മണ്ട്രോത്തുരുത്ത്: വെള്ളത്താല്‍ ചുറ്റപ്പെട്ട് സ്വതവേ വീര്‍പ്പുമുട്ടുന്ന പട്ടംത്തുരുത്ത് വെസ്റ്റിലെ പൂപ്പാണിയിലെ ഏഴുവീട്ടുകാര്‍ മൂന്നാല് ദിവസമായി പട്ടിണിയിലായിരുന്നു. വീടിനുള്ളിലേക്ക് വരെ മഴവെള്ളം കയറി. ജലനിരപ്പാകട്ടെ മുറ്റത്തുപോലും നാലടിവരെ.
എങ്ങോട്ടെങ്കിലും മാറിതാമസിക്കാന്‍ പോകാമെന്ന് വച്ചാലോ നടപ്പാലവും തടിപ്പാലവുമെല്ലാം മഴയില്‍ ഒലിച്ചുപോയിരിക്കുന്നു. ജങ്കാര്‍ സര്‍വീസുമില്ല, ബസ് സര്‍വീസുമില്ല. ആകെ ധര്മസങ്കടത്തിലായിരുന്ന ഏഴുവീട്ടുകാര്ക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വള്ളത്തിലെത്തിച്ച് നല്‍കിയത് ബിജെപി പ്രവര്‍ത്തകരാണ്.
മെമ്പര്‍ ആറ്റുപുറത്ത് സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഇത്. പൂപ്പാണിയിലെ ആനന്ദനും ശിവദാസനും ജയപാലനും പുരുഷനും രവിയും പുഷ്പരാജനും വളരെ സന്തോഷപൂര്‍വമാണ് തങ്ങളുടെ കുടുംബത്തിനായെത്തിച്ച ആ സഹായം ഏറ്റുവാങ്ങിയത്.
ഇന്നലെ വീണ്ടും ആറുവീട്ടുകാര്ക്കു കൂടി ബിജെപി പ്രവര്‍ത്തകരായ അജീഷ്, ശ്യാംമോഹന്, സുബിന്ദ്, രാജേഷ് എന്നിവര്‍ വള്ളത്തില്‍ ഭക്ഷ്യധാന്യങ്ങളെത്തിച്ചു. മഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഇവിടെ ഇതുവരെയും റവന്യൂ അധികാരികള്‍ എത്തിയിട്ടില്ല. വേലിയേറ്റം തുരുത്തില് സ്വാഭാവികമാണെന്ന നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി വച്ചുപുലര്‍ത്തുന്നതെന്നാണ് തുരുത്തിലെ ജനങ്ങളുടെ ആവലാതി. മത്സ്യബന്ധനവും നിര്‍മാണമേഖലയിലെ ജോലികളുമായി ഉപജീവനം കഴിക്കുന്ന സാധാരണക്കാരാണ് തുരുത്തിലെ ജനങ്ങളിലേറെയും. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന തങ്ങളുടെ വേദനകള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: