്ലാസു കിട്ടിയാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതെങ്ങനെ? ഫലമോ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്കു നല്‍കേണ്ടിവന്നു. അതത്രയും വാട്സാപ്പുവഴി നിര്‍വഹിക്കാനായിരുന്നു നിര്‍ദ്ദേശം. ഇവിടെ രണ്ടു പ്രശ്നങ്ങളുണ്ടായി.
വിവരസാങ്കേതികവിദ്യയില്‍ പിന്നാക്കം നില്ക്കുന്ന അദ്ധ്യാപകര്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നല്‍കാനായില്ല. ഓരോ ക്ലാസും കഴിഞ്ഞാല്‍ അരമണിക്കൂറിനകം വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി കുട്ടികള്‍ക്കു നല്‍കണമെന്നു നിഷ്കര്‍ഷിച്ച അധികാരികളുമുണ്ട്. എല്ലാ ക്ലാസുകള്‍ക്കും ഇത്തരം സാമഗ്രികള്‍ ആവശ്യമാണോ, ആവശ്യമാണെങ്കില്‍ തന്നെ ഏതു വിധം, എത്രയെണ്ണം, എന്നൊന്നും പരിഗണിക്കാതെ തിരുവായ്ക്ക് എതിര്‍വായില്ലാതെ പഠനസാമഗ്രികള്‍ തുരുതുരാ തയ്യാറാക്കി കുട്ടികള്‍ക്കു കൊടുത്തുകൊണ്ടിരുന്നു. ഇതെല്ലാം അവര്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നു പോലും പരിഗണിച്ചില്ല. സ്വാഭാവികമായും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്കു വിരക്തിയുണ്ടായി. മധ്യമാര്‍ഗം സ്വീകരിച്ച വിവേകശാലികളായ അധ്യാപകരാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ അന്ത:സത്തെയെ കാത്തുസൂക്ഷിച്ചത്.
ക്ലാസുകളും തുടര്‍ പ്രവര്‍ത്തനങ്ങളും ആശയരൂപീകരണത്തിന് എത്രമാത്രം അനുയോജ്യമാണെന്ന ചോദ്യം അപ്പോഴും ഉയര്‍ന്നു നിന്നു. സംസ്ഥാനത്തെ മൊത്തം കുട്ടികളെയും ഒറ്റ യൂണിറ്റായി കണ്ടുകൊണ്ടുള്ള ആസൂത്രണം തന്നെ ആദ്യ പരിമിതി. അവരുടെ മുന്നറിവിന്റെ അനന്തവൈവിധ്യം, പഠനപ്രക്രിയയില്‍ പുലര്‍ത്തിയേക്കാവുന്ന വൈജാത്യം, മൂല്യനിര്ണയരീതികളിലെ വ്യത്യസ്തതകള്‍, തുടര്‍പ്രവര്‍ത്തനങ്ങളില്‍ ബഹുലതകള്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത, വൈപരീത്യങ്ങള്‍ പോലുമായേക്കാവുന്ന, ബഹുസ്വരങ്ങളെ ഏകശിലാരൂപത്തില്‍ ആവിഷ്കരിക്കാനുള്ള ശ്രമമാണല്ലോ ഓണ്‍ലൈന്‍ ക്ലാസ്. അതിന്റെ സ്വീകാര്യത ഇപ്പറഞ്ഞ സകലവൈവിധ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പല അളവുകളിലാകുമെന്നതു വ്യക്തമാണല്ലോ. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളുടെ കാര്യമാണെന്നോര്‍ക്കണം. കിട്ടുന്ന ക്ലാസുകള്‍ ഉപയോഗപ്പെടുത്തി പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിയും വന്നു. എല്ലാ പാഠഭാഗങ്ങള്‍ക്കും അവതരണാവസരമുണ്ടായില്ല. പൊതുവെ പ്രയാസമേറിയ ഭാഗങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. വിഷയപഠനത്തിനകത്ത് രൂപപ്പെടേണ്ട സ്വാഭാവികതയുടെ ഒഴുക്ക് സൃഷ്ടിക്കപ്പെട്ടില്ല.
കുട്ടികളുടെ മുമ്പില്‍ ക്ലാസെടുക്കുന്നതു പോലല്ല സ്റ്റുഡിയോവില്‍ സാങ്കേതികവിഭാഗങ്ങളുടെ നടുവില്‍ ക്ലാസെടുക്കുന്നത്. സാങ്കേതിക ജടിലമായ അന്തരീക്ഷത്തില്‍ തയ്യാറാക്കപ്പെടുന്ന ക്ലാസുകളുടെ പരിമതി ഊഹിക്കാവുന്നതാണ്. അത് പിന്നീട് സമയക്രമത്തിനൊപ്പിച്ച് മുറിയും ഒട്ടിയും പാകപ്പെടുത്തുമ്പോള്‍ ഉള്ള ജൈവികതയും നഷ്ടമാവുകയും ചെയ്യും. പ്രവേശനക്ലാസുകാരുടെ കാര്യമായിരുന്നു ഏറെ കഷ്ടം (1,5,8,11) ഇതില്‍ നല്ലൊരു പങ്കും പുതിയ സ്ഥാപനത്തില്‍ ചേരുന്നവരാണ്. ഇവര്‍ക്കാര്‍ക്കും വിദ്യാലയാനുഭവമുണ്ടായിട്ടില്ല. കൂട്ടുകാരെയോ അധ്യാപകരെയോ നേരിട്ടു കണ്ടിട്ടുപോലുമില്ല. ക്ലാസ് കയറ്റം കിട്ടുന്ന കുട്ടിക്കൊപ്പം അയാളുടെ വിശദമായ പോര്‍ട്ട്ഫോളിയോ കൂടി പുതിയ ടീച്ചര്‍ക്കു കൈമാറണമെന്നെ കീഴ്വഴക്കം നടക്കാറേയില്ല. അധിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തുടര്മൂല്യനിര്ണത്തിന്റെ സ്കോര്‍ നല്‍കാനുമൊക്കെ അതു വളരെ സഹായകമാവേണ്ടതാണ്.
കൃത്യമായ മോണിട്ടറിങ്ങില്ലാതിരുന്നതാണ് ഒരു ഘട്ടത്തിനു ശേഷം ഫസ്റ്റ്ബെല്‍ ക്ലാസുകളുടെ കാര്യക്ഷമത കുറച്ചത്. തൊഴില്‍ മേഖലകളൊക്കെസജീവമാവുകയും ഉദ്യോഗസ്ഥരൊക്കെ ഓഫീസുകളില്‍ പോയിത്തുടങ്ങുകയും ചെയ്തിട്ടും അധ്യാപകര്‍ വീട്ടില്‍തന്നെ കഴിഞ്ഞു. ഓഫീസര്‍ മുതല്‍ തൂപ്പുകാര്‍ വരെ എത്തി. സ്കൂളില്‍ ഹെഡ് മാസ്റ്ററും സന്നദ്ധതയുള്ള മറ്റധ്യാപകരും മതിയെന്ന അഴകൊഴമ്പന്‍ തീരുമാനമെടുക്കുന്നതെന്തിനെന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടുതന്നെയാണ്. അത്തരമൊരു ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചിരുന്നു എന്നാണറിവ്. ഏതെല്ലാമോ കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ഇടപെടല്‍ കാരണം അതു മരവിപ്പിക്കപ്പെട്ടു. തുടര്‍ച്ചയായി വന്ന തെരഞ്ഞെടുപ്പുകളാണ് അതിന് കാരണമെന്നാണ് പൊതുവെ കരുതപ്പെടുന്ന്.
രാഷ്ട്രീയ പ്രചാരണത്തിന് അധ്യാപകരെ ലഭിക്കാനായിരുന്നു ഈ തന്ത്രം. 2020 മാര്‍ച്ചിനുശേഷം ഒരിക്കല്‍ പോലും സ്വന്തം സ്ഥാപനത്തിലെത്താത്ത അധ്യാപകര്‍ സംസ്ഥാനത്തുണ്ട്. രക്ഷാകര്‍ത്താക്കളുടെ വിവരസാങ്കേതികവിദ്യയിലുള്ള ധാരണയില്ലായ്മ കുട്ടികളെ പ്രതികൂലമായി ബാധിച്ചു. സങ്കീര്‍ണ്ണമായ ഇത്തരം നിരവധി പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം കടന്നുപോന്നത്. കൊവിഡ് ഇപ്പോള്‍ രൂക്ഷമായി തുടരുകയാണ്. പുതിയ അധ്യയന വര്‍ഷം പടിവാതില്ക്കല് എത്തുകയും ചെയ്തിരിക്കുന്നു. ഇതുവരെ വിശദീകരിച്ച മട്ടില്‍ ഒരധ്യയനവര്‍ഷം താണ്ടി ഇവിടെ എത്തിനില്‍ക്കുന്നവരെ അടുത്തവര്ഷത്തേയ്ക്ക് ഉപനയിക്കുന്നത് എങ്ങനെയായിരിക്കണം? തീര്‍ച്ചയായും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: