രാമനാട്ടുകര: ജോലി ചിത്രകലാ അദ്ധ്യാപകന്, കുട്ടികള്‍ക്ക് പകര്‍ന്നു നല്കിയതാകട്ടെ പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങള്‍. 2021 മെയ് 31ന് ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ട സത്യന് മാസ്റ്റര്‍ സ്കൂള്‍ മുറ്റത്തും പരിസരത്തുമായി നട്ടുവളര്‍ത്തിയിരിക്കുന്നത് ഒരു കൊച്ചു കാടാണ്.
മലപ്പുറം – കോഴിക്കോട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന വൈദ്യരങ്ങാടിയിലാണ് കുട്ടികള്‍ക്ക് പച്ചപ്പിന്റെ തണലും തണുപ്പും ഒരുക്കിയ കഥ കണ്ടറിയാവുന്ന രാമനാട്ടുകര ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമ ത്തിലൂടെ സ്കൂളില്‍ ഇന്ന് കാണുന്ന പരിസ്ഥിതി സൗഹൃദ അന്തരീക്ഷം വളര്‍ത്തി യെടുക്കുകയായിരുന്നു സത്യന് മാസ്റ്ററും കുട്ടികളും.
1988 ജനുവരിയിലാണ് കല്‍പ്പറ്റക്ക് സമീപം പിണങ്ങോട് ചോലപ്പറത്ത് സി.ബി. സത്യന് രാമനാട്ടുകര ഹൈസ്കൂളില്‍ അദ്ധ്യാപകനായെത്തുന്നത്. മൊട്ടക്കുന്നായിരുന്നു പ്രദേശം. പലസ്ഥലത്തും പാറക്കല്ലുകള്‍ മാത്രം. മണ്ണ് കുഴിച്ച് അധികം ആഴത്തില്‍ എത്തും മുന്നെ പാറ കാണും. വേനല്‍ക്കാലത്തിന്റെ വരവറിയും മുന്നെതന്നെ കിണറുകള്‍ വറ്റും. അത്തരത്തിലുള്ള കുന്നിന് പുറത്ത് പച്ചപ്പ് പുതപ്പിക്കാന്‍ കഠിനാദ്ധ്വാനം തന്നെ വേണ്ടിവന്നു.
നാട്ടില്‍ നിന്ന് കൊണ്ടുവന്ന താന്നിമരതൈകള് നട്ടാണ് മാറ്റത്തിന് തുടക്കമിട്ടത്. വെട്ടുകല്ല് നിറഞ്ഞ സ്കൂള്‍ പറമ്പില്‍ കുഴിയെടുക്കാനും വൃക്ഷത്തൈ നടാനും കുട്ടികള്‍ അദ്ധ്യാപകനൊപ്പം കൂടി. പിന്തുണയുമായി സഹഅദ്ധ്യാപകരും ജീവനക്കാരും സ്കൂള്‍ അധികൃതരും. കുട്ടികള്‍ മാറി മാറി വന്നെങ്കിലും സത്യന് മാസ്റ്ററുടെ പാഠഭാഗങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. നെല്ലി, മാവ്, വേപ്പ്, താന്നി, ചന്ദനം, പാരിജാതം, കാറ്റാടി, മഹാഗണി, തേക്ക്, വ്യത്യസ്തങ്ങളായ മുളകള്‍, ഇലഞ്ഞി, ഞാവല്‍, മെയ് ഫ്ളവര്‍, കൊന്ന, മഞ്ചാടി, വേങ്ങ, കൂവളം, സപ്പോട്ട, അത്തി, ഏഴിലംപാല, അലര്‍ജി ഉണ്ടാക്കാത്ത അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ സ്കൂള്‍ മുറ്റത്തും പരിസരത്തുമായി നട്ടുവളര്‍ത്തി.
ഇന്നിപ്പോള്‍ ഇവയെല്ലാം കൂടി കൊച്ചു കാടായിരിക്കുന്നു. പ്രവേശനവര്‍ഷം മുതല്‍ തന്നെ നാച്ച്വര്‍ ആര്‍ട്സ് ക്ലബ് തുടങ്ങി വൃക്ഷത്തൈനടല്‍, പ്ലാസ്റ്റിക് രഹിത സ്കൂള്‍ എന്നീ ലക്ഷ്യങ്ങളിലേക്ക് സ്കൂളിനെ നയിക്കുകയായിരുന്നു സത്യന്. 1989 ല്‍ പ്രകൃതിസംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന വിധത്തില്‍ ഡ്രോയിംഗ് ബുക്ക് തയ്യാറാക്കി ഉപയോഗിക്കാന്‍ തുടങ്ങി. 1993 ല്‍ കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത സ്കൂള്‍ എന്ന നിലയിലേക്ക് സ്കൂളിനെ മാറ്റി. വിവിധ വര്‍ഷ ങ്ങളിലായി ചോലനേച്ചര് ക്ലബ്ബ്, ഫോറസ്ടി ക്ലബ്ബ്, എക്കോ ക്ലബ്ബ്, ഹരിത സേന, ഒയിസ്ക്ക ലൗ ഗ്രീന്‍ ക്ലബ്ബ് തുടങ്ങിയവ സ്കൂളില്‍ ആരംഭിച്ചതും സത്യന് മാസ്റ്ററാണ്.
വൃക്ഷത്തൈ നടല്‍ മാത്രമല്ല അതിന്റെ പരിപാലനവും നിര്‍ബന്ധമാണെന്ന് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. ചില സമയങ്ങളില്‍ പഠനവും കളിയുമെല്ലാം വൃക്ഷതണലുകള്ക്ക് കീഴിലായി. ഓരോ മരങ്ങളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ പേരും ശാസ്ത്രീയ നാമവും ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബോര്‍ഡുകളും സ്ഥാപിച്ചു. ഓരോ വര്‍ഷവും കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് വൃക്ഷത്തൈകളും വിതരണം ചെയ്തു.
ഇക്കാലത്തിനിടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1997 ല്‍ ഒയിസ്ക സൗത്ത് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് നേടിയ അദ്ദേഹത്തെ 2019ല്‍ സംസ്ഥാന സര്‍ക്കാര്‍ വനമിത്ര പുരസ്കാരം നല്കി ആദരിച്ചു. 2005 ല്‍ കേന്ദ്ര വനം മന്ത്രാലയത്തിന്റെ കീഴില്‍ പരിസ്ഥിതി സേനയുടെ കോ-ഓര്‍ഡിനേറ്ററായി ജില്ലാ കലക്ടറുടെ കീഴില്‍ രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. കല്‍പ്പറ്റയില്‍ സ്വകാര്യഭൂമിയില്‍ ഏറ്റവും കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ചതിന് വനം വകുപ്പ് രണ്ട് തവണകളായി അദ്ദേഹത്തെ ആദരിച്ചു.
വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍, രാമനാട്ടുകര പ്രകൃതി സംരക്ഷണ സമിതി എന്നിവയില്‍ അംഗമായ അദ്ദേഹം മികച്ച വാസ്തുശില്പിയുമാണ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ധാരാളം പുസ്തകങ്ങളും പുരാതനവസ്തുക്കളും സമ്പാദ്യമായുള്ള അദ്ദേഹത്തിന് ഒരു മ്യൂസിയം ആരംഭിക്കാനും ആഗ്രഹ മുണ്ട്. സ്കൂളില്‍ നിന്ന് വിരമിച്ചാലും പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്നു നല്കാന് അദ്ദേഹം എന്നും മുന്നിലുണ്ടാകുമെന്ന് ഉറപ്പാണ്. രാമനാട്ടുകര ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹയര്‍ സെക്കണ്ടറി അദ്ധ്യാപികയായ ദീപയാണ് ഭാര്യ. മകന് വിഷ്ണു ബിരുദവിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: