പോര്‍ട്ടോ: യുറോപ്പിലെ വമ്പന്‍ കിരീടത്തിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് പ്രമുഖ ക്ലബ്ബുകള്‍ ഇന്ന് ഏറ്റുമുട്ടും. മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ രാത്രി 12.30 ന് ആരംഭിക്കും. ഇത് മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്നത്. മൂന്നാം തവണ ഫൈനലിലെത്തിയ ചെല്‍സി രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് പോരിനിറങ്ങുന്നത്. 2011- 12 സീസണില്‍ ചെല്‍സി ഈ കിരീടം ശിരസിലേറ്റിയിരുന്നു.
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത് ആദ്യ ഫൈനലാണ്. ഈ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ടീമാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് കിരീടവും ലീഗ് കപ്പും അവര്‍ പോക്കറ്റിലാക്കിക്കഴിഞ്ഞു. ഈ സീസണില്‍ മൊത്തം കളിച്ച അറുപത് മത്സരങ്ങളില്‍ ഏഴെണ്ണത്തിലേ അവര്‍ തോല്‍വി അറിഞ്ഞുള്ളൂ. തുടര്‍ച്ചയായി 21 മത്സരങ്ങള്‍ നേടി റെക്കോഡിട്ടു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. പതിനൊന്ന് മത്സരങ്ങളില്‍ വിജയിച്ചു. ഒരു മത്സരം സമനിലുമായി.
പോര്‍ച്ചുഗീസ് പ്രതിരോധതാരം റൂബന്‍ ഡിയാസിന്റെ മികവാണ് പലമത്സരങ്ങളിലും സിറ്റിയുടെ വിജയത്തിന് കാരണമായത്. ഈ വര്‍ഷത്തെ സിറ്റിയുടെ ഏഴു തോല്‍വികളും ചെല്‍സിക്കെതിരെയായിരുന്നു. ജര്‍മന്‍ പരിശീലകന് തോമസ് ടുച്ചലിന്റെ ശിക്ഷണത്തിലാണ് ചെല്‍സി രണ്ട് തവണയും മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്.
സീസണിനിടയ്ക്ക് വച്ചാണ് തോമസ് ടുച്ചല്‍ ചെല്‍സിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. ഫ്രാങ്ക് ലംപാര്‍ഡിന് പകരം ചെല്‍സിയുടെ പരിശീലകനായ തോമസ് ടുച്ചല്‍ പുതിയ തന്ത്രങ്ങളിലൂടെ ക്ലബ്ബിനെ പുനരുജ്ജീവിപ്പിച്ചു. എന്നാല്‍ സീസണിന്റെ അവസാനത്തില്‍ അവര്‍ നിറം മങ്ങി. എഫ്എ കപ്പിന്റെ ഫൈനലില്‍ കീഴടങ്ങി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന മത്സരങ്ങിലും മികവ് കാട്ടാനായില്ല. അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത നേടാനും കഴിഞ്ഞില്ല.
അതിവേഗം ആക്രമണം നടത്തുന്ന ക്രിസ്റ്റിയന്‍ പുലിസിച്ചും ടിമോ വെര്‍ണറുമാണ് ചെല്‍സിയുടെ കരുത്ത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധം തകര്‍ത്തു മുന്നേറാന്‍ കഴിയുന്ന ഇവരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ചെല്‍സിയുടെ വിജയം. എന്നാല്‍ താരനിബിഡമായ ചെല്‍സിയുടെ മുന്നേറ്റനിര ആദ്യം ഗോള്‍ അടിച്ചാല്‍ ചെല്‍സിയുടെ കാര്യം കഷ്ടമാകും. കാരണം, ആറു മത്സരങ്ങളില്‍ ആദ്യം ഗോള്‍ വഴങ്ങിയ ശേഷം ഒരു മത്സരത്തിലേ ചെല്‍സി വിജയത്തിലേക്ക് പൊരുതിക്കയറിയിട്ടുള്ളൂ. അഞ്ചു മത്സരത്തിലും തോല്‍വി അറിഞ്ഞു. ജയിച്ചതാകട്ടെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും.
അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി ആദ്യം ഗോള്‍ അടിച്ച 45 മത്സരങ്ങളില്‍ നാല്‍പ്പത്തിയൊന്നിലും വിജയം നേടി. തോമസ് ടുച്ചലിന്റെ ശിക്ഷണത്തില്‍ ചെല്‍സി ഇത് വരെ 19 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ പതിനേഴിലും വിജയം നേടി. ഒരെണ്ണം തോറ്റു. മറ്റൊരെണ്ണം സമനിലയായി. കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളില്‍ ചെല്‍സി രണ്ട് തവണ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത് അവരുടെ വിജയപ്രതീക്ഷ ഉയര്‍ത്തുന്നു. എഫ്എ കപ്പിന്റെ സെമിഫൈനലിലും എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ലീഗ് മത്സരത്തിലുമാണ് ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റയെ തകര്‍ത്തത്. നേരത്തെ തുര്‍ക്കിയില്‍ നടന്നാനിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ആ രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനാലാണ് പോര്‍ട്ടോയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: