മതത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തെ വിഭജിച്ച് ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ടു രാജ്യങ്ങള്‍ രൂപീകരിച്ചത് ചരിത്രത്തിന്റെ ഭാഗം. അന്ന് ഉപഭൂഖണ്ഡത്തില്‍ മുസ്ലീം ഭൂരിപക്ഷം ഉണ്ടായിരുന്ന പ്രദേശങ്ങളെല്ലാം പാകിസ്ഥാന് രാജ്യത്തിന്റെ ഭാഗമായി മുസ്ലീംലീഗ് അവതരിപ്പിച്ച രൂപരേഖയില്‍ അടയാളപ്പെടുത്തിയിരുന്നു. അതിന് പ്രകാരം ഇന്നത്തെ മലപ്പുറം ഉള്‍പ്പെടുന്ന മലബാറിലെ പ്രദേശങ്ങളും പാകിസ്ഥാനില്‍ ഉള്‍പ്പെടണമെന്ന നിലയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് പഞ്ചാബിലും, കിഴക്ക് ബംഗാളിലുമായി അടയാളപ്പെടുത്തപ്പെട്ട ഭൂവിഭാഗങ്ങളോട് നേരിട്ട് അതിര്‍ത്തി പങ്കിടാത്ത ഒരു പ്രദേശവും പാകിസ്ഥാനിലേക്ക് ചേര്‍ക്കാന്‍ കഴിയില്ല എന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഉറച്ച നിലപാടാണ് ഇന്ത്യയ്ക്കുള്ളില്‍ ചിതറിക്കിടക്കുന്ന നിരവധി പാകിസ്ഥാന് എന്‍ക്ലേവുകള്‍ ഉണ്ടാകുവാനുള്ള അവസരം ഇല്ലാതാക്കിയത്. മുസ്ലീംലീഗിന്റെ ഒറിജിനല്‍ പദ്ധതി അനുസരിച്ച് കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ ഇന്നത്തെ ഹൈദരാബാദും മലപ്പുറവും മറ്റു പല പ്രദേശങ്ങളും പാകിസ്ഥാന്റെ ഭാഗമായി മാറുമായിരുന്നു.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നെങ്കിലും ലീഗിന്റെ പാകിസ്ഥാന് പ്ലാനില്‍ പെടാതെ പോയ ഒന്നായിരുന്നു ലക്ഷദ്വീപ്. മെയിന്‍ലാന്റില്‍ നിന്ന് അകന്ന് കിടന്നിരുന്നതു കൊണ്ടുണ്ടായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കുറവ് ആയിരുന്നിരിക്കാം അതിനു കാരണം. പരിമിതമായ വിഭവങ്ങളോടെ കടലിനോടും പ്രകൃതിയോടും മല്ലടിച്ചുള്ള ജീവിതവും, വാര്‍ത്താ വിനിമയ സൗകര്യങ്ങളുടെ അഭാവവും ദ്വീപ് നിവാസികളെ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ കോളിളക്കങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നിരിക്കാം. എന്നാല്‍ ആധുനിക കാലത്ത് ഏറ്റവും തന്ത്രപ്രധാനമായ ഒരു കേന്ദ്രമാവുമായിരുന്ന ലക്ഷദ്വീപിനെ കൈക്കലാക്കാന്‍ വിഭജനത്തിന് തൊട്ടു പിന്നാലെ പാകിസ്ഥാന് ഒരു ശ്രമം നടത്തിയിരുന്നു എന്നകാര്യം ഇപ്പോള്‍ അധികമാര്‍ക്കും അറിയില്ല. അന്ന് ആ പദ്ധതി വിജയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ആദ്യ ഇന്ത്യാ പാകിസ്ഥാന് യുദ്ധം തന്നെ ഈ ദ്വീപ സമൂഹത്തെ ചൊല്ലി ആകുമായിരുന്നു. അതൊഴിവാക്കി ലക്ഷദ്വീപ് പാകിസ്ഥാന്റെ കൈയ്യില്‍ പെടുന്നതില്‍ നിന്ന് തടഞ്ഞത് സര്‍ദാര്‍ പട്ടേലായിരുന്നു. സമാനമായി കശ്മീരില്‍ പാകിസ്ഥാന് നടത്തിയ കൈയ്യേറ്റം വിജയിച്ചതിനെ തുടര്‍ന്നാണ് ആദ്യ ഇന്ത്യാ പാകിസ്ഥാന് യുദ്ധം നടന്നത് എന്നോര്‍ക്കണം.
ഇന്ത്യാ വിഭജനത്തിന് തൊട്ടു പിന്നാലെ, പാകിസ്ഥാന് തെക്ക് 1726 കിലോമീറ്റര്‍ ദൂരത്തായി അറബിക്കടലില്‍ കിടക്കുന്ന ഈ മുസ്ലീം ഭൂരിപക്ഷ പ്രദേശം പാകിസ്ഥാനില്‍ ചേരേണ്ടതാണെന്ന് അന്നത്തെ പാകിസ്ഥാന് പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന് ബോധോദയം ഉണ്ടായി. ദ്വീപ് പിടിച്ചെടുക്കാനായി ഉടനടി ഒരു യുദ്ധക്കപ്പലിനെ അദ്ദേഹം നിയോഗിച്ചു. ആ സമയത്തു തന്നെ ലക്ഷദ്വീപിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക ആഭ്യന്തരമന്ത്രി കൂടിയായിരുന്ന പട്ടേലിന്റെ മനസ്സിലും ഉദിച്ചിരുന്നു. അത് തികച്ചും യാദൃശ്ചികമായിരുന്നോ അതോ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നോ എന്ന് ഇന്നും വ്യക്തമല്ല. പാകിസ്ഥാന് പടക്കപ്പല്‍ ദ്വീപില്‍ എത്തുന്നതിന് മുമ്പ് അവിടെ ഇന്ത്യയുടെ അധികാരം ഉറപ്പിക്കാന്‍ വഴിയാലോചിച്ച പട്ടേല്‍ ചെയ്തത് മുദലിയാര്‍ സഹോദരങ്ങള്‍ക്ക് അടിയന്തിര സന്ദേശം അയയ്ക്കുകയിരുന്നു. എത്രയും വേഗം തിരുവിതാംകൂറിന്റെ കളക്ടറെ വിവരം അറിയിക്കാനും കിട്ടാവുന്ന ആയുധങ്ങളോടു കൂടി പോലീസ് സേനയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉടനടി ദ്വീപില്‍ എത്തി ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുമായിരുന്നു പട്ടേലിന്റെ നിര്‍ദ്ദേശം. വേണ്ടത്ര വെടിക്കോപ്പുകള്‍ ഇല്ലെങ്കില്‍ ലാത്തി ധരിച്ചിട്ടായാലും അവിടെയെത്തണമെന്നും എത്രയും പെട്ടെന്ന് ഭാരത സര്‍ക്കാരിന്റെ അധികാരം വിളംബരം ചെയ്യണമെന്നും ആ സന്ദേശം വ്യക്തമാക്കി. അതനുസരിച്ച് തിരുവിതാംകൂറില്‍ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥര്‍ പോലീസുകാരുടെ അകമ്പടിയോടെ ദ്വീപിലെത്തി പതാകയുയര്‍ത്തി. അതിനു ശേഷമാണ് പാകിസ്ഥാന് പടക്കപ്പല്‍ അവിടെയെത്തിയത്. ഉയര്‍ന്നു പറക്കുന്ന ത്രിവര്‍ണ്ണ പതാക കണ്ട് പാകിസ്ഥാന് കപ്പല്‍ തങ്ങളുടെ ദൗത്യത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.
1887 ല്‍ ആര്‍ക്കോട്ടില്‍ ജനിച്ച ഇരട്ട സഹോദരങ്ങളായിരുന്നു രാമസ്വാമി മുദലിയാരും, ലക്ഷ്മണസ്വാമി മുദലിയാരും. രണ്ടുപേരും വിദ്യാഭ്യാസ വിചക്ഷണന്മാരും കഴിവുറ്റ പാര്‍ലമെന്റേറിയന്മാരുമായി ശോഭിച്ചു. ഏറ്റവും കൂടുതല്‍ കാലം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയി സേവനമനുഷ്ടിച്ചതിന്റെ റെക്കോഡ് (27 വര്‍ഷം) ലക്ഷ്മണസ്വാമി മുദലിയാരുടെ പേരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: