മനുഷ്യരാശി ഭീതിയിലൂടെ കടന്ന് പോകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. കൊവിഡ് മനുഷ്യകുലത്തെ സ്തംഭിപ്പിച്ചിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യം ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവും സാംസ്കാരികവും ചേര്‍ന്നതാണ്. ഓരേന്നിനും അതിന്റേതായ സ്വാധീനമുണ്ട്. എല്ലാം തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നു. പക്ഷെ ആ രീതിയിലുളള ഒരു സമഗ്രസമീപനമല്ല ഇന്ന് പൊതുവേ ചികിത്സാ രംഗത്തുളളത്. ഇന്ന് നമ്മെ ബാധിച്ചിരിക്കുന്ന വൈറസ് മനുഷ്യന്റെ മനസിനേയും സമൂഹത്തേയും തളര്‍ത്തുന്നു. മാനസികോര്‍ജ്ജം നല്കി അവനെ തളര്‍ന്നുപോകാതെ രക്ഷിക്കാനാണ് മഹര്‍ഷിമാരുടെ ഉപദേശസാരത്തെ ശിവഗിരിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ ശിവഗിരി ടിവിയിലൂടെ ജനഹൃദയങ്ങളിലെത്തിക്കുന്നത്.
മനുഷ്യന്റെ സ്വധര്‍മ്മം എന്തെന്ന് ഭൗതികതയുടെ അതിപ്രസരത്താല്‍ നാം മറന്ന് പോയിരിക്കുന്നു. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്യുന്നത് അതിന്റെ താളം തെറ്റിച്ചിരിക്കുന്നു. അടുത്ത തലമുറയ്ക്ക് പ്രകൃതിയുടെ പ്രാധാന്യം എന്തെന്ന് പറഞ്ഞുകൊടുക്കാന്‍ നാം തയ്യാറാകണം. ശ്രീനാരായണ ഗുരുദേവന് മനുഷ്യജീവിതത്തിന് നാല് പ്രധാനപ്പെട്ട ഘട്ടങ്ങള്‍ ഉണ്ടെന്നും ഓരോഘട്ടത്തിലും അവരവരുടെ ധര്‍മ്മം ശരിയായി അനുഷ്ഠിക്കണമെന്നും പറഞ്ഞു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണവ. പഠിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ബ്രഹ്മചര്യം. അതായത് ഒരു കുഞ്ഞിന്റെ സംസ്കാരം പാകപ്പെടുത്തേണ്ട സമയമാണ് ഇത്. മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വ്യക്തമായ ദിശാബോധം ഉണ്ടായിരിക്കുകയും അത് കുട്ടികളിലേയ്ക്ക് പകര്‍ന്ന് കൊടുക്കുകയും വേണം. ധാര്‍മ്മികമായ മൂല്യങ്ങള്‍ ഈ പ്രായത്തില്‍ കുട്ടികളിലേയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതുണ്ട്. പ്രകൃതിസംരക്ഷണവും ധാര്‍മ്മിക മൂല്യങ്ങളും അടിത്തറയാക്കി മറ്റ് ഭൗതികവിദ്യാഭ്യാസം കൊടുക്കുമ്പോള്‍ കുട്ടികളുടെ മനോനില വികലമാകില്ല. പക്ഷെ സത്യസന്ധമായ മുന്‍വിധികളില്ലാത്ത ജാതി – മത – വര്‍ഗ്ഗ – വര്‍ണ്ണ – കക്ഷി രാഷ്ട്രീയ ചുവയില്ലാത്ത ഒരു സംസ്കാരത്തിലൂന്നിയ വിദ്യാഭ്യാസം എന്ത് കൊണ്ട് നമുക്ക് കൊടുക്കുവാന്‍ സാധിക്കുന്നില്ല എന്ന് ആലോചിക്കേണ്ടതാണ്.
ഗാര്‍ഹസ്ഥ്യം – ഗൃഹസ്ഥാശ്രമം- മറ്റ് മൂന്ന് ആശ്രമത്തിന്റേയും നട്ടെല്ലാണ്. ഈ ലോകം നിലനില്‍ക്കുന്നത് ഗൃഹസ്ഥാശ്രമത്തിലാണ്. ഒരു കുഞ്ഞ് എപ്പോള്‍ എന്തിന് വേണ്ടി ജനിക്കണം എന്ന് തീരുമാനിക്കേണ്ടത് ഈ ഗൃഹാസ്ഥാശ്രമത്തിലാണ്. പക്ഷെ ക്ഷണിക്കപ്പെടാത്ത അതിഥികളേപ്പോലെയാണ് ഇന്ന് കുഞ്ഞുങ്ങളുടെ ജനനം. ഈ ദോഷം പരിഹരിക്കണമെന്ന് ഗുരു പറയുന്നു. യഥാര്‍ത്ഥത്തില്‍ ഒരു കുഞ്ഞിന്റെ സംസ്കാരം രൂപപ്പെടുന്നത് ഗര്‍ഭാവസ്ഥയിലാണ്. ആ സമയത്ത് ഗര്‍ഭിണിയുടെ മാനസികാവസ്ഥ എപ്രകാരമായിരിക്കണമെന്ന് ഗുരുക്കന്മാര് എഴുതിവച്ചിട്ടുണ്ട്. ഗര്‍ഭിണിയോട് ഭര്‍ത്താവും മാതപിതാക്കളും ബന്ധുക്കളും വളരെ സന്തോഷത്തോടേയും സ്നേഹത്തോടേയും കാരുണ്യത്തോടേയും അനുകമ്പയോടേയും മാത്രമേ ഇടപെഴുകാവൂ എന്നും ഒരു കാരണവശാലും അവരോട് ദേഷ്യപ്പെടരുതെന്നും ചീത്തവാക്കുകള്‍ അവരുടെ മുന്പില് വച്ച് പറയരുതെന്നും അവര്‍ സ്വയം മോശപ്പെട്ട ഒന്നും തന്നെ കാണരുതെന്നും മനസിന് സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കരുതെന്നും നിഷ്കര്‍ഷിക്കുന്നു.
എന്നാല്‍ ഇന്ന് മൊബൈല്‍ഫോണ്‍, ടിവി എന്നിവയുടെ ഉപയോഗം ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ സംസ്കാരം വളര്‍ത്തുന്ന രീതിയിലല്ല. ജപമോ ധ്യാനമോ സംഗീതമോ കീര്‍ത്തനങ്ങളോ സദ്ഗ്രന്ഥങ്ങളുടെ പാരായണമോ വേദാന്ത വിചാരമോ പിന്തുടരേണ്ടതുണ്ട്. ബുദ്ധിമാനും സദ്ഗുണ സമ്പന്നനും സാത്വിക സ്വഭാവമുളളവനും ധര്‍മ്മിഷ്ഠനും ദയയും കാരുണ്യമുളളവനും ആയിരിക്കണം തന്റെ കുഞ്ഞെന്ന് അമ്മയുടെ മനസിലും ഹൃദയത്തിലും ഓരോ ശ്വാസത്തിലും ഉണ്ടായിരക്കണം. അത്തരം കുഞ്ഞുങ്ങള്‍ ലോകനന്മ ചെയ്യുന്നവരായിരിക്കും. കുഞ്ഞിന്റെ ചോറൂണ്, വിദ്യാരംഭം മുതലായകാര്യങ്ങളിലൊക്കെ ശ്രദ്ധ വേണമെന്ന് ഗുരു ഉപദേശിക്കുന്നുണ്ട്. പഞ്ചശുദ്ധിയും പഞ്ചമഹായജ്ഞവും ഇതില്‍ പരമ പ്രധാനമാണ്.
മൂന്നാമത്തെ ഘട്ടമാണ് വാനപ്രസ്ഥാശ്രമം. ഗൃഹസ്ഥാശ്രമത്തിലെ ഉത്തരവാദിത്വമെല്ലാം പൂര്‍ത്തിയാക്കിയതിനുശേഷം തുടര്‍ന്നുള്ള കാര്യങ്ങള്‍ മക്കളെ ഏല്പിച്ച് ഭാര്യയും ഭര്‍ത്താവും ഈശ്വരീയമായ കാര്യങ്ങളിലേക്ക് മുഴുകുന്നു. എന്നാല്‍ ഇതിനുളള മനസ് ഇന്നുളളവര്‍ക്ക് ഇല്ലാ തായിരിക്കുന്നു. ഇവര്‍ മക്കളുടെ എല്ലാകാര്യങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും ഇടപെടുന്നു. അവസാനം അവര്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നു. ഇത് നാം നേരിടുന്ന മറ്റൊരു ദുരന്തമാണ്. ഇതിനെ തലമുറകള്‍ തമ്മിലുളള അകലമെന്ന് പറഞ്ഞ് ഒഴിയാനാവില്ല. പരസ്പരം മനസിലാക്കാന്‍ പറ്റാത്തതിന്റെ പ്രശ്നമാണിത്. അതിനും മഹര്ഷിമാര്ക്ക് പരിഹാരമുണ്ട്.
നാലാമത്തേതാണ് സന്ന്യാസം. ഭൗതികകാര്യങ്ങളുടെ നിരര്‍ത്ഥകത മനസിലാക്കി ശിഷ്ട കാലം ജീവിക്കുക. മടിയന്‍ മാരായി ജീവിക്കുകയോ ജീവിതത്തില്‍ നിന്നുളള ഒളിച്ചോട്ടമോ അല്ല മറിച്ച് യഥാര്‍ത്ഥ ജീവിതത്തെ നേരിടുക എന്നതാണത്. 2020 ല്‍ കൊറോണ മൂലം ജനങ്ങള്‍ മാനസിക സമ്മര്ദത്തില്പ്പെട്ടപ്പോള് ശിവഗിരിമഠത്തിന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീനാരായണ ഗുരുദേവന് സനാതന ഋഷിപാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് മാനവരാശിയുടെ ഉന്നമനത്തിന് വേണ്ടി നല്കിയ അടിസ്ഥാന തത്വങ്ങള്‍, ജനങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ ഈ ദര്‍ശന സപര്യ തുടങ്ങിയത്. മെയ് 28ന് അത് 365 ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. വിശക്കുന്നവന്റെ മുന്പില് വേദാന്തം പറഞ്ഞാല്‍ അവന്റെ വിശപ്പ് മാറില്ല. അവന് ഭക്ഷണമാണ് വേണ്ടത്. വേണ്ടത് വേണ്ടസമയത്ത് മനുഷ്യന് എത്തിച്ച് കൊടുക്കുക അതാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. ഗുരുവിന്റെ ദര്‍ശനത്തിലൂന്നി നിന്ന് മാനവരാശിയ്ക്ക് ഭൗതികമായും മാനസികമായും ഉളള ഒരു കൈത്താങ്ങ് നല്‍കുകയാണ് ശിവഗിരിമഠം. ശ്രുതിയും സ്മൃതിയും കൂടിചേരുമ്പോഴാണ് ദര്‍ശന സപര്യ പൂര്‍ണ്ണമാകുന്നത്. ശ്രീനാരായണ ഗുരുദേവന്റെ പൂര്‍ണ്ണതയും ഇവിടെ നമുക്ക് കാണാന്‍ സാധിക്കും. കാലം ഇത്രയായെങ്കിലും ഗുരുവിനെ പൂര്‍ണ്ണമായും ഉള്‍ക്കൊളളാന്‍ സമൂഹത്തിന്, രാഷ്ട്രത്തിന് സാധിക്കാതെ പോയതും ഗുരുവിന്റെ ശ്രുതി സ്മൃതികള്‍ ശരിയായി പഠിക്കാത്തത് കൊണ്ടാണ്.
സനാതന ധര്‍മ്മത്തിന്റെ ആധാര ശിലയായി കരുതിപ്പോരുന്നത് ബ്രഹ്മസൂത്രം, ഉപനിഷത്തുകള്‍, ഭഗവത്ഗീത എന്ന പ്രസ്ഥാനത്രയത്തെയാണ്. ഇതില്‍ ഋഷിമാരുടെ ജ്ഞാനത്തിന്റെ തെളിച്ചം നമുക്ക് നസ്സിലാക്കാം. ഇതിന്റെ അന്തസത്ത ബ്രഹ്മ സത്യം ജഗത് മിഥ്യ എന്നതാണ്. ഗുരുവിന്റെ കൃതികളില്‍ ഈ സത്യത്തെ കൂടുതല്‍ ലളിതമായി മലയാളത്തിലും സംസ്കൃതത്തിലും പ്രതിപാദിച്ചിരിക്കുന്നു. ഉപനിഷത്ത് നേതി നേതി എന്ന് ആത്മാന്വേഷണത്തിന്റെ ഭാഗമായി വിചാരം ചെയ്യുമ്പോള്‍ ഏറ്റവും ലളിതമായി ‘ഒന്നൊന്നായി എണ്ണിയെണ്ണി’ എന്ന് ഗുരു ഭാഷാന്തരം ചെയ്യുന്നു. ബ്രഹ്മവിദ്യ ഗ്രഹിക്കുന്നതിന് സാധനാ ചതുഷ്ഠയ സമ്പന്നനായിരിക്കണം അന്വേഷി എന്ന് പൂര്‍വ്വികരായ ഋഷി പറയുമ്പോള്‍ ആധുനികനായ ശ്രീനാരായണ ഋഷി ബ്രഹ്മ വിദ്യാപഞ്ചകത്തില് സംശയത്തിനിടവരുത്താത്ത രീതിയില്‍
നിത്യാനിത്യ വിവേകതോഹി നിതരാം നിര്വ്വേദമാപദ്യ സദ് –
വിദ്വാനത്ര ശമാദിഷട് കലഷിത സ്വാന്മുക്തി കാമോ ഭുവി,
പശ്ചാത്ത്ബ്രഹ്മവിദുത്തമംപ്രണതി സേവാദൈ്യ: പ്രസന്നം ഗുരും
പ്രഛേത് കോഹമിദം കുതോ ജഗദിതി സ്വാമിന്! വദത്വം പ്രഭോ !
എന്ന് പറയുന്നു. ഈ രീതിയില്‍ യോഗ്യത നേടി ഗുരുവിന് സേവ ചെയ്ത് പ്രസന്നനാക്കി ശരിയായ ചോദ്യം ശരിയായി സമയത്ത് ചോദിക്കണം എന്ന് പറയുന്നു. ബ്രഹ്മസത്യം എന്ന് പറയുന്നതിനെ ഗുരുവളരെ ലളിതമായി പറയുന്നതിപ്രകാരമാണ്. ‘നീ സത്യം ജ്ഞാനമാനന്ദം’ എന്നും ‘ചുറ്റും കതിരിടുവോന്‍’എന്നും ഇതിനെ ‘ചിന്തിച്ച് ചിന്തിച്ച് ചിത്തായി തന്നെ’ വര്‍ത്തിക്കണം അഥവാ അപ്രകാരം തിരിച്ചറിവ് ഉണ്ടാകണം എന്നാണ്.
കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ നാല് വേദങ്ങളുടേയും സാരമായ നാല് മഹാവാക്യങ്ങളായ തത്വമസി, അഹം ബ്രഹ്മാസ്മി, അയം ആത്മാബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ എന്നിവയെ കോര്‍ത്തിണക്കി ബ്രഹ്മ വിദ്യാ പഞ്ചകത്തില്‍ ഗുരു ഇപ്രകാരം പറയുന്നു.
പ്രജ്ഞാനാം ത്വഹമസ്മി തത്ത്വമസി തദ് ബ്രഹ്മായ
മാത്മേതിസം –
ഗായന് വിപ്ര ചര പ്രശാന്തമനസാ ത്വം ബ്രഹ്മബോധോദയാത്
പ്രാരാബ്ധം ക്വനു സഞ്ചിതം തവകിമാഗാമി ക്വകര്മ്മാപ്യസത്.
ത്വയ്യധ്യസ്തമതോƒഖിലംത്വമസി സച്ചിന്മാത്രമേകം വിഭു:
ഗുരുവിന്റെ ഏത് ദാര്‍ശനിക കൃതികള്‍ എടുത്തു നോക്കിയാലും ഉപനിഷദ് പ്രതിപാദിതമായ ബ്രഹ്മസത്യത്തെക്കുറിച്ചും ജഗത് മിഥ്യയെ ക്കുറിച്ചുംപല തലത്തില്‍ പല കോണുകളിലൂടേയും ജിജ്ഞാസുവിനെ മനസ്സിലാക്കിക്കുവാന്‍ ശ്രമിക്കുന്നത് കാണാം.
ഗുരു ഈ മിഥ്യയെക്കുറിച്ച് പച്ചമലയാളത്തില്‍ പറഞ്ഞിരിക്കുന്നത് ‘കണ്ണുകൊണ്ടു കാണുന്നതൊന്നും നിത്യമല്ല’ എന്നാണ് . ആധുനിക സയന്‍സും പറയുന്നത് ഈ കണ്ണുകൊണ്ട് കാണുന്ന ജഡമായ വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ജഡമല്ല, മറിച്ച് എനര്‍ജിയാണെന്നാണ്.
മനുഷ്യന്റേയും ലോകത്തിന്റേയും സമഗ്രമായ വികാസത്തിന് ശാസ്ത്രീയമായ മാനം നല്കിയ ശ്രീനാരായണ ഗുരുദേവ ദര്‍ശന സപര്യ ഈ കൊറോണക്കാലത്ത് ശിവഗിരി മഠം അവതരിപ്പിച്ചത്, സംന്യാസിമാരായ വിശുദ്ധാനന്ദസ്വാമികള്‍,ശിവസ്വരൂപാനന്ദ സ്വാമികള്‍, അവ്യയാനന്ദ സ്വാമികള്‍, ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍, സാന്ദ്രാനന്ദ സ്വാമികള്‍, മങ്ങാട് ബാലചന്ദ്രന്, പ്രൊഫ. അജയന് പനയറ തുടങ്ങിയ പ്രഗത്ഭരാണ്. ശിവഗിരി മഠത്തിന്റെ യൂട്യൂബ് ചാനലായ ശിവഗിരി ടി.വി.യിലെ ഈ ദര്‍ശന സപര്യയില്‍ പങ്കാളികളായി മനസ്സും ശരീരവും കൂടുതല്‍ ബലമുള്ളതാക്കാം.
സ്വാമി സാന്ദ്രാനന്ദ
(ജനറല്‍ സെക്രട്ടറി, ശിവഗിരി മഠം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: