മലപ്പുറം: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതികളില്‍ അനുപാതം റദ്ദ് ചെയ്ത്‌കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ മുസ്ലീംലീഗ് നേതാവും പൊന്നാനി എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍. കോടതി വിധിയോട് യോജിക്കാന്‍ കഴിയില്ല. പദ്ധതി നൂറു ശതമാനം മുസ്ലിം വിഭാഗത്തിനുള്ളതാണ്. ഇരുപത് ശതമാനം പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനും കൂടി കൊടുക്കുന്ന വകുപ്പ് എഴുതി ചേര്‍ക്കുകയാണ് ഉണ്ടായതെന്നും ബഷീര്‍ പറഞ്ഞു.
എണ്‍പത് ശതമാനം മുസ്ലിങ്ങള്‍ എടുക്കുന്നു എന്നുപറയുന്നത് ദുരോരോപണമാണെന്ന് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം നൂറ് ശതമാനം മുസ്ലിങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്ന ഈ പദ്ധതി യാതൊരു കാര്യവുമില്ലാതെ ചില ആളുകള്‍ എതിര്‍ത്തു വരികയായിരുന്നുവെന്നും സഭകളെ പരോക്ഷമായി എടുത്ത് പറഞ്ഞ് ബഷീര്‍ വിമര്‍ശിച്ചു. പ്രശനങ്ങള്‍ പഠിച്ച് അതിനുവേണ്ട പരിഹാര നടപടികള്‍ മറ്റൊരു പദ്ധതി ക്രിസ്ത്യന്‍ സമൂഹത്തിനായി ആവഷ്‌കരിക്കണമെന്നും ബഷീര്‍ പറഞ്ഞു.
പദ്ധതിയുടെ ഉല്പത്തി എങ്ങനെയാണ്, അത് ആരെ ഉദ്ദേശിച്ചാണ് എന്നൊക്കെ വിശദമായി പഠന വിധേയമാക്കാതെയാണ് വിധി വന്നിട്ടുള്ളത്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കി 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി നല്‍കിയുള്ള വിവിധ സര്‍ക്കാര്‍ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ന്യൂനപക്ഷ സമുദായങ്ങളെ ഇത്തരത്തില്‍ വേര്‍തിരിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നും ഏതെങ്കിലും ഒരു മത വിഭാഗത്തിനു മാത്രമായി പ്രത്യേക ആനൂകൂല്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.മൂന്നു സര്‍ക്കാര്‍ ഉത്തരവുകളാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: