ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്വാളിന്റെയും മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്തിന്റെയും ടോക്കിയോ ഒളിമ്പിക്സ് സ്വപ്നം തകര്‍ന്നു. ഒളിമ്പിക്സിനായി ഇനി യോഗ്യതാ മത്സരങ്ങള്‍ നടത്തില്ലെന്ന് രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന് വ്യക്തമാക്കിയതോടെ ഇരുവരും ടോക്കിയോ ഒളിമ്പിക്സില്‍ നിന്ന് പുറത്തായി.
ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള അവസാന മത്സരമായ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് റദ്ദാക്കിയയോടെ സൈനയുടെയും ശ്രീകാന്തിന്റെയും പ്രതീക്ഷ തകര്‍ന്നിരുന്നു. എന്നാല്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യതയുമായ ബന്ധപ്പെട്ട് പിന്നീട് പ്രസ്താവന ഇറക്കുമെന്ന രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പ്രഖ്യാപനം ഇരുവര്‍ക്കും ചെറിയ പ്രതീക്ഷ നല്‍കിയിരുന്നു.
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനായി ടൂര്‍ണമെന്റുകള്‍ നടത്തില്ലെന്ന് ഫെഡറേഷന് ഇന്നലെ പ്രഖ്യാപിച്ചതോടെയാണ് സൈനയുടെയും ശ്രീകാന്തിന്റെയും ഒളിമ്പിക്സ് സ്വപ്നം പൊലിഞ്ഞത്.
ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള സമയം ജൂണ്‍ പതിനഞ്ചിന് അവസാനിക്കും. അതിനാല്‍ നിലവിലെ റാങ്കിങ്ങിനെ അടിസ്ഥാനപ്പെടുത്തിയാണ് ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ യോഗ്യത നല്‍കുക. റാങ്കിലെ ആദ്യ പതിനാറ് കളിക്കാര്‍ക്ക് ഒളിമ്പിക്സിന് മത്സരിക്കാന്‍ നേരിട്ട് യോഗ്യത ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: