ന്യൂദല്‍ഹി:വാക്സിന് വിതരണത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം അഭിപ്രായഭിന്നതകള്‍ ഉപേക്ഷിക്കണമെന്ന് നീതി ആയോഗ് അംഗവും വാക്സിന് കാര്യാന്വേഷണത്തിനുള്ള ദേശീയ വിദഗ്ധസംഘത്തിന്റെ മേധാവി കൂടിയായ വി.കെ. പോള്‍. കേന്ദ്രം വിദേശക്കമ്പനികളില്‍ നിന്നും വാക്സിനുകള്‍ സംഭരിക്കുന്നതിന് തടസ്സം നിന്നു എന്ന പ്രതിപക്ഷവാദങ്ങളെ അദ്ദേഹം തള്ളി.
“എല്ലാ പ്രധാന വിദേശ വാക്സിന് ഉല്പാദകരുമായി 2020 പകുതി മുതല്‍ കേന്ദ്രം ചര്‍ച്ച നടത്തിവരികയാണ്. ഫൈസര്‍, ജോണ്സണ് ആന്റ് ജോണ്സണ്, മൊഡേണ തുടങ്ങി എല്ലാ ഉല്പാദകരുമായി പല വട്ടം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. അത് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനും വേണ്ടിവന്നാല്‍ ഇന്ത്യയില്‍ ഉല്പാദനം നടത്തുന്നതിനും ഉള്ള സൗകര്യങ്ങള്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ വാക്സിന് അത്ര എളുപ്പം ലഭ്യമാകില്ല. അലമാരയില്‍ അടുക്കിവെച്ച ഒരു ഉല്പന്നം വാങ്ങുന്നതുപോലെയല്ല അന്താരാഷ്ട്ര തലത്തില്‍ വാക്സിന് വാങ്ങുന്നതെന്ന് മനസ്സിലാക്കണം,”- ഡോ.വി.കെ. പോള്‍ പറഞ്ഞു.
വാക്സിന് നല്കുന്ന കാര്യത്തില്‍ പ്രതിപക്ഷം അഭിപ്രായഭിന്നതകള്‍ നീക്കി ഒന്നിക്കണം. വാക്സിന് വിതരണം ജനവരി മുതല്‍ ഏപ്രില്‍ വരെ നല്ല രീതിയില്‍ മുന്നോട്ട് പോയി. കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറി അത് സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഒരു ഉദ്ദേശ്യവുമില്ല. സംസ്ഥാനസര്‍ക്കാരുകളുടെ നിരന്തര ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വാക്സിന് സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കിയത്. ഇപ്പോള്‍ സംസ്ഥാനസര്‍ക്കാരുകള്‍ കേന്ദ്രം ശരിയല്ല എന്ന നിലയില്‍ കുറ്റപ്പെടുത്തുകയാണ്. അതിന് പകരം അവര്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രം വലിയ ഭാരമാണ് താങ്ങുന്നത്. കോവിഡ് വാക്സിന് ഉല്പാദകര്ക്കുള്ള സാമ്പത്തിക സഹായം, തീരുമാനങ്ങള്‍ക്ക് വേഗം കൂട്ടി നിര്‍മ്മാണം വര്‍ധിപ്പിക്കുക, വിദേശ വാക്സിനുകള്‍ എത്തിക്കുക എന്നിങ്ങനെയുള്ള ഉത്തരവാദിത്വങ്ങള്‍ ഇതില്‍പ്പെടുന്നു.
“വാക്സിന് വിതരണത്തിന് ആഗോള തലത്തില്‍ പരിധികളുണ്ടെന്ന കാര്യം പ്രതിപക്ഷം മനസ്സിലാക്കണം. പരിമിതമായ വാക്സിന് ഡോസുകള്‍ വിതരണം ചെയ്യുന്നതില്‍ ഓരോ നിര്‍മ്മാണക്കമ്പനികള്‍ക്കും അവരുടേതായ മുന്‍ഗണനകളും പദ്ധതികളും നിര്‍ബന്ധങ്ങളും ഉണ്ട്. ഈ കമ്പനികള്‍ അവരുടെ മാതൃരാജ്യത്തിനും മുന്‍ഗണന നല്‍കുന്നുണ്ട്. ഇന്ത്യയിലെ വാക്സിന് ഉല്പാദകരും ചെയ്തത് അതാണ്. വാക്സിന് ലഭ്യമാണെന്ന് ഫൈസര്‍ അറിയിച്ച ഉടന്‍ കേന്ദ്രവും ഫൈസറും തമ്മില്‍ അത് ഏറ്റവും വേഗത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച് വരികയാണ്,” ഡോ. വി.കെ. പോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: