കവരത്തി: ലക്ഷദ്വീപ് കളക്ടര്‍ എസ്. അസ്കര്‍ അലിക്കെതിരെ വധഭീഷണി മുഴക്കുകയും കോലം കത്തിക്കുകയും ചെയ്ത 12 മതതീവ്രാദികള്‍ അറസ്റ്റില്‍. ലക്ഷദ്വീപിലെ ഹില്ത്തന് ദ്വീപിലാണ് സംഭവം ഉണ്ടായത്. അമ്പതില്‍ അധികം ആളുകള്‍ സംഘടിച്ചെത്തിയാണ് കളക്ടര്‍ക്കെതിരെ വധഭീഷണി മുഴക്കിയത്. ദ്വീപിലെ നിയമം അനുസരിക്കാത്ത കളക്ടറുടെ കാലുവെട്ടുമെന്ന് ആക്രോശം മുഴക്കിയ സംഘമാണ് കളക്ടറുടെ കോലം കത്തിച്ചത്.
കേരളത്തില്‍ പത്രസമ്മേളനം കഴിഞ്ഞ് കളക്ടര്‍ തിരിച്ചെത്തും മുമ്പായിരുന്നു സംഭവം. മതതീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് ഇതിനു നേതൃത്വം നല്‍കിയതെന്ന് കവരത്തി പോലീസ് വ്യക്തമാക്കി. വധഭീഷണി മുഴക്കിയ 12 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവം നടന്ന ഉടന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. എസ്. അസ്കര്‍ അലിയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്നും അദേഹം പോലീസിനോട് ഉത്തരവിട്ടു. മതതീവ്രവാദികളില്‍ നിന്ന് ഭീഷണി ഉള്ളതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കളക്ടറുടെ സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലക്ഷദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയെന്ന് പുതിയ പരിഷ്കാര നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കളക്ടര്‍ എസ്. അസ്കര്‍ അലി. ടൂറിസം രംഗത്ത് വളര്‍ച്ച കൈവരിക്കുന്നതിനും മികച്ച മുന്നേറ്റം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്നും കളക്ടര്‍ അറിയിച്ചു.
ലക്ഷദ്വീപിലെ കാര്യങ്ങള്‍ നിലവില്‍ സമാധാന പരമാണ്. ആശങ്കയോ പ്രശ്നങ്ങളോ ഇല്ല. സ്ഥാപിത താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നുണ പ്രചാരണം നടക്കുകയാണ്. ദ്വീപില്‍ നിയമ വിരുദ്ധ ബിസിനസ്സുകള്‍ നടത്തുന്നവരും ഈ നുണ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നടപടി ക്രമങ്ങള്‍കൊണ്ട് ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അന്തര്‍ ദേശീയ ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. ലക്ഷദ്വീപില്‍ സമ്പൂര്‍ണ്ണ വൈദ്യുതി പദ്ധതി നടപ്പിലാക്കി വരികയാണ്. തദ്ദേശീയര്‍ക്ക് കൂടി തൊഴിലവസരം കിട്ടുന്ന തരത്തില്‍ കവരത്തി കേന്ദ്രീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: