മൂന്നാര്‍: ഓണ്‍ലൈന്‍ പഠനത്തിനായി ദിവസവും ആറ് കിലോ മീറ്റര്‍ നടന്നെത്തി മഞ്ഞും മഴയും സഹിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിക്കായി മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് ഒരിടവേളക്ക് ശേഷം വിഷയം വീണ്ടും ചര്‍ച്ചയായത്. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജിയോ കമ്പനി അധികൃതര്‍ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു.
ഇരവികുളം ദേശീയോദ്ധ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് പ്രതിസന്ധികളെ അതിജീവിച്ചും പഠിക്കുന്നത്. രാജമല എസ്റ്റേറ്റ് മേഖലയില്‍ ഒരു മൊബൈല്‍ കമ്പനിയുടേയും സിഗ്നല്‍ ലഭിക്കുന്നില്ല. ഏറെ ബുദ്ധിമുട്ടി ഫോണ്‍ വാങ്ങിയെങ്കിലും ഇത് കാഴ്ച വസ്തുവായതോടെ കുട്ടികള്‍ റേഞ്ച് തേടി ഇറങ്ങുകയായിരുന്നു.
ഈ യാത്ര അവസാനിച്ചത് ഇരവികുളം ദേശീയോദ്ധ്യാനത്തിന് സമീപത്തെ ഒരു പാറയുടെ സമീപവും. മഴയും കോടമഞ്ഞും ശക്തമായ തണുപ്പും സഹിച്ച് കുടചൂടിയിരുന്നാണ് ദിവസവും പഠനം. രാജമലയിലാണ് രാജ്യത്തെ തന്നെ നടുക്കിയ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നത്. 70 പേരാണ് അപകടത്തില്‍ മരിച്ചത്. വൈദ്യുതിയില്ലാത്തതും മൊബൈല്‍ ടവര്‍ പണി മുടക്കിയതും മൂലം ഈ വിവരം പുറത്തറിയാന്‍ വൈകിയതടക്കം അന്ന് വലിയ ചര്‍ച്ചയായിരുന്നു. അന്ന് ഇവിടെ എത്തി പഠനം നടത്തിയിരുന്ന വിദ്യാര്‍ത്ഥിനികളിരൊളായ നിശാന്തിനിയും മരണത്തിന് കീഴടങ്ങിയിരുന്നു. പിന്നാലെ മൊബൈല്‍ നെറ്റ് വര്‍ക്ക് വേണമെന്ന ആവശ്യം ശക്തമായെങ്കിലും നടപടിയുണ്ടായില്ല.
അന്ന് മൂന്ന് പേരായിരുന്നു എത്തിയിരുന്നതെങ്കില്‍ ഇന്ന് ആണ്‍കുട്ടികളടക്കം ആറ് കുട്ടികള്‍ പതിവായി വരുന്നുണ്ട്. വിഷയം വാര്‍ത്തയായതോടെയാണ് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഇടപെടുന്നത്. ജൂണ്‍ അഞ്ചാം തിയതി വരെ കെഡിഎച്ച്പി കമ്പനിക്ക് സമയം ചോദിച്ചതായും ഇതിന് ശേഷം നടപടി ടവര്‍ സ്ഥാപിക്കാന്‍ ഉണ്ടായില്ലെങ്കില്‍ ഉത്തരവിറക്കുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ഇതിന്റെ പ്രാഥമിക നടപടി എന്നോണം ജിയോ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. നിലവിലെ ബിഎസ്എന്‍എല്‍ ടവര്‍ ജിയോക്ക് കൂടി പകുത്ത നല്‍കുകയോ ഇല്ലെങ്കില്‍ രാജമലയുടെ മുകളില്‍ ടവര്‍ സ്ഥാപിക്കുവാനോ ആണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: