കൊച്ചി : ഒഎന്‍വി കള്‍ചറല്‍ പുരസ്കാരം വൈരമുത്തുവിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പ്രസ്താവനയ്ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. സ്വഭാവഗുണം നോക്കി കൊടുക്കേണ്ടതല്ല അവാര്‍ഡെങ്കില്‍, മനുഷ്യത്വം നോക്കാമല്ലോ, അതോ അതും വേണ്ടെ എന്നാണോയെന്നും പാര്‍വ്വതി തിരുവോത്ത് വിമര്‍ശിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതിയുടെ ഈ പ്രതികരണം.
സ്വഭാവ ഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്കാരം. എഴുത്തിന്റെ മികവാണ് പരിഗണിച്ചത്. സ്വഭാവഗുണത്തിന് പുരസ്കാരം വേറെ നല്‍കണമെന്നായിരുന്നു ഒഎന്‍വി കള്‍ച്ചറല്‍ സൊസൈറ്റി ചെയര്മാന് കൂടിയായ അടൂര്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചത്.
വൈരമുത്തുവിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ മീ ടൂ അരോപണം ഉന്നയിച്ച ഗായിക ചിന്മയി രംഗത്ത് എത്തുകയും നിരവധി പ്രമുഖരും തീരുമാനത്തില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്കാരത്തിന് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്തും നേരത്തെ രംഗത്തെത്തിയിരുന്നു. ഒഎന്‍വി നമ്മുടെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ലൈംഗീക ആക്രമണ പരാതി നേരിടുന്നയാള്‍ക്ക് നല്‍കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പാര്‍വതി മുമ്പ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: