ന്യൂദല്‍ഹി: കള്ളരേഖചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസില്‍ പ്രതിയായ വജ്രാഭരണ ബിസിനസുകാരന് മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നത് തടഞ്ഞ് ഡൊമിനികയിലെ കോടതി.
ആന്റിഗ്വയില്‍ നിന്നും നിയമവിരുദ്ധമായി ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കരീബിയയിലെ ദ്വീപരാഷ്ട്രമായ ഡൊമിനിക്കയില്‍ വെച്ച് മെഹുല്‍ ചോക്സി അറസ്റ്റ് ചെയ്യപ്പെടുന്നത്. ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആന്റിഗ്വയിലെ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ ഡൊമിനിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോക്സിയുടെ അഭിഭാഷകര്‍ ഇതിനെ ചോദ്യം ചെയ്തു. ഇന്ത്യയിലെ പൗരനല്ലാത്ത ഒരാളെ ഇന്ത്യയിലേക്ക് അയക്കരുതെന്ന വാദമായിരുന്നു അഭിഭാഷകര്‍ ഉയര്‍ത്തിയത്. 2018 മുതല്‍ ആന്റിഗ്വയിലായിരുന്നു മെഹുല്‍ ചോക്സിയുടെ താമസം.
കോടതി മെയ് 29വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വീണ്ടും വാദം കേള്‍ക്കും. ആദ്യം അഭിഭാഷകരെ കാണാന്‍ അനുവാദം നല്കിയില്ലെങ്കിലും പിന്നീട് മെഹുല്‍ ചോക്സിയുടെ അഭിഭാഷകര്‍ ഡൊമിനിക്ക കോടതിയില്‍ ഹേബിയസ് കോര്‍പസ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഒരു പ്രതിയ്ക്ക് ഭരണഘടന അനുശാസിക്കുന്ന നിയമസഹായം അനുവദിക്കണമെന്നും പരാതിയില്‍ ഉന്നയിച്ചതായി ചോക്സിയുടെ അഭിഭാഷകന് വിജയ് അഗര്‍വാള്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ശരീരത്തില്‍ പീഢനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി ചോക്സിയുടെ അഭിഭാഷകസംഘത്തിലെ മറ്റൊരു അഭിഭാഷകനായ വെയ്ന്‍ മാര്‍ഷ് പറഞ്ഞു.
‘ശക്തമായ അടിയേറ്റ് അദ്ദേഹത്തിന്റെ കണ്ണുകള്‍ വീര്‍ത്തിരുന്നു. ശരീരത്തില്‍ പൊള്ളിയ പാടുകളുണ്ട്. ആന്റിഗ്വയിലെ ജോളി തുറമുഖത്ത് തന്നെ തടഞ്ഞുവെച്ച് ഡൊമിനിക്കയിലേക്ക് കൊണ്ട് വരികയായിരുന്നു എന്നും ചോക്സി പറഞ്ഞു,’ വെയ്ന്‍ മാര്‍ഷ് വിശദീകരിച്ചു.
എന്നാല്‍ നയതന്ത്ര ചാനലുകള്‍ ഉപയോഗിച്ച് പാപ്പരായ വജ്രാഭരണ ബിസിനസുകാരനായ ചോക്സിയെ ഇന്ത്യയിലെത്തിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ ചമച്ച് 13,500 കോടി രൂപ തട്ടിച്ച കേസില്‍ മരുമകന് നീരവ് മോദിയോടൊപ്പം കൂട്ടുപ്രതിയാണ് ചോക്സി. ഇന്ത്യയിലേക്ക് കൈമാറ്റപ്പെടുന്നത് സംബന്ധിച്ച വിധിയും കാത്ത് ലണ്ടനില്‍ ജയിലില്‍ കഴിയുകയാണ് നീരവ് മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: