തിരുവനന്തപുരം: ബെംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനായി ഐക്യകണ്ഠേന പ്രമേയം പാസാക്കിയ കേരളാ നിയമസഭ ചൈനയില്‍ ക്രൂരപീഡനം അനുഭവിക്കുന്ന ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കായും പ്രമേയം പാസാക്കുമോയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മദനിക്ക് പുറമെ പൗരത്വനിയമ ബില്ലിനെതിരെയും, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്ക്കെതിരെയൊമൊക്കെ കേരളാ നിയമസഭ ഐക്യകണ്ഠേന പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ലോകത്തു തന്നെ ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന ഒരു പ്രദേശത്ത്, ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ ”ഉയിഗൂര്‍ വംശജര്‍ ‘നേരിടുന്ന അതിതീവ്ര മുനഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആരും ശബ്ദിക്കാത്തതെന്താണ്? ലോകത്തുതന്നെ പല പ്രധാന രാജ്യങ്ങളും ഷിന്‍ജിയാങ് പ്രവിശ്യയില്‍ നടക്കുന്ന വംശഹത്യകളെയും അതിതീവ്രവാദ മനുഷ്യവാകാശ ലംഘനങ്ങളെപ്പറ്റിയും ഐക്യരാഷ്ട്രസഭയിലടക്കം പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങിയിട്ടുള്ള നിയമസഭകള്‍ എന്തുകൊണ്ടാണ് ഉയിഗൂര്‍ വംശജരെപ്പറ്റിയും പ്രമേയങ്ങള്‍ പാസ്സാക്കാത്തത് എന്ന് അത്ഭുതപ്പെടുത്തുന്നു. ഏറ്റവും ആദ്യമെ ഐക്യകണ്ഠേന പാസ്സാക്കേണ്ട ഒരു പ്രമേയമല്ലെ, ഉയിഗൂര്‍ വംശജരുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൈന നടത്തുന്നതിനെപ്പറ്റിയും, അത് തടയാന്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റിയും ചൈനയ്ക്ക് താക്കീത് നല്‍കേണ്ടത് അത്യാവശ്യമല്ലേയെന്ന് അദേഹം ചോദിച്ചു.
അതേസമയം, ചൈനയിലെ ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അക്രമം തുടരുകയാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് മുസ്ലിംകളുടെ മുഖം നോക്കി മനോവികാരം മനസ്സിലാക്കാനുള്ള പരീക്ഷണങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. സിന്‍ജിയാങ് പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ സജീവമാണെന്ന് ബിബിസി റിപ്പോര്‍ട്ട ചെയ്യുന്നു.
സോഫ്റ്റ്വെയര് എന്‍ജിനീയറെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന പരിമിതികളുള്ള ചൈനയില്‍ നിന്നും ബിബിസി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ മനോവികാരം പരിശോധിക്കപ്പെട്ട അഞ്ചോളം ഉയിഗുര്‍ മുസ്ലിംകളുടെ ചിത്രവും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. താജിക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍ എന്നീ മുസ്ലീം രാജ്യങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ചൈനയിലെ പ്രവശ്യയാണ് സിന്‍ജിയാങ്. ഭാഷാ പരമായും സാമൂഹ്യ പരമായും ഹാന്‍ ചൈനീസ് വംശവുമായി ഒരു ബന്ധവുമില്ലാത്ത ഇവര്‍ക്ക്നേരെ ഹാന്‍ ചൈനീസ് ഭരണകൂടം കടുത്ത പീഡനമാണ് അഴിച്ചുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: