തിരുവനന്തപുരം : തഴേത്തട്ടിലുള്ളവരുട ഉന്നമനം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ തുടരും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഗതി മാറ്റും. കോവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. ഒന്നാം കോവിഡ് തരംഗം നേരിടാന്‍ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങള്‍ക്ക് കൈത്താങ്ങായി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. വാക്സിന് കൂടുതല്‍ ശേഖരിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കാന്‍ നടപടി തുടങ്ങി. വാക്സിന് ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കോവിഡ് ചികിത്സ തുടരുന്നു. കോവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ ആയതു നേട്ടമാണ്.
കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുന്നത് നിര്‍ണ്ണായക പങ്കാണ്. 6.6 ശതമാനം സാമ്പത്തിക വളര്‍ച്ച ആണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം. കോവിഡ് ഒന്നാം തരംഗത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കി. നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്കി. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്കി. പെന്ഷന് ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു. കോവിഡ് പ്രതിരോധ വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് ഉള്‍പ്പെടെ മുന്നോട്ട് വന്നു. ആശുപത്രികളില്‍ ഐസിയു ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജന്‍ വിതരണവും വര്‍ധിപ്പിച്ചെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്.
നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയ ഗവര്‍ണരെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എം.ബി. രാജേഷും ചേര്‍ന്ന് സ്വീകരിച്ചു. പിണറായി സര്‍ക്കാരിന്റെ അധികാരതുടര്‍ച്ച അസാധാരണ ജനവിധി ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മെയ് 31, ജൂണ്‍ 1, 2 തിയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും 3ന് സര്‍ക്കാര്‍ കാര്യവും നടക്കും.
നാലിന് പുതുക്കിയ സംസ്ഥാന ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. 7, 8, 9 തിയതികളില്‍ ബജറ്റിനെ കുറിച്ച് പൊതു ചര്‍ച്ച നടക്കും. 10 നാണ് വോട്ട് ഓണ്‍ അക്കൗണ്ട്. 11ന് സര്‍ക്കാര്‍ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും നടക്കും. 14ന് ധനവിനിയോഗ രണ്ടാംനമ്പര്‍ ബില്‍ പരിഗണിച്ച് സഭ അനിശ്ചിത കാലത്തേക്ക് പിരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: