ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തെറ്റായ ഇന്ത്യന്‍ പതാക ഉപയോഗിക്കുക വഴി ദേശീയ പതാകയെ അപമാനിച്ചുവെന്ന പരാതിയുമായി കേന്ദ്രസാംസ്‌കാരിക മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍.
തെളിവായി തെറ്റായ പതാകയുടെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജ്രിവാള്‍ ജനങ്ങളെ ടെലിവിഷനില്‍ അഭിസംബോധന ചെയ്യുന്ന ചിത്രവും ഹാജരാക്കിയിട്ടുണ്ട്. പതാകയിലെ നടുവിലുള്ള വെള്ളനിറത്തിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി അവിടെ പച്ച നിറം ചേര്‍ത്തിരിക്കുകയാണെന്നും അതുവഴി ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുകയായിരുന്നെന്നും കേന്ദ്രമന്ത്രി കത്തില്‍ കെജ്രിവാളിനെ കുറ്റപ്പെടുത്തി. മാത്രമല്ല, വെറും അലങ്കാരം എന്ന നിലയില്‍ ഈ തെറ്റായ പതാകയെ ഉപയോഗിക്കുകയായിരുന്നു ദല്‍ഹിയിലെ മുഖ്യമന്ത്രിയെന്നും പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു.
ടെലിവിഷന്‍ അഭിസംബോധന നടത്തുന്ന കെജ്രിവാളിന് പിറകിലായി തെറ്റായ രീതിയിലുള്ള രണ്ട് ദേശീയപതാകകള്‍ പരസ്പരം ചേര്‍ത്ത് വെച്ചിരിക്കുന്നത് കാണാം. ‘കഴിഞ്ഞ കുറെ ദിവസങ്ങളായി താങ്കളുടെ ടെലിവിഷന്‍ അഭിസംബോധന വീക്ഷിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ സ്വാഭാവികമായും താങ്കളുടെ കസേരയുടെ പിന്നിലുള്ള പതാകയിലേക്കാണ് പോയത്. അതിന്റെ മധ്യഭാഗത്തെ വെളുത്ത നിറത്തിലെ ഒരു ഭാഗം മുറിച്ച് കളഞ്ഞ് അവിടെ പച്ചഭാഗം പിടിപ്പിച്ചിരിക്കുകയാണ്. ഇത് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ 1.3 വിഭാഗപ്രകാരം നിയമലംഘനമാണ്. മാത്രമല്ല, താങ്കള്‍ ഒരു അലങ്കാരം എന്ന നിലയ്‌ക്കാണ് ദേശീയപതാക ഉപയോഗിച്ചുകാണുന്നത്. അത് പതാകയെ അപമാനിക്കലാണ്,’ കേന്ദ്രമന്ത്രി കെജ്രിവാളിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: