ന്യൂദല്‍ഹി: കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കയുടെ കസ്റ്റഡിയിലുള്ള വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ പാപ്പരായ ഇന്ത്യന്‍ പൗരനായി കാണണമെന്നും ഉടനെ ഇന്ത്യയിലേക്ക് നാടുകടത്താനും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.
മെഹുല്‍ ചോക്സിയെ കൈമാറാന്‍ ആവശ്യപ്പെട്ട് ട്രിനിഡാഡ് ആന്റ് ടൊബാഗോ മുതല്‍ ഡൊമിനിക്ക വരെ ചുമതലയുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ജൂണ്‍ 3ന് ഡൊമിനിക്കയിലേക്ക് അയക്കുമെന്നും ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ വലിയ കുറ്റങ്ങളാണ് മെഹുല്‍ ചോക്സി ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ആന്റിഗ്വയില്‍ നിന്നും അനധികൃതമായി ഡൊമിനിക്കയില്‍ എത്തിയ മെഹുല്‍ ചോക്സിയെ ഡൊമിനിക്ക അറസ്റ്റ് ചെയ്തത്.
13500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത ചോക്സി ബിസിനസ്സില്‍ പ്രതിസന്ധി വര്‍ധിച്ചതോടെ ഇന്ത്യ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ മെഹുല്‍ ചോക്സിയെ പിടികൂടാന്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ മെഹുല്‍ ചോക്സിയെ അടിയന്തരമായി വിട്ടുനല്‍കാനും കേന്ദ്രസര്‍ക്കാര്‍ ഡൊമിനിക്കയോട് ആവശ്യപ്പെട്ടു. ആന്റിഗ്വയിലെ പൗരത്വമെടുത്തതിന്റെ പേരില്‍ മെഹുല്‍ ചോക്സിക്ക് ഇന്ത്യന്‍ പൗരത്വം നിഷേധിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
നേരത്തെ ഡൊമിനിക്ക കോടതി മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടഞ്ഞിരുന്നു. വീണ്ടും ഈ കേസില്‍ ജൂണ്‍ രണ്ടിന് അവിടുത്തെ കോടതി വാദം കേള്‍ക്കും. ഈ വാദത്തില്‍ പങ്കെടുക്കാന്‍ മെഹുല്‍ ചോക്സിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുമായി കേന്ദ്രം ഒരു വിമാനം ഡൊമിനിക്കയിലേക്ക് അയച്ചു.
നേരത്തെ ആന്റിഗ്വയിലെ പ്രധാനമന്ത്രി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രസ്താവിച്ചിരുന്നു. മെഹുല്‍ ചോക്സിയുടെ ആന്റിഗ്വയിലെ പൗരത്വം റദ്ദാക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് മെയ് 23ന് മെഹുല്‍ ചോക്സി ആന്റിഗ്വയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് മെഹുല്‍ ചോക്സിയെ പിടിക്കാന്‍ ആന്റിഗ്വയിലെ പൊലീസ് ശ്രമം നടത്തിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: